കൃഷിമന്ത്രിയുടെ ഇസ്രയേൽ സന്ദർശനം; അനുമതി നിഷേധിച്ചതിന് കാരണം സിപിഎം

തിരുവനന്തപുരം. കൃഷിമന്ത്രി പി പ്രസാദിന്റെ ഇസ്രയേൽ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നിഷേധിച്ചതിന് കാരണം സിപിഎം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ. ഇസ്രയേൽ സന്ദർശനം ഇടതു നയങ്ങൾക്ക് വിരുദ്ധമാണെന്ന സിപഎം നേതൃത്വത്തിന്റെ കടുംപിടുത്തത്തിന് മുന്നിൽ സിപിഐ വഴങ്ങി.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സിപിഐ പങ്കെടുത്തതിലുള്ള സിപിഎമ്മിന്റെ അതൃപ്തി കൂടി പ്രസാദിന് വിനയായി എന്നാണ് വിവരം. ഇസ്രയേൽ അവലംബിക്കുന്ന ആധുനിക കൃഷിരീതികളെ കുറിച്ച് പഠിക്കാനാണ് കൃഷിമന്ത്രി പി പ്രസാദും ഉദ്യോഗസ്ഥരും അവിടേക്ക് പോകാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഏകദേശം ധാരണയായിരുന്നു.

എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന സാഹചര്യത്തിൽ മന്ത്രിയും ഉദ്യോഗസ്ഥ സംഘവും വിദേശസന്ദർശം നടത്തേണ്ടതുണ്ടോ എന്ന ചോദ്യവും വിവിധകോണുകളിൽനിന്ന് ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ട ഫയൽ വിളിച്ചുവരുത്തി അനുമതി നിഷേധിച്ചത്. ഇസ്രയേൽ പലസ്തീൻ സംഘർഷം സൃഷ്ടിക്കുന്ന സുരക്ഷാകാരണങ്ങളാൽ സന്ദർശനം വേണ്ടെന്നുവെക്കുന്നു എന്നായിരുന്നു ആ ഘട്ടത്തിൽ പുറത്തുവന്ന വിശദീകരണം.

കഴിഞ്ഞദിവസം ചേർന്ന സിപിഐ എക്‌സിക്യൂട്ടീവിൽ വിഷയത്തിൽ പ്രസാദിനെതിരേ വിമർശനം ഉയർന്നിരുന്നു. വിദേശയാത്ര പോകുമ്പോൾ പാർട്ടിയെ അറിയിക്കേണ്ടതുണ്ട് എന്ന വിധത്തിലായിരുന്നു വിമർശനം. എന്നാൽ ഇപ്പോൾ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിരിക്കുകയാണ്.