ലൂക്കയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് മനസ് തുറന്ന് അഹാന

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയകളിലും സജീവമായ നടി തന്റെ കുടുംബത്തിലെ ഒരോ വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ താന്‍ നായികയായി എത്തിയ ലൂക്ക എന്ന ചിത്രത്തെ കുറിച്ചും ചിത്രീകരണത്തിനിടെ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് നടി. സിനിമയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നടി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് പുറത്തെത്തിയ പാട്ടിനെ തുടര്‍ന്ന് ഉണ്ടായ ചില കമന്റുകളെ കുറിച്ചും അഹാന പറയുന്നുണ്ട്. പാട്ടിനേക്കുറിച്ചുള്ള കമന്റുകളില്‍ നായികയുടെ പ്രകടനത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ ഉയര്‍ന്നപ്പോള്‍ കാര്യമായി എടുത്തിരുന്നില്ല എന്ന് അഹാന പറയുന്നു.

 

‘ലൂക്ക ടീമിലെ ടൊവിനോ അടക്കം ഭൂരിഭാഗം ആളുകളും എന്നോട് പറഞ്ഞത് ഇതൊക്കെ വിട്ടുകള… കാര്യമായി എടുക്കണ്ട എന്നാണ്. അത് എനിക്ക് കൂടുതല്‍ ശക്തിതന്നു. പാട്ടിറങ്ങിയ അന്ന് രാത്രി എന്റെ ടീമിലെ രണ്ടുപേര്‍ എന്നെ വിളിച്ചിട്ട് അവര്‍ പറഞ്ഞുകൂടായിരുന്ന ചില കാര്യങ്ങള്‍ പറഞ്ഞു. കമന്റ് ഒക്കെ കണ്ടില്ലേ അഹാനയ്‌ക്കെതിരെ ചില നെഗറ്റീവ് ഇമേജ് ഉണ്ട് എന്നെല്ലാമാണ് അവര്‍ പറഞ്ഞത്. അങ്ങനെ രണ്ടുപേര്‍ പറഞ്ഞപ്പോള്‍ എനിക്ക് കുറച്ച് വിഷമമായി. കാരണം നമ്മള്‍ എല്ലാവരും ഒരു ടീം ആണ്, അങ്ങനെ നില്‍ക്കുമ്പോള്‍ ഒരാള്‍ക്ക് അവസാന നിമിഷം ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നതല്ലല്ലോ ടീം വര്‍ക്ക് എന്ന് പറയുന്നത്. അതുവരെ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുല്‍ കുറച്ച് വര്‍ച്ച്വല്‍ കമന്റുകളില്‍ ഒതുങ്ങിനില്‍ക്കുന്ന കുറച്ച് പ്രശ്‌നങ്ങളായിരുന്നു. പക്ഷെ എന്റെ ടീമില്‍ തന്നെയുള്ളവര്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ അതെന്നെ ബാധിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ലൂക്ക ഇറങ്ങുന്നതുവരെ ഞാന്‍ വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു. ആളുകള്‍ ഒരു മൂന്ന് മിനിറ്റ് പാട്ടിനേക്കാള്‍ കൂടുതല്‍ ഒരു രണ്ടര മണിക്കൂര്‍ എന്നെ കണ്ടുഴിയുമ്പോള്‍ എന്താണ് അവര്‍ക്ക് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ എനിക്ക് റിലീസ് വരെ കാത്തിരിക്കണമായിരുന്നു…’, അഹാന പറഞ്ഞു.

സിനിമ ഇറങ്ങി നാളുകള്‍ക്ക് ശേഷം ആ പാട്ടിന് താഴെയുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ അതില്‍ തന്റെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകള്‍ക്കാണ് ഏറെ ലൈക്ക് കിട്ടിയിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. സമയം ഒരുപാട് കാര്യങ്ങള്‍ തെളിയിക്കും എന്നാണ് ഇതില്‍ നിന്ന് താന്‍ പഠിച്ച കാര്യമെന്നും അഹാന പറയുന്നു.