ഭയം തോന്നുന്നുണ്ടോ, എനിക്ക് ഉണ്ട്, മനസ്സിന് ഒരു മരവിപ്പ് ഉണ്ട്, ഡല്‍ഹിയിലെ അവസ്ഥ കേരളത്തിലുമുണ്ടാവാം, അഖിലിന്റെ അനുഭവം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് പ്രാണവായു ആയ ഓക്‌സിജന്റെ കുറവാണ്. ഡല്‍ഹിയിലെയും മറ്റും ആശുപത്രികളില്‍ നിരവധി പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. ആശുപത്രികളില്‍ ബെഡ് കിട്ടാതെ പുറത്ത് നിന്ന് ചികിത്സയ്ക്കായി കരഞ്ഞ് കേഴുന്നവരും കുറവല്ല. എന്നാല്‍ കേരളത്തിലും ഈ സ്ഥിതി എത്താന്‍ അധികം താമസമില്ലെന്നാണ് വിവരം. തനിക്ക് നേരിട്ടുണ്ടായ ഒരു അനുഭവം പങ്കുവെച്ച് അഖില്‍ എം എന്ന യുവാവ് പങ്കുവെച്ച കുറിപ്പാണ് ഈ ഒരു സാഹചര്യത്തെ കുറിച്ച് പറയുന്നത്.

എഖില്‍ എമ്മിന്റെ കുറിപ്പ്, ഡല്‍ഹിയുടെയോ യു.പിയുടെയോ കാര്യമല്ല. ഇന്നലെ ഞങ്ങള്‍ കുറച്ച് പേര്‍ നമ്മുടെ എറണാകുളത്ത് കടന്നുപോയ ഒരു സാഹചര്യത്തെ കുറിച്ച് പറയാം. ഞങ്ങളുടെ ഒരു സുഹൃത്തിന്റെ, കോവിഡ് ബാധിച്ച് വീട്ടില്‍ തന്നെ ചികിത്സയിലായിരുന്ന അമ്മൂമ്മയെ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യം ആയിരുന്നു. ഒരു ഹോസ്പിറ്റല്‍ ബെഡ് ലഭിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ മഞ്ഞുമ്മല്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ബെഡ് കിട്ടി, അഡ്മിറ്റ് ചെയ്തു.

ഉച്ച കഴിഞ്ഞ് അവരെ ഐ.സി.യുവിലേക്കു മാറ്റേണ്ട സാഹചര്യം ഉണ്ടാവുന്നു. അഡ്മിറ്റ് ചെയ്തിരിക്കുന്ന സ്വാകാര്യ ആശുപത്രിയില്‍ icu ബെഡ് ലഭ്യമല്ല, അതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ട് എന്ന സാഹചര്യത്തില്‍ ആണ് ഇത്രയും സൗകര്യങ്ങളുള്ള എറണാകുളത്തെ നിലവിലെ അവസ്ഥ ഞങ്ങള്‍ കാണുന്നത്. ഉച്ച തൊട്ട് സാധ്യമായ എല്ലാ വഴിയിലൂടെയും ഞങ്ങള്‍ കുറച്ചധികം പേര്‍ ഒരു icu ബെഡിന് ശ്രമിക്കുകയായിരുന്നു. ദിശ വഴിയും ഹെല്‍പ്പ്‌ലൈന്‍ വഴിയും ശ്രമിച്ചു. കോവിഡ് icu ഉള്ള എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലും നേരിട്ട് വിളിച്ചു. നമുക്ക് അറിയാവുന്ന ഡോക്ടര്‍മാര്‍, സിസ്റ്റര്‍മാര്‍ മുഖേനെ എല്ലാം ശ്രമിച്ചു. പക്ഷേ icu ബെഡ് മാത്രം കിട്ടിയില്ല!!

മണിക്കൂറുകള്‍ കഴിഞ്ഞു. ആദ്യം 2 ഫോണ്‍ വിളികളുടെ ആവശ്യമേ വരൂ എന്ന ചിന്തയില്‍ ആയിരുന്നെങ്കില്‍ പതുക്കെ അത് അടുത്ത സ്ഥലത്ത് കിട്ടുമെന്ന പ്രതീക്ഷയിലേക്കും പിന്നെ നിരാശയിലേക്കും വഴിമാറി. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചില സുഹൃത്തുക്കള്‍ വഴി അവരുടെ ഏതൊക്കെയോ ഗ്രൂപ്പുകളിലൂടെയുള്ള അന്വേഷണത്തിന് ഒടുവില്‍ എറണാകുളത്ത് icu ബെഡ് നിലവില്‍ ലഭ്യമല്ല, എന്നും തൃശൂരിലേക്ക് മാറ്റാന്‍ സഹായിക്കാം എന്നുമുള്ള മറുപടി ലഭിച്ചു. ഒടുവില്‍ രാത്രി 10 മണിയോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒരു ബെഡ് ലഭ്യമാവുകയും അവിടേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

