ജനിച്ചത് ചേരിയിൽ, അച്ഛനും സഹോദരന്മാരും നേരത്തെ മരിച്ചു- ഐശ്വര്യ രാജേഷ്

മലയാളികളുടെ പ്രിയതാരമാണ് ഐശ്വര്യ രാജേഷ്. ദേശീയ പുരസ്‌കാരം നേടിയ തമിഴ് ചിത്രം ‘കാക്ക മുട്ടൈ’യിലെ അഭിനയത്തിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്. സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു ഐശ്വര്യ. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു. 2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് ചലച്ചിത്രമായിരുന്നു ആദ്യത്തെ ചലച്ചിത്രം. 2017ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടർന്ന് സഖാവ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു

ഇപ്പോളിതാ തന്റെ ബാല്യകാലത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ചേരിയിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. മൂന്ന് മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് ഏക അനിയത്തിയായിരുന്നു. അച്ഛനും അമ്മയുമടക്കം ഞങ്ങള്‍ ആറ് പേരാണ് ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. എട്ട് വയസുള്ളപ്പോഴായിരുന്നു അച്ഛന്‍ മരിക്കുന്നത്. അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെ അമ്മ ഞങ്ങളെ വളര്‍ത്തി. ഒരു പോരാളിയായിരുന്നു അമ്മ. താനിന്ന് നാല് പേര് അറിയുന്ന വ്യക്തിത്വമായി തീര്‍ന്നതിന് പിന്നില്‍ എന്റെ അമ്മയുടെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ടെന്ന് ഐശ്വര്യ പറഞ്ഞു.

വളരെയധികം കഷ്ടപ്പെട്ടാണ് ഞങ്ങള്‍ നാല് പേരെ വളര്‍ത്തിയത്. ബോംബെയില്‍ പോയി വില കൂടിയതും അല്ലാത്തതുമായ സാരികള്‍ വാങ്ങി ചെന്നൈയില്‍ കൊണ്ട് വന്ന് വില്‍ക്കുമായിരുന്നു. എല്‍ഐസി ഏജന്റായും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും അമ്മ ജോലി ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം തന്നു. എനിക്ക് 12-13 വയസുള്ളപ്പോള്‍ മുതിര്‍ന്ന സഹോദരന്‍ രാഘവേന്ദ്ര മരിച്ചു.

ചേട്ടന്‍ ആത്മഹത്യ ചെയ്തതാണ്. അതിന്നും ആര്‍ക്കുമറിയില്ല. വര്‍ഷങ്ങള്‍ കടന്ന് പോയി. രണ്ടാമത്ത സഹോദരന്‍ ചെന്നൈ എസ്ആര്‍എം കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി. പഠിച്ചിറങ്ങിയ ഉടനെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി. അന്ന് അമ്മ ഒരുപാട് സന്തോഷിച്ചു. എന്നാല്‍ ഒരു വാഹനാപകടത്തില്‍ ചേട്ടനും മരിച്ചു. ചേട്ടന്റെ മരണം അമ്മയെ തളര്‍ത്തി. പ്രതീക്ഷകളെല്ലാം നശിച്ചു. ഞാനും എന്റെ സഹോദരനും അമ്മയും മാത്രമായി. ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്ന് പോയപ്പോള്‍ മകളെന്ന നിലയില്‍ കുടുംബത്തെ സംരക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചു.

കാഡ്ബറീസ് ചോക്ലേറ്റിന്റെ പ്രൊമോഷൻ ജോലിയാണ് ആദ്യം ചെയ്തത്. പിന്നീട് സീരിയലുകളിലൊക്കെ അഭിനയിച്ചു. ഒരു ഉപജീവന മാർ​ഗമായാണ് അഭിനയം ഏറ്റെടുത്തത്.