എയര്‍ഹോസ്റ്റസിന്റേത് കൊലപാതകം ; ഒപ്പം താമസിച്ചിരുന്ന മലയാളി ആൺസുഹൃത്ത് കുടുങ്ങും

ബെംഗളൂരു : ബെംഗളൂരുവിൽ എയര്‍ഹോസ്റ്റസ് ആൺസുഹൃത്തിന്റെ ഫ്ളാറ്റിന് മുകളിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. ആണ്‍സുഹൃത്തായ മലയാളി യുവാവ് യുവതിയെ ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍ കാസര്‍കോട് സ്വദേശി ആദേശിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എയര്‍ഹോസ്റ്റസായ ഹിമാചല്‍ സ്വദേശിനി അര്‍ച്ചന ധിമനെ(28) കോറമംഗലയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ശനിയാഴ്ചയാണ്. ഇവിടെ ആൺസുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. യുവതി താഴേക്ക് വീണ വിവരം സുഹൃത്ത് തന്നെയാണ് പോലീസിലും അറിയിച്ചത്. അപകടം പറ്റിയതാണെന്നാണ് ഇയാൾ പോലീസിനോടും പറഞ്ഞത്.

എന്നാല്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കി. ഇതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. മറ്റൊരു യുവതിയുമായി ആദേശിന് അടുപ്പമുണ്ടായിരുന്നതും ഇക്കാര്യത്തില്‍ അര്‍ച്ചന ആദേശിനെ ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

ആദേശിന് മറ്റൊരു പെൺകുട്ടിയുമായി ഭ്യന്ധമുണ്ടെന്ന് മനസിലാക്കിയതിന് പിന്നാലെ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അര്‍ച്ചന ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് യുവതിയുടെ കൊലപാതകത്തിൽ കലാശിച്ചത്. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആദേശും അര്‍ച്ചനയും ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് പരിചയപ്പെടുന്നത്. ആദേശുമായുള്ള അടുപ്പത്തെക്കുറിച്ച് അര്‍ച്ചന വീട്ടുകാരോടും പറഞ്ഞിരുന്നു.