പ്രേംനസീറിനോട് കോൺഗ്രസ് നീതി കാട്ടിയില്ലെന്ന് ആലപ്പി അഷറഫ്.

പ്രേംനസീറിനോട് കോൺഗ്രസ് നീതി കാട്ടിയില്ലെന്ന് സംവിധായകൻ ആലപ്പി അഷറഫ്. കോൺഗ്രസിന് വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച ഒരു മഹാനായ നടനു വേണ്ടി മറ്റു പാർട്ടിക്കാരാണ് പലതും ചെയ്തതെന്നോർക്കണമെന്നും, കോൺഗ്രസുകാർ ഒന്നും ചെയ്തില്ലെന്ന് ആലപ്പി അഷറഫ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

കാലിടറിയ കലാസാഹിതി മലയാളത്തിൻ്റെ നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ മകൻ ഷാനവാസ് ഈഅടുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു , എൻ്റെ ഡാഡിയുടെ പെട്ടന്നുള്ള മരണകാരണം അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയത് മുലമാണന്ന്. അന്ന് കോൺഗ്രസ്സിൻ്റെ ഇലക്ഷൻ പ്രചരണത്തിനായി ഒരോ സ്ഥാനാർത്ഥിയുടെയും വിജയത്തിനായ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അദ്ദേഹം അക്ഷീണം ഓടി നടന്നു പ്രവർത്തിച്ചു. അത് അദ്ദേഹം ജീവിതത്തിൽ അന്നുവരെ അനുഷ്ടിച്ചിരുന്ന ദിനചര്യകളെല്ലാം തകിടം മറിച്ചു ,’ ഇതേ തുടർന്ന് രോഗബാധിതനായതോടെയാണ് ആ വിലപ്പെട്ട ജീവൻ നമുക്ക് നഷ്ടപ്പെട്ടത്. ഇതായിരുന്നു മകൻ ഷാനുവിൻ്റെ നിഗമനം. അത് നൂറു ശതമാനം സത്യമാണന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കാരണം ഇതേക്കുറിച്ചു നസീർ സാർ എന്നോട് മനസ്സ് തുറന്നിട്ടുണ്ട്, പിന്നീടൊരവസരത്തിൽ ഞാൻ അത് പറയാം.

ചലച്ചിത്ര രംഗത്ത് ലോകറിക്കാർഡുകൾ സ്ഥാപിച്ച ആ പ്രതിഭയോട് കോൺഗ്രസ്സ് പിന്നീട് നീതി കാട്ടിയില്ലന്നതാണ് യാഥാർത്ഥ്യം.ആ മാഹാനായ നടൻ്റെ വിയോഗശേഷം കേരളത്തിൽ സർക്കാറുകൾ പലതും മാറിമാറി വന്നു .ഇവരിലാരാണ് അദ്ദേഹത്തിൻ്റെ ഓർമ്മകൾ നിലനിർത്താനായ് എന്തെങ്കിലും ചെയ്തെതെന്ന് നമുക്ക് പരിശോധിച്ച് നോക്കാം. സത്യം പറയട്ടെ – കോൺഗ്രസ്സുകാർ ഒന്നും ചെയ്തില്ല.ഒന്നാം പിണറായ് സർക്കാർ നസീർസാർ പഠിച്ച ചിറയൻകീഴിലെ സ്കുളിൽ സ്മാരകം പണിയാൻ രണ്ടു കോടി അനുവദിച്ചത് അന്ന് വല്യ വാർത്തയായിരുന്നുവല്ലോ.
തിരുവനന്തപുരത്തെ വെള്ളയമ്പലത്ത് നിത്യഹരിത നായകൻ്റെ പ്രതിമ സ്ഥാപിക്കാനായ് BJP യുടെ രാജ്യസഭാംഗം സുരേഷ് ഗോപി ഇതിനോടകം എത്തിച്ചത് 16 ലക്ഷം രൂപയാണ്.

