‘1921’ സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചെന്ന് സംവിധായകൻ

മലബാര്‍ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിലെ 1921 കാലഘട്ടം പശ്ചാത്തലമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി സംവിധായകന്റെ വെളിപ്പെടുത്തൽ. സിനിമയ്ക്ക് വേണ്ടത്ര ഫണ്ടില്ലെന്നും സിനിമ ഇനി വരാൻ വൈകുമെന്നും അലി അക്ബർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനാ പിന്നാലെയാണ് സിനിമയുടെ പ്രവർത്തനം തുടങ്ങിയെന്ന് അലി പറയുന്നു.
‌‌
“ചലിച്ചു തുടങ്ങി. അനുഗ്രഹാശിസ്സുകളോടെ നിങ്ങളുടെ പ്രാർത്ഥന ലക്ഷ്യം കാണുക തന്നെ ചെയ്യും “, എന്നാണ് ഫേസ്ബുക്ക് കുറിപ്പ്. ചിത്രീകരണത്തിനുവേണ്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തോക്കുകളുടെ മാതൃകകളുടെ ചിത്രവും ഫേസ്ബുക്കിലൂടെ സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.

ക്രൗണ്ട് ഫണ്ടിംഗിലൂടെയാണ് ചിത്രത്തിന്റെ നിർമ്മാണം തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിനുവേണ്ടി ഇതുവരെ പിരിഞ്ഞുകിട്ടിയിരിക്കുന്നത് 90.7 ലക്ഷം രൂപയാണെന്നാണ് അലി അക്ബര്‍ അറിയിച്ചിരിരുന്നു. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വലിയ കാന്‍വാസില്‍ സിനിമ സാധ്യമാവില്ലെന്നും ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങുന്നില്ലെന്നും സംവിധായകന്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് ചര്‍ച്ചയായിരുന്നു.

മലബാര്‍ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്.