വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് മുട്ടിലിഴ‌ഞ്ഞിറങ്ങിയ പിഞ്ചുകുഞ്ഞ് അയൽവാസിയുടെ കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് മ​രി​ച്ചു

വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് മുട്ടിലിഴ‌ഞ്ഞിറങ്ങിയ പിഞ്ചുകുഞ്ഞിന് കാറിടിച്ച്‌ ദാരുണാന്ത്യം. ആലപ്പുഴ നഗരസഭ സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രാഹുല്‍ ജി.കൃഷ്ണ – കാര്‍ത്തിക ദമ്ബതികളുടെ മകള്‍ 9 മാസം പ്രായമുള്ള ശിവാംഗിയാണ് (പൊടി) മരിച്ചത്.

ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു രാഹുലും കുടുംബവും. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് കുട്ടി പുറത്തേക്ക് മുട്ടിലിഴഞ്ഞ് ഇറങ്ങുകയായിരുന്നു. ​ഇരുട്ടായതിനാല്‍ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടിരുന്നില്ല. ഈ സമയം, വളവ് തിരിഞ്ഞെത്തിയ കാര്‍ കുഞ്ഞിനെ ഇടിച്ച്‌ തെറിപ്പിച്ചു. കുട്ടിയെ കാണാതെ റോഡിലേക്ക് അന്വേഷിച്ചെത്തിയ കാര്‍ത്തിക ഇതു കണ്ടുകൊണ്ടാണ് വന്നത്. സമീപത്തെ വീട്ടുകാരാണ് കാറിലുണ്ടായിരുന്നത്. അപക‌ടമുണ്ടാക്കിയ കാറില്‍ തന്നെ കുഞ്ഞിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ ഓടിച്ചിരുന്ന മുഹമ്മ സ്വദേശി ഷിജുവിനെ അറസ്റ്റ് ചെയ്തതായി നോര്‍ത്ത് പൊലീസ് അറിയിച്ചു. കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.