പഞ്ചാബിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അമരീന്ദർ സിംഗ്; ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കും

പഞ്ചാബിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കർഷക പ്രക്ഷോഭം പരിഹരിച്ചാൽ മാത്രമേ ബിജെപിയുമായി സഖ്യമുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ക്യാപ്റ്റന്റ പ്രഖ്യാപനത്തോട് കോൺഗ്രസും ബിജെപിയും പ്രതികരിച്ചിട്ടില്ല. കർഷക നിയമത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് അമരീന്ദർ സിംഗ് വ്യക്തമാക്കിയത്. ‘പഞ്ചാബിന്റെയും ഇവിടുത്തെ ജനങ്ങളുടേയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്‌ട്രീയപാർട്ടി വൈകാതെ തന്നെ എന്റെ നേതൃത്വത്തിൽ രൂപീകരിക്കും. കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതലായി നിലനിൽപ്പിന് വേണ്ടി പൊരുതുന്ന കർഷകരുടെ താത്പര്യങ്ങളും സംരക്ഷിക്കുമെന്നും’ ട്വിറ്ററിൽ കുറിച്ചു. അമരീന്ദർ സിംഗിന്റെ മാദ്ധ്യമ വക്താവ് രവീൺ തുക്രാലാണ് അദ്ദേഹത്തിന് വേണ്ടി ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

കർഷക താത്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് കർഷകരുടെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണെങ്കിൽ 2022ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേർന്ന് പ്രവർത്തിക്കും. ഇതിനോടൊപ്പം ഭിന്നിച്ചുനിൽക്കുന്ന അകാലി ഗ്രൂപ്പുകളായ, ദിൻഡ്സ, ബ്രഹ്മംപുര എന്നിവരുമായും സഹകരിക്കാൻ തയ്യാറാണെന്ന് അമരീന്ദർ സിങ് വ്യക്തമാക്കി. കർഷക പ്രക്ഷോഭത്തിന് പരിഹരമാകാതെ ബിജെപിയുമായി ചേർന്നാൽ കനത്ത തിരിച്ചടിയാകുമെന്നും എന്നാൽ താൻ മുൻകൈ എടുത്തു വിഷയം പരിഹരിക്കപ്പെട്ടാൽ വൻ നേട്ടം ഉണ്ടാക്കാമെന്നുമാണ് ക്യാപ്റ്റന്റെ കണക്കു കൂട്ടൽ. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് തന്നെയാണ് ബിജെപിയുടെ നിലപാട്.

കഴിഞ്ഞ സെപ്തംബർ 18നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കുന്നത്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ധുവുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു രാജി. ഇരു നേതാക്കളും ഏറെ നാളായി അകൽച്ചയിലായിരുന്നു.

ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരൺജിത്ത് സിംഗ് ഛന്നിയെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായതോടെ അമരീന്ദർ പാർട്ടിയിൽ നിന്ന് തന്നെ രാജി വച്ചു. രാജി വയ്‌ക്കുന്നതിന് മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷായുമായും അമരീന്ദർ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.