വഴിക്കപ്പുറം നിന്ന് പൊന്നോമലിനെ കണ്ട് മടങ്ങി ഫൈസല്‍, മാതൃക ഈ യുവാവ്

ആലപ്പുഴ: കോവിഡ് കാലമായതോടെ ആരോഗ്യ പ്രവര്‍ത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും പോലെ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നവരാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും. ഉറ്റവരുടെ അരികില്‍ ഒന്ന് എത്താനോ മക്കളെ എടുത്ത് തലോടാനോ സാധിക്കാത്ത അവസ്ഥയാണ് അവര്‍ക്കും. അകലെ നിന്ന് ഉറ്റവരെ കാണാനേ ഇവര്‍ക്ക് ആകൂ. ഇത്തരം ഒരു സംഭവമാണ് കായംകുളത്ത് ഉണ്ടായത്. ഒരു വയസ്സ് മാത്രമുള്ള കുഞ്ഞിനെ കാണാനായി റോഡിന് മറുവശത്ത് ആംബുലന്‍സ് ഒതുക്കുകയായിരുന്നു ഫൈസല്‍.

ഫൈസല്‍ ആംബുലന്‍സ് ഒതുക്കിയപ്പോള്‍ റോഡിന് മറുവശത്ത് കുഞ്ഞ് നൂറയുമായ ഭാര്യ തന്‍സില എത്തി. മാസങ്ങള്‍ക്ക് ശേഷും കുഞ്ഞിനെ കണ്ട സന്തോഷത്തില്‍ ഫൈസല്‍ കബീര്‍ ആംബുലന്‍സുമോടിച്ച് തന്റെ സേവനത്തിന് നീങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ ഒരു ബന്ധുവാണ് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ചത്. ഇതോടെ ഫൈസലിന്റെ സേവനത്തിന് കയ്യടിച്ചും അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്ത് എത്തി.

കോതമംഗലം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സിന്റെ ഡ്രൈവര്‍ ആണ് കായംകുളം പുള്ളിക്കണക്ക് പുളിമൂട്ടില്‍ ഫൈസല്‍ മന്‍സിലില്‍ ഫൈസല്‍ കബീര്‍ എന്ന 29 കാരന്‍. കോവിഡ് ഡ്യൂട്ടിക്ക് ആയി ഓടി നടക്കുന്നതിന് ഇടെയാണ് സ്വന്തം കുഞ്ഞിനെ ദേശീയ പാതയുടെ അപ്പുറവും ഇപ്പുറവും നിന്ന് കണ്ട് ഫൈസല്‍ മടങ്ങിയത്.

ഒമ്പത് മാസമായ എറണാകുളത്ത് കോവിഡ് പോരാട്ടത്തിന് പങ്കാളിയാണ് ഫൈസല്‍. നാല് മാസമായി കോവിഡ് പോരാട്ടം കാരണം ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ ഫൈസലിന് സാധിച്ചിരുന്നില്ല. അമ്പലപ്പുഴയിലെ വീട്ടിലായിരുന്നു ഭാര്യയും കുഞ്ഞും. കഴിഞ്ഞ മൂന്നിന് ഫൈസല്‍ പെരുമ്പാവൂരില്‍ നിന്നും പരിശോധനയ്ക്കുള്ള രക്ത സാംപിളുകളുമായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലേക്ക് പോയത്. അന്ന് തന്നെ തിരികെ മടങ്ങി. എന്നാല്‍ കുഞ്ഞിനെ കാണെണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് രാത്രി കായംകുളത്ത് റോഡ് അരികില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങി. പുലര്‍ച്ചെ അമ്പലപ്പുഴയില്‍ എത്തുമെന്ന് നേരത്തെ തന്നെ തന്‍സിലയെ ഫൈസല്‍ അറിയിച്ചിരുന്നു. തന്‍സില റോഡ് അരികില്‍ കാത്തു നിന്നു. ഏഴ് മണിയോടെ ഫൈസല്‍ എത്തി. വഴിക്കപ്പുറം നിന്ന് തന്റെ പൊന്നോമലിനെ കണ്ട് മടങ്ങി.