ഷാരൂഖിന് പിറകെ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ചുള്ള വീഡിയോ പങ്കു വെച്ച് അക്ഷയ് കുമാർ, ‘ഇന്ത്യയുടെ വളര്‍ച്ചയുടെ ചരിത്രത്തിന്റെ പ്രതീകം’

ന്യൂഡൽഹി . രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ചുള്ള വീഡിയോ ബോളിവുഡ് താരമായ ഷാരൂഖ് ഖാന് പിറകെ അക്ഷയ് കുമാറും പങ്കു വെച്ചു. രണ്ടു വിഡിയോകളും പ്രധാനമന്ത്രി നരേന്ദ്ര മോദി റീട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം നിരവധി സെലിബ്രിറ്റികളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

മെയ് 26 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നത്. വീഡിയോയ്ക്ക് വോയിസ് ഓവറോ പശ്ചാത്തല സംഗീതമോ ഉണ്ടായിരുന്നില്ല. ‘എനിക്കൊരു നിങ്ങളോട് പ്രത്യേക അഭ്യര്‍ത്ഥനയുണ്ട് – നിങ്ങളുടെ സ്വന്തം ശബ്ദത്തില്‍ ഈ വീഡിയോ പങ്കിടുക, അതിലൂടെ നിങ്ങളുടെ ചിന്തകള്‍ അറിയിക്കണം. അവയില്‍ ചില വീഡിയോ ഞാന്‍ വീണ്ടും ട്വീറ്റ് ചെയ്യും’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുമ്പോൾ പറഞ്ഞിരുന്നു.

‘ഇന്ത്യയുടെ വളര്‍ച്ചയുടെ ചരിത്രത്തിന്റെ പ്രതീകമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നാണ്’ നടന്‍ അക്ഷയ് കുമാര്‍ പറഞ്ഞിരിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.’ ഹൃദയവും മനസും അഭിമാനവും പ്രതീക്ഷയും കൊണ്ട് നിറഞ്ഞു. നമ്മുടെ മഹത്തായ രാജ്യത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കട്ടെ’- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു.

‘നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കുള്ള പുതിയ ഭവനം എന്നാണ് പുതിയ പാർലമെന്റ് മന്ദിരത്തെ കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നത്. ‘ നമ്മുടെ പുതിയ പാര്‍ലമെന്റ് മന്ദിരം. ഞങ്ങളുടെ പ്രതീക്ഷയുടെ പുതിയ വീട്. 140 കോടി ഇന്ത്യക്കാര്‍ ഒരു കുടുംബമായി മാറുന്ന നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആളുകള്‍ക്കുള്ള പുതിയ വീട്’- ഷാരൂഖ് പറയുകയുണ്ടായി.