പ്രതിമ സ്ഥാപിക്കാൻ സർക്കാൻ സ്ഥലമനുവദിക്കുമെന്ന ഉറപ്പിലാണ്, കോഴിക്കോട്ടെ ശില്പി ജീവൻ തോമസിന് സുരേഷ് ഗോപി ഇതിനോടകം ഈ തുക കൈമാറിയെന്നത് പലർക്കും പുതിയ അറിവായിരിക്കും. മുൻ സാംസ്ക്കാരിക വകുപ്പ് മന്ത്രി AK ബാലൻ്റെ പിൻന്തുണയോടെയാണ് പ്രേംനസീർ ഫൗണ്ടേഷന് രൂപം നല്കിയത്. നിർമ്മാതാവും BJP ക്കാരനുമായ സുരേഷ് കുമാറിൻ്റെ പ്രയത്നഫലമായാണ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പ്രേംനസീറിൻ്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചത്.ഗ്രന്ഥത്തിൻ്റെ പ്രകാശനം എർണാകുളത്ത് പ്രൗഢഗംഭീരമായ സദസ്സിൽ നിർവ്വഹിച്ചത്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചായിരുന്നു.കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച ഒരു മഹാനായ കാലകാരനു വേണ്ടി മറ്റു പാർട്ടിക്കാരാണ് ഇവയെല്ലാം ചെയ്തതെന്നോർക്കണം.

മറ്റൊന്നുകൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താം.ഇത്തവണത്തെ കലാഭവൻ മണി പുരസ്കാരം എനിക്കായിരുന്നു , ചാലക്കുടിയിൽ നടന്ന പുരസ്കാര ദാനചടങ്ങിൽ സംവിധായകനും കലാഭവൻ മണി ട്രസ്റ്റ് ഭാരവാഹിയുമായ സുന്ദർ ദാസിൻ്റെ പ്രസംഗമധ്യേയാണ് അക്കാര്യം ഞാനറിഞ്ഞത് – കലാഭവൻ മണിക്ക് സ്മാരകം നിർമ്മിക്കാനായ് ചാലക്കുടി നഗരമധ്യത്തിൽ 12 സെൻ്റ് ഭുമി ഇതിനോടകം ലഭിച്ചു കഴിഞ്ഞു, മാത്രമല്ല സർക്കാർ അനുവദിച്ച 3 കോടി രൂപ കലാഭവൻ മണി ട്രസ്റ്റിൻ്റെ അക്കൗണ്ടിൽ എത്തിയും കഴിഞ്ഞു. എത്ര വേഗത്തിലാണ് ആ അനശ്വര കലാകാരൻ ആദരിക്കപ്പെട്ടത്.ഒരു നിമിഷം നസീർ സാറിനെയും കോൺഗ്രസ്സിനെയും കുറിച്ച് ഞാൻ അറിയാതെ ഓർത്ത് പോയി…കോൺഗ്രസ്സിലെ സാംസ്കാരിക നായകന്മാരുടെ അഭാവം എന്തുകൊണ്ടാണന്നതിന് ഞാൻ വേറെ ഉദാഹരണം നിരത്തേണ്ടതില്ലല്ലോ.അവഗണന അത് തന്നെയാണ് കാരണം.കോൺഗ്രസ്സിനുമുണ്ടു് ഒരു സാംസ്കാരിക സംഘടന -“സാംസ്കാരസാഹിതി “എന്നാണ് പേര്.ഞാനതിൻ്റെ ഒരു വൈസ് ചെയർമാനായപ്പോഴാണ് അവിടെ നടക്കുന്നതെന്തെന്ന് മനസ്സിലായത്.

