മഠങ്ങൾക്കുള്ളിൽ മനുഷ്യാവകാശങ്ങൾ നഗ്നമായി ലംഘിക്കപ്പെടുന്നു, ഇത്രയധികം മാനസിക പ്രശ്നങ്ങളനുഭവിച്ചാണോ അവർ ജീവിക്കുന്നത്

കരുനാഗപ്പള്ളി പാവുമ്പയിലെ പയസ് വർക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോൺവെന്റിലെ സി. മേബിൾ ജോസഫിന്റെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പ്രാർത്ഥനയ്ക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ബോറിസ് പോൾ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സിസ്റ്റർ മേബിൾ കന്യാസ്ത്രീ മഠത്തിലെ കിണറിലെ അവസാന ഇരയായിരിക്കുമോയെന്ന് അഡ്വേക്കറ്റ് ചോദിക്കുന്നു. മേൽമൂടിയിട്ട് ഭദ്രമാക്കിയ കിണറിലാണ് ഇന്നലെ സിസ്റ്റർ മേബിൾ മരണം വരിച്ചത്. കൊലപാതകമാണോ എന്നൊക്കെ കണ്ടുപിടിക്കേണ്ടത് പോലീസാണ്. മഠം അധികൃതർ ഇത് ആത്മഹത്യ എന്ന് പറഞ്ഞു കഴിഞ്ഞു. മുമ്പ് ഉണ്ടായ സമാനമായ മരണങ്ങളൊക്കെയും ആത്മഹത്യയായിരുന്നു എന്നാണ് അതാത് മഠക്കാർ പറഞ്ഞിരുന്നതെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ആത്മഹത്യ തുടർക്കഥയാകുമ്പോൾ…സിസ്റ്റർ മേബിൾ കന്യാസ്ത്രീ മഠത്തിലെ കിണറിലെ അവസാന ഇരയായിരിക്കുമോ? തൊട്ടു മുമ്പുണ്ടായ സമാനമായ മരണസമയത്ത് കിണറ്റിൽ ചാടിയുള്ള കന്യാസ്ത്രീകളുടെ മരണം സമൂഹത്തിൽ ചർച്ചാവിഷയമായിരുന്നു. കിണറുകൾ മേൽമൂടിയിട്ട് ഭദ്രമാക്കണമെന്നും കിണറുകൾ ഒഴിവാക്കണമെന്നുമൊക്കെ ആളുകൾ പറയുകയുണ്ടായി. മേൽമൂടിയിട്ട് ഭദ്രമാക്കിയ കിണറിലാണ് ഇന്നലെ സിസ്റ്റർ മേബിൾ മരണം വരിച്ചത്.കൊലപാതകമാണോ എന്നൊക്കെ കണ്ടുപിടിക്കേണ്ടത് പോലീസാണ്. മഠം അധികൃതർ ഇത് ആത്മഹത്യ എന്ന് പറഞ്ഞു കഴിഞ്ഞു. മുമ്പ് ഉണ്ടായ സമാനമായ മരണങ്ങളൊക്കെയും ആത്മഹത്യയായിരുന്നു എന്നാണ് അതാത് മഠക്കാർ പറഞ്ഞിരുന്നത്.

എല്ലാ കേസിലും മരിച്ച കന്യാസ്ത്രീക്ക് മാനസിക പ്രശ്നമുണ്ടായിരുന്നതായി മഠം അധികൃതർ പ്രഖ്യാപിക്കാറുമുണ്ട്. അങ്ങനെയെങ്കിൽ ഇതൊരു ചെറിയ വിഷയമല്ല. കന്യാസ്ത്രീ മഠങ്ങളിലെ അന്തേവാസികൾ ഇത്രയധികം മാനസിക പ്രശ്നങ്ങളനുഭവിച്ചാണോ ജീവിച്ചു വരുന്നതെന്ന് കണ്ടെത്തിയാലേ പറ്റൂ. സിസ്റ്റർ ജസ്മിയും സിസ്റ്റർ ലൂസിയുമൊക്കെ ഈ വസ്തുത സമൂഹത്തോട് വെളിപ്പെടുത്തിയതാണ്. സിസ്റ്റർ ലൂസിക്ക് ഭക്ഷണം നിഷേധിച്ച സംഭവം പരസ്യചർച്ചയായിരുന്നു. ദൈവത്തിൻ്റെയും കാരുണ്യത്തിൻ്റെയും സഹനത്തിൻ്റെയുമൊക്കെ പേരിൽ മഠങ്ങൾക്കുള്ളിൽ മനുഷ്യാവകാശങ്ങൾ നഗ്നമായി ലംഘിക്കപ്പെടുന്നു എന്നാണ് കരുതേണ്ടത്. മതസ്വാതന്ത്ര്യത്തിൻ്റെ ദുരുപയോഗമാണിത്. ഭരണഘടനയിൽ അനുവദിച്ചിരിക്കുന്ന മതസ്വാതന്ത്ര്യത്തിൻ്റെ തണലിൽ മനുഷ്യാവകാശലംഘനങ്ങൾ അനുവദിക്കപ്പെടരുത്. നിരവധി ജീവനുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. അടുത്ത മരണം നമ്മളെ തുറിച്ചു നോക്കുകയാണ്. എപ്പോൾ വേണമെങ്കിലും ആ വാർത്ത കേൾക്കാം.

കന്യാസ്ത്രീ മഠങ്ങൾക്കുള്ളിലെ അന്തേവാസികളുടെ മാനസികാരോഗ്യനില പരിശോധിക്കാൻ സർക്കാർ ഉടനെ സംവിധാനമേർപ്പെടുത്തണം. അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിച്ച് കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കാൻ ഒരു കമ്മീഷനെ അടിയന്തിരമായി നിയമിക്കണം. കന്യാസ്ത്രീ കിണറ്റിൽ വീണ് മരിച്ചു എന്ന് ഒരു വാർത്ത വീണ്ടും ഉണ്ടാകാതിരിക്കട്ടെ.