രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആയിഷയുടെ ഹര്‍ജി നാളെ കോടതി പരിഗണിച്ചേക്കും.

ലക്ഷദീപ് സ്വദേശിയായ താന്‍, ദ്വീപില്‍ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങള്‍ക്കെതിരെയാണ് പ്രതികരിച്ചതെന്നും തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണന്നും ഹര്‍ജിയില്‍ പറയുന്നു. രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലന്നും വിദ്വേഷം പരത്തുന്നതോ സംഘര്‍ഷം സൃഷ്ടിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ലന്നും ആയിഷ ഹര്‍ജിയില്‍ ബോധിപ്പിച്ചു.

രാഷ്ട്രീയ ചര്‍ച്ചയില്‍ വസ്തുതാപരമായ വിമര്‍ശനം മാത്രമേ നടത്തിയിട്ടുള്ളുവെന്നും തന്നെ തെറ്റായി കേസില്‍പ്പെടുത്തിയിരിക്കുകയാണന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ദ്വീപില്‍ ജൈവായുധം പ്രയോഗിച്ചുവെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ പറഞ്ഞതായാണ് പരാതിയിലെ ആരോപണം. കവരത്തി പൊലിസാണ് ഐഷയ്ക്കെതിരെ കേസെടുത്തത്.

പൊലീസ് കേസെടുത്തതിനു പിന്നാലെ ഫെയ്സുക്കിലൂടെ പ്രതികരണവുമായി ഐഷ രംഗത്തെത്തിയിരുന്നു. “എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം. പക്ഷെ സത്യമേ ജയിക്കൂ. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ് സ്വദേശിയാണ്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റിക്കൊടുക്കുമ്ബോള്‍ ഞാന്‍ ജനിച്ച മണ്ണിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കും. നാളെ ഒറ്റപ്പെടാന്‍ പോകുന്നത് ദ്വീപിനെ ഒറ്റിക്കൊടുത്ത ഒറ്റുകാര്‍ ആയിരിക്കും,” ഐഷ ഫെയ്സ്ബുക്കില്‍ കുറിച്ചു.