എല്ലാം വലിച്ചെറിഞ്ഞിട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികളോട് ഒന്ന് ഓർക്കണം ഈ സാഹചര്യം മാറും

കോവിഡ് ഭീതി നീണ്ടുപോകുന്നതിനാൽ പലരും ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോരുകയാണ്. നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് കേട്ട് ഗൾഫിലെ ജോലിയും ബിസിനസുമെല്ലാം വലിച്ചെറിഞ്ഞ് ചാടിപ്പുറപ്പെടാൻ ഒരുങ്ങുന്ന മലയാളികളോട് ചിലത് പറയാനുണ്ടെന്ന് പറയുകയാണ് യുഎഇയിലുള്ള പഴയകാല വോളിബോൾ താരവും സാമൂഹികപ്രവർത്തകനും ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റുമായ കൊല്ലം ചാത്തന്നൂർ സ്വദേശി കെ. രാജശേഖരൻ. നിങ്ങൾ ഈ പ്രലോഭനങ്ങളൊക്കെ കേട്ടു കോൾമയിർ കൊള്ളരുത്. സംഭവം അപകടമാണ്.

കെ രാജശേഖരന്റെ വാക്കുകളിങ്ങനെ..  1. സന്ദർശകവീസയിൽ വന്നിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും ജോലി കിട്ടാത്തവർ, പിന്തുണയ്ക്കാൻ ബന്ധുക്കളാരും ഇല്ലാത്തവർ, നിത്യജീവിതത്തിനു ബുദ്ധിമുട്ടുന്നവർ, അതിലുപരി ആശ നഷ്ടപ്പെട്ടവർ. ഇവരെല്ലാം ഏറ്റവും അടുത്ത അവസരത്തിൽ തന്നെ തിരികെ പോകണം. 2. വിസിറ്റ് വീസയിൽ വന്ന പ്രായമായവർ, ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ (അവർക്കു പ്രത്യേക പരിഗണന ഉണ്ടാവും) ഇവരും പോകാൻ വൈകരുത്. 3. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടവർ, മറ്റൊരു ജോലി കണ്ടുപിടിക്കാൻ ആവില്ല എന്ന് ബോധ്യമുള്ളവർ, കുടുംബം കൂടെയുള്ളവർ, പഠിക്കുന്ന കുട്ടികൾ ഉള്ളവർ, കുറഞ്ഞത് 6 മാസം ജീവിക്കാനാവശ്യമായ കരുതൽ ഇല്ലാത്തവർ. ഇവർക്കെല്ലാം ഒന്നുകിൽ തല്ക്കാലം തിരികെ പോകാം, അല്ലെങ്കിൽ കുടുംബത്തെ നാട്ടിലേയ്ക്കു അയക്കാം. അനുകൂലസാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ തിരികെവരാമെന്നു പ്രതീക്ഷിക്കാം. 4. അധികം പ്രായമില്ലാത്തവർ, എന്നാലും ജോലി നഷ്ടപ്പെട്ടവർ, നല്ല യോഗ്യതയുള്ളവർ, അതിലുപരി പൊരുതാനുള്ള മനഃശ്ശക്തി ഉള്ളവർ. ഇവരൊന്നും തിരികെ പോകാൻ തുനിയരുത്; പിടിച്ചു നിൽക്കണം.

ഇവിടെ ഈ സാഹചര്യമൊക്കെ മാറും, കുറച്ചു കാലതാമസം ഉണ്ടായാലും. യുഎഇ അതിനുള്ള തീവ്ര ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിൽ വിഷമിക്കേണ്ട. അതിന്റെ കരുതലുകൾ വഴിക്കുണ്ട്. ഈ സാഹചര്യമൊക്കെ താൽക്കാലികമാണെന്നു അധികാരികൾക്കറിയാം. അതിനാൽ, പ്രതിസന്ധികളെല്ലാം മാറുമെന്നും, ശുഭപ്രതീക്ഷയുള്ളവർക്കും, വിദ്യാഭാസ യോഗ്യതയും പ്രത്യേകിച്ച്‌ വേണ്ടത്ര മുൻപരിചയവും ഉള്ളവർക്കും ഇനിയും സാഹചര്യങ്ങൾ വരാനിരിക്കുന്നു.

നാട്ടിൽ ചേക്കേറി എന്തെടുക്കാനാണ്? എല്ലാവരും കൂടി വികാരപരവശരായി നാട്ടിലോട്ട് ചേക്കേറി എന്തെടുക്കാനാണ്? ഗവൺമെന്റിന്റെ സുരക്ഷാ നടപടികൾ, ജനങ്ങളോടുള്ള മമത, സ്‌നേഹം, ആതുര സേവനരംഗത്തെ പ്രവർത്തകരുടെ മികവ്, പൊലീസ് ടീമിന്റെ സേവനതത്പരത, ഇതൊക്കെയാണ് ഇന്ന് കേരളത്തിനുള്ള ലോകപ്രശസ്തിക്ക് കാരണം. കൂടാതെ, അപകടം മണത്തറിഞ്ഞു നിർദേശങ്ങളുടെ കൂടെ നിൽക്കാനുള്ള, അനുസരിക്കാനുള്ള മലയാളിയുടെ ചിന്താഗതിയും. ഇതോടൊപ്പം ആവശ്യസാധനകളൊക്കെ യഥേഷ്ടം കിട്ടാനുള്ള സാഹചര്യവും ഉണ്ട് എന്നോർക്കണം.