കല്യാണം കഴിക്കാത്തത് കൊണ്ട് അതൊരു പുതിയ അനുഭവമാണ്, മുക്തയില്‍ നിന്ന് പലതും പഠിച്ചു, അദിതി രവി പറയുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അദിതി രവി. ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയില്‍ എത്തിയത്. അലമാര എന്ന ചിത്രത്തില്‍ നായികയായി. തുടര്‍ന്ന് കുട്ടനാടന്‍ മാര്‍പ്പാപ്പയിലാണ് നടിയുടേതായി പുറത്തെത്തിയ ചിത്രം. പീസ്. 12ത് മാന്‍, പത്താം വളവ് തുടങ്ങിയ ചിത്രങ്ങളാണ് പുറത്തെത്താനുള്ളത്. ഇപ്പോള്‍ പത്താം വളവ് എന്ന ചിത്രത്തിന്റെ വേശേഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. മുക്തയുടെ മകള്‍ കിയാര ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിയ്ക്കുന്നുണ്ട്. കിയാരയുടെ അമ്മയായിട്ടാണ് അദിതി ചിത്രത്തില്‍ എത്തുന്നത്. ഇതൊരും പുതിയ അനുഭവമായിരുന്നു എന്നാണ് നടി പറയുന്നത്.

അദിതി രവിയുടെ വാക്കുകള്‍ ഇങ്ങനെ, സീത എന്നാണ് കഥാപാത്രത്തിന്റെ പേര്. സുരാജേട്ടന്‍ അവതരിപ്പിയ്ക്കുന്ന സോളമന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ്. വളരെ പക്വതയുള്ളതും സീരിയസ് ആയിട്ടുള്ളതുമായ കഥാപാത്രമാണ് സീത. ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ഡെപ്ത് ഉള്ള കഥാപാത്രമാണ് ഇത്. സീത അമ്മ കൂടെയാണ്. ആദ്യമായിട്ടാണ് ഒരു അമ്മ വേഷം ചെയ്യുന്നത്. അതായിരുന്നു തന്നെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയുള്ള കാര്യം. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല, തീര്‍ച്ചയായും ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരമാണ് അമ്മ എന്നത്. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് ഞാനത് കൈകാര്യം ചെയ്തത്. സുരാജേട്ടനും പത്മേട്ടനും (പത്മകുമാര്‍) വളരെ അധികം സഹായിച്ചു.

മുക്തയുടെ മകളാണ്, സിനിമയില്‍ എന്റെ മകളായി എത്തുന്നത്. കിയാരയ്ക്കൊപ്പം മുക്തയും എന്നും സെറ്റില്‍ വരുമായിരുന്നു. മുക്തയ്ക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ സാധിച്ചു. കിയാരയ്ക്കൊപ്പം മുക്ത എങ്ങിനെയാണ് ഇടപഴകുന്നത് എന്നൊക്കെ നിരീക്ഷിക്കുകയും ചെയ്തു. അതിലൂടെ എന്റെ കഥാപാത്രത്തിനുള്ള പല ടിപ്സുകളും കിട്ടി.

സുരാജേട്ടനൊപ്പം ഇത് എന്റെ രണ്ടാമത്തെ സിനിമയാണ്. ജി സേതുനാഥിന്റെ ലിക്വര്‍ ലാന്റ് എന്ന സിനിമയും ചെയ്തിട്ടുണ്ട്. വൈപിന്‍ സ്വദേശികളുടെ കഥപറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണ്. അതിന് ശേഷണാണ് പത്താം വളവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. അതുകൊണ്ട് സുരാജ് ഏട്ടനൊപ്പം വളരെ അധികം കംഫര്‍ട്ട് ആയിരുന്നു. കൂടെ അഭിനയിക്കുന്നവരെ പോലും വളരെ നാച്വറലായി അഭിനയിപ്പിക്കാന്‍ പ്രേരിപ്പിയ്ക്കും വിധം മികച്ച പ്രകടനമാണ് സുരാജേട്ടന്റേത്.