രാജസ്ഥാനിൽ കോൺ​ഗ്രസിനെ കെട്ടുകെട്ടിച്ച് ബിജെപി, അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വസുന്ധര

ന്യൂഡൽഹി : രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 43 ശതമാനം വോട്ടും ബിജെപി നേടിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചതോടെ നാലിൽ മൂന്നിടത്തും ശക്തമായ ആധിപത്യം സ്ഥാപിച്ച് മുന്നേറുകയാണ് ബിജെപി. വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ എത്തുകയെന്ന ​ഗെഹ്ലോട്ടിന്റെ മോഹവും ഇത്തവണ ആ കസേര തനിക്കെന്നുറപ്പിച്ച പൈലറ്റിന്റെ സ്വപ്നങ്ങൾക്കും തിരിച്ചടിയാണ് രാജസ്ഥാനിൽ ബിജെപി കൈവരിച്ചിരിക്കുന്ന നേട്ടം.

അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ഝൽറാപട്ടൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. കോൺ​ഗ്രസിന് വേണ്ടി രാംലാലും ബിഎസ്പിക്ക് വേണ്ടി മകാസൂദുമായിരുന്നു മണ്ഡലത്തിൽ നിന്നത്. എന്നാൽ 53,193 ഭൂരിപക്ഷത്തിൽ വസുന്ധര രാജെ വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു.

രാജസ്ഥാനിലെ ഝൽവാറിലുള്ള നിയമസഭാ മണ്ഡലമാണ് വസുന്ധര രാജെ പ്രതിനിധീകരിക്കുന്ന ഝൽറാപട്ടൻ. 2003 മുതൽ അവർ ഝൽറാപട്ടനിലെ ജനപ്രതിനിധിയാണ്. രാജസ്ഥാനിൽ ആകെയുള്ള 199 സീറ്റുകളിൽ 114 ഇടത്തും ബിജെപി ലീഡ് ചെയ്യുകയാണ്. ഇതിൽ തന്നെ 23 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വിജയിച്ചു. 70 ഇടത്ത് മാത്രമാണ് ഭരണകക്ഷിയായ കോൺ​ഗ്രസിന് മേൽക്കൈ.