സ്വന്തം തിരക്കഥയില്‍ ത്രില്ലര്‍ ചിത്രത്തിനായി അഡ്വ ആളൂര്‍ മമ്മൂട്ടിയെ സമീപിച്ചു?

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിക്ക് വേണ്ടിയാണ് ഏറ്റവും ഒടുവിലായി ആളൂര്‍ ഹാജരായത്. അതിനിടെ വക്കാലത്ത് ഒഴിയുകയും ചെയ്തിരുന്നു. മനസ്സാക്ഷിയെ ചെട്ടിച്ച സംസ്ഥാനത്തെ പല പ്രമാദമായ കേസുകളിലും പ്രതിഭാഗം അഭിഭാഷകനായി എത്തി കേരളത്തെ അമ്പരപ്പിച്ച ആളൂര്‍ സിറ്റിംഗിന് തന്നെ ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകനാണ്.

ആളൂരിന് ഫീസ് കൊടുക്കാനുള്ള സാമ്പത്തിക ശേഷി സുനിക്ക് ഇല്ലെന്നിരിക്കേ കേസിന്റെ വിചാരണ തുടങ്ങും മുമ്പേ ആളൂര്‍ വക്കാലത്ത് പിന്‍വലിക്കുകയും ചെയ്തിരുന്നു. സുനിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു വക്കാലത്ത് ഒഴിഞ്ഞത്. എന്നാല്‍ ആളൂരിന്റെ വരവും പോക്കും പിറകിലുണ്ടായിരുന്ന വമ്പന്റെ വന്‍ കളികളുടെ നാടകമായിരുന്നുവെന്നാണ് സംശയം.

ദിലീപുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് ആളൂര്‍. മമ്മൂട്ടി, ബോളിവുഡ് നായിക വിദ്യാബാലന്‍ തെലുങ്ക് സൂപ്പര്‍നായിക അനുഷ്‌ക്കാഷെട്ടി, ദിലീപ് തുടങ്ങിയവരുടെ പേരുകള്‍ ചേര്‍ത്ത് കേള്‍ക്കുന്ന സിനിമ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ മൂഡിലുള്ള സിനിമ ആയിരിക്കുമെന്നും പത്തുകോടി ചെലവ് വരുമെന്നുമാണ് കേള്‍ക്കുന്നത്.

ചിത്രത്തില്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ആളൂര്‍ തന്നെയാണ്. അതിഥി വേഷം ദിലീപ് ചെയ്യണമെന്നാവശ്യപ്പെട്ട് ആളൂര്‍ തന്നെ നടനെ സമീപിച്ചുവെന്നുമാണ് വാര്‍ത്ത. ആളൂര്‍ സ്വന്തം പേരില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിച്ചിരുന്ന സലിം ഇന്ത്യയാണ് സിനിമയുടെ കഥയും സംവിധാനവും. സൗമ്യയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് വേണ്ടി മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പറന്നെത്തിയതോടെയാണ് ബിഎ ആളൂര്‍ എന്ന പേര് കേരളം ശ്രദ്ധിക്കുന്നത്.

ഒരു സിറ്റിംഗിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന ആളൂരിനെ ഭിക്ഷക്കാരനായ ഗോവിന്ദച്ചാമിക്ക് വേണ്ടി എത്തിച്ചത് ഭിക്ഷാടന മാഫിയ ആണെന്ന് അഭ്യൂഹം പരന്നു. ഇതിന് പിന്നാലെയായിരുന്നു കളളന്‍ ബണ്ടി ചോര്‍, ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം, സോളാര്‍ കേസില്‍ സരിത എസ് നായര്‍ എന്നിങ്ങനെ കേരളം മറക്കാന്‍ ആഗ്രഹിക്കുന്ന പേരുകളുടെ അഭിഭാഷകനായിരുന്നു ആളൂര്‍.