തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം: അധ്യക്ഷപദം ഒഴിയാമെന്ന് മുതിര്‍ന്ന നേതാക്കളെ അറിയിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചു. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അഹമ്മദ് പട്ടേല്‍, സോണിയാ ഗാന്ധി തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഇന്ന് മാധ്യമങ്ങളെ കാണാന്‍ നിശ്ചയിച്ചിരുന്ന സമയത്തില്‍ നിന്ന് വളരെ വൈകിയാണ് രാഹുല്‍ മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയത്. കൂടുതല്‍കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കുവാനും രാഹുല്‍ തയാറായതുമില്ല.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയേക്കാള്‍ അമേഠിയിലുണ്ടായ തോല്‍വി രാഹുലിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഇവിടെ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ച സ്മൃതി ഇറാനിയോട് തോറ്റതാണ് അദ്ദേഹത്തെ പ്രയാസത്തിലാക്കുന്നത്. വയനാട്ടിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ ആഹ്ലാദംപോലും ഈ തോല്‍വിയില്‍ ഇല്ലാതാക്കുകയാണ്.