ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കൽ പ്രോസിക്യൂഷന്റെ ഹർജി തള്ളി

ആകാശ് തില്ലങ്കേരിയെ തളയ്ക്കാനു സി പി എം നീക്കത്തിനു തിരിച്ചടി. പാർട്ടിക്കെതിരെ രംഗത്ത് വരികയും വെളിപ്പെടുത്തൽ നടത്തുകയും ചെയ്ത ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയാണ്‌ കോടതി തള്ളിയത്.

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിക്കാണ്‌ തിരിച്ചടി.തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നത്.

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ അടക്കമുള്ള കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് കോടതി ജാമ്യത്തിൽ വിട്ടിരുന്നു.

2018 ഫെബ്രുവരി 12നാണ് സിപിഐഎം പ്രവർത്തകരായ പ്രതികൾ നടത്തിയ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അക്രമിസംഘം ഷുഹൈബിനെ വെട്ടിക്കൊന്നത്.ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ ഷുഹൈബിനെയും കൂട്ടുകാരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ തടഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിക്കും മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്റെ മരണം.