സൈബി ജോസിനെതിരെ വീണ്ടും ആരോപണങ്ങൾ; കേസ് പിൻവലിക്കാൻ അഞ്ച് ലക്ഷം രൂപ വാങ്ങി

കൊച്ചി. ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന സൈബി ജോസിനെതിരേ വീണ്ടും ആരോപണങ്ങൾ. പത്ത് വർഷം മുൻപ് സൈബി ഹാജരായ വിവാഹമോചന കേസിലെ എതിർകക്ഷിയാണ് പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

തങ്ങൾക്കെതിരേയുള്ള ക്രിമിനൽ കേസ് പിൻവലിക്കാമെന്ന് വാഗ്ദാനം ചെയ്ത് സൈബി അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നാണ് കോതമംഗലം സ്വദേശി ബേസിൽ ജെയിംസ് ആരോപിക്കുന്നത്. പണം ഡിവൈൻ നഗറിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുകൊടുത്തതായി ബേസിൽ ജെയിംസ് പറയുന്നു. എന്നാൽ കുടുംബ കോടതിയിലുള്ള തന്റെ കേസ് പിൻവലിച്ചിട്ടില്ല.

കേസിൽ നിന്ന് മാറിയതായാണ് പിന്നെ അറിഞ്ഞത്. ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണമൊന്നുമില്ല. സംഭവുമായി ബന്ധപ്പെട്ട് സൈബി ഭീഷണിപ്പെടുത്തിയതായി ബേസിലിന്റെ പിതാവ് ജെയിംസ് ജോണും പ്രതികരിച്ചു. കോടതിയിൽ ഹാജരാവാൻ സമ്മതിക്കില്ല, കയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.

സൈബിക്കെതിരേ 2013 ൽ ബാർ കൗൺസിലിൽ പരാതി എത്തിയിരുന്നെങ്കിലും തനിക്കെതിരേയുള്ള ആരോപണങ്ങൾ നിലനിൽക്കില്ലെന്നും പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും സൈബി ബാർ കൗൺസിലിൽ വ്യക്തമാക്കി. തുടർന്ന് 2015 ൽ ഈ കേസ് അവസാനിപ്പിച്ചു. എന്നാൽ ഇത് പരാതിക്കാരെ അറിയിട്ടില്ലെന്നും ആരോപണമുണ്ട്.