ഇതിനിടയില്‍ എനിക്ക് മറ്റൊരു കോള്‍ വന്നു. സത്യമായും ആ വിളി ‘ ഈ ഒരു ഹോസ്പിറ്റലില്‍ വിളിച്ച് നോക്കൂ’ എന്ന് പറഞ്ഞാവും എന്നാണ് കരുതിയത്. അത്തരം മെസ്സേജുകള്‍ ആണ് വന്നുകൊണ്ടിരുന്നത്. എന്നാല്‍ കോള്‍ എടുത്തതും എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ നമ്പര്‍ ആണ് എന്നോട് ചോദിച്ചത്. കാര്യം അന്വേഷിച്ചപ്പോള്‍ അവന്റെ ഒരു ബന്ധു പെരുമ്പാവൂരില്‍ ഇതേ അവസ്ഥയില്‍ ആണെന്നും അവിടെ icu ഇല്ലാത്തത് കൊണ്ട് മാറ്റാന്‍ പറയുന്നു എന്നും പറഞ്ഞു. അവര്‍ അവിടെയുള്ള ആശുപത്രികളില്‍ എല്ലാം അതിനോടകം വിളിച്ചിട്ടുണ്ട്. എറണാകുളത്തെ അവസ്ഥ ഞാന്‍ അവനോട് പറഞ്ഞു, കൊലഞ്ചേരിയില്‍ ആണ് ഞങ്ങള്‍ക്ക് ഒരു ബെഡ് കിട്ടിയിട്ടുള്ളത് എന്നും പറഞ്ഞു. എന്നാലും ഫോണ്‍ നമ്പറുകള്‍ ഫോര്‍വേഡ് ചെയ്തു. കോലഞ്ചേരി അവന്‍ വിളിക്കുമ്പോള്‍ അവിടെ കുറച്ച് മുന്‍പ് ഒരു ബെഡ് ഫ്രീ ആയത് അപ്പോള്‍ തന്നെ ബുക്ക് ആയെന്ന മറുപടി ആണത്രേ കിട്ടിയത്(അത് ഞങ്ങള്‍ ആവണം). ഒടുവില്‍ കൂടുതല്‍ കാത്തുനില്‍ക്കാതെ അവര്‍ ആ രോഗിയെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രാത്രി കുറച്ച് വൈകി തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ബെഡ് ലഭ്യമാണെന്ന മെസ്സേജ് ലഭിച്ചിരുന്നു. അപ്പോഴും ഇതാണ് ഇവിടുത്തെ ഗ്രൗണ്ട് റിയാലിറ്റി. എറണാകുളം കേരളത്തിലെ ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്ന സ്ഥലം ആയിരിക്കണം. അത്രയധികം ആശുപത്രികള്‍ ഉള്ള ഇടം. ആ എറണാകുളത്തിന്റെ ഇന്നലത്തെ അവസ്ഥയാണിത്. ഒരുപക്ഷേ ഈ രാജ്യത്തിലെ തന്നെ ഏറ്റവും പ്രിവിലേജ്ഡ് ആയ നഗരങ്ങളില്‍ ഒന്നിന്റെ അവസ്ഥ. നമ്മള്‍ ഇത് അതിജീവിക്കുമായിരിക്കും. കൂടുതല്‍ icu ബെഡ് അടുത്ത ദിവസങ്ങളില്‍ ലഭ്യമാക്കുമായിരിക്കും. കൂടുതല്‍ ആശുപത്രികളിലേക്ക് കോവിഡ് ചികിത്സ വ്യാപിപ്പിക്കുമായിരിക്കും. അപ്പോഴും രോഗികള്‍ ഇങ്ങനെ കുതിച്ചുയര്‍ന്നാല്‍ നമുക്കും കാലിടറാം. ഈ എറണാകുളത്തിന്റെ അത്രയൊന്നും ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാത്ത ഇടങ്ങളും നമ്മുടെ കേരളത്തിലുണ്ട്.

ഭയം തോന്നുന്നുണ്ടോ, എനിക്ക് ഉണ്ട്, ഇന്നലെയും ഇന്നും മനസ്സിന് ഒരു മരവിപ്പ് ഉണ്ട്. അത് നല്ലതാണെന്ന് കരുതുന്നു. ഒരു പനി വന്ന് മാറുന്നത് പോലെ പോകുമെന്നോ, ഇനി അല്പം ഗൗരവമായാല്‍ തന്നെ നമ്മുടെ ആരോഗ്യമേഖല എന്തിനും പര്യാപ്തമാണെന്നോ ഉള്ള അഹങ്കാരം ഒന്ന് മാറ്റിവെക്കാം, എത്ര തന്നെ വികസിച്ച ആരോഗ്യമേഖലയ്ക്കും പരിമിതികള്‍ ഉണ്ടെന്ന പാഠം നാം പഠിക്കേണ്ടതുണ്ട്. കോവിഡിന് നമ്മുടെ പ്രിയപ്പെട്ടവരെ എറിഞ്ഞിട്ടു കൊടുക്കാതെയിരിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കോവിഡിന് എതിരെയുള്ള പോരാട്ടം കേരളത്തിന്റെ അഭിമാനത്തിന്റെ പ്രശ്‌നമോ ശൈലജ ടീച്ചര്‍ക്ക് അവാര്‍ഡ് കിട്ടുന്ന കാര്യമോ അല്ല, നമ്മുടെയൊക്കെ ജീവന്റെ വിഷയമാണ്. എന്റെയും നിങ്ങളുടെയും നമുക്ക് പ്രിയപ്പെട്ടവരുടെയുമെല്ലാം ജീവന് വേണ്ടിയുള്ള പോരാട്ടമാണിത്. അതില്‍ ഒന്നിച്ചുനില്‍ക്കാം, അവിടെ നമുക്ക് ഒഴപ്പാതെയിരിക്കാം, വിട്ടുവീഴ്ചകള്‍ ചെയ്യാതെയിരിക്കാം..നമുക്ക് ഇതും അതിജീവിക്കേണ്ടതുണ്ട്.