സാംസ്കാരിക സാഹിതി,അത് കോൺഗ്രസ്സിലേക്ക് പെട്ടന്ന് കടന്നു വരുന്നവർക്കുള്ള ക്വോറൻറ്റയിൻ സെൻട്രറാണ് .ഭാരവാഹികളിൽ കലാ സാഹിത്യ രംഗത്തുള്ളവർ മരുന്നിന് പോലുമില്ല.കോൺഗ്രസ്സ് ശൈലി മാറ്റത്തിന് തുടക്കമിട്ടുവെങ്കിലും ഇവിടെ ഇപ്പോഴും ജന്മി കുടിയാൻ വ്യവസ്ഥയാണ്.AICC യിൽ കുറഞ്ഞ ഫോൺ കോളുകൾ കൈ കൊണ്ടുപോലും തൊടാത്ത നേതൃത്വം ,സ്ഥാനമാനങ്ങൾ അലങ്കാരമായ് സൂക്ഷിക്കുന്നവർ.ഇവർക്കേത് പ്രേംനസീർ..? ഇവർക്കേത് കലാഭവൻ മണി…?കലയെവിടെ കലാസാഹിതിയെവിടെ.ഇവിടം കാര്യക്ഷമമായാൽ കലയും സാഹിത്യവും ,കവിതയുമൊക്കെ സൃഷ്ടിക്കുന്ന പ്രതിഭകൾ കോൺഗ്രസ്സ് സംഘടനയിൽ എത്തപ്പെടുമായിരുന്നു.

ഇവിടം നന്നായാലേ കലാകാരൻന്മാർക്ക് അവർക്ക് അർഹതപ്പെട്ട അംഗീകാരങ്ങൾ വാങ്ങി കൊടുക്കാൻ പറ്റു, :ഇവിടം നന്നായലേ സോഷ്യൽ മീഡിയായിലൂടെ കോൺഗ്രസ്സിൻ്റെ പ്രതികരണ ശേഷിയുള്ള പ്രതിഭകളായ സാംസ്ക്കാരിക നായകന്മാരെ നിരത്താൻ പറ്റൂ.ഇവിടം നന്നായാൽ കോൺഗ്രസ്സ് പാർട്ടിക്ക് സമൂഹത്തിൽ അവരിലൂടെ കൂടുതൽ മതിപ്പ് ലഭിക്കുകയും ചെയ്യും.ശുദ്ധികലശം ഇവിടെയാണ് വേണ്ടത്, അതാണ് സത്യം.
പുതിയ KPCC പ്രസിഡൻറ് ഈ സംഘടനയുടെ അലകും പിടിയും മറ്റുമെന്ന് പ്രത്യാശിക്കാം.അല്ലങ്കിൽ ഇനി വരുന്ന കോൺഗ്രസ് തലമുറ പ്രേംനസീറിൻ്റെ കുടുബത്തോടും മറ്റു പല കലാ സാഹിത്യകാരന്മാരോടും സാംസ്കാരിക നായകന്മാരോടും മാപ്പ് പറയേണ്ടിയതായ് വരും..

ഇത്രയും കാര്യങ്ങൾ സത്യസന്ധമായ് ഇപ്പോൾ തുറന്നു പറഞ്ഞത് കോൺഗ്രസ്സിലെ കലാസാംസ്കാരിക സംഘടനയിൽ മാറ്റം അനിവാര്യമായതിനാലാണ്.കലകരണപ്പെട്ട ,ആസൂത്രണം ചെയ്തുള്ള ഫോട്ടോ ഷൂട്ടു കൊണ്ടൊന്നും ഇനിയുള്ള കാലത്ത് കാര്യമില്ല.
ശൈലി മാറ്റി ജനങ്ങളിലേക്കിറങ്ങണം.കാലാ സാഹിത്യ രംഗത്ത് അംഗീകാരങ്ങൾ ഉള്ളവർ മാത്രംഈ സംഘടനയുടെ നേതൃത്വങ്ങൾ അലങ്കരിച്ചാലേ ന്യൂനതകൾക്ക് പരിഹാരമാകൂ, ശരിക്കുള്ള കലാകാരന്മാർ വന്നാൽ അവർ സംഘടനയെ നേർവഴിക്ക് കൊണ്ടു പോകും.
ഇനി സത്യം പറഞ്ഞതിൻ്റെ പേരിൽ വേണമെങ്കിൽ എൻ്റെ പേരിൽ നടപടിയാകാം.ഞാനില്ലങ്കിൽ നാളെ മറ്റൊരാൾ വരും ചങ്കുറപ്പോടെ നെഞ്ചുവിരിച്ച്ത്യം പറയാൻ….അതാണ് ചരിത്രം.