ആംബുലന്‍സും സ്‌ട്രെച്ചറും നിഷേധിച്ചു, മരക്കമ്പ് ചേര്‍ത്ത് കെട്ടിയ ശവമഞ്ചത്തില്‍ കാല്‍നടയായി വീട്ടമ്മയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചു, ഇതും കേരളത്തില്‍ തന്നെ

കോട്ടയം: ദൈവത്തിന്റെ സ്വന്തം നാടെന്ന വിളിപ്പേര് മാത്രമാണ് കേരളത്തിന് ഉള്ളതെന്ന് ഓരോ ദിവസവും പുറത്തെത്തുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാണ്. മരിച്ച വീട്ടമ്മയുടെ മൃതദേഹം എടുക്കാനായി ആംബുലന്‍സോ സ്‌ട്രേച്ചറോ മറ്റ് വാഹനങ്ങളോ തയ്യാറായില്ല. ഒടുവില്‍ മൃതദേഹം മരകമ്പുകള്‍ ചേര്‍ത്ത് കെട്ടിയ ശവമഞ്ചത്തിലാണ് പൊതു ശ്മശാനത്തില്‍ എത്തിച്ചത്. തെന്മല ഡാം കെഐപി ലേബര്‍ കോളനിയില്‍ കറുപ്പസ്വാമിയുടെ ഭാര്യ മല്ലികാമ്മയുടെ (55) മൃതദേഹമാണ് മരക്കമ്പുകള്‍ ചേര്‍ത്തുകെട്ടി മഞ്ചം ഒരുക്കി മൃതദേഹം കാല്‍ നടയായി പൊതുശ്മശാനത്തില്‍ എത്തിക്കേണ്ടി വന്നത്. കൊറോണ ഭയത്തെ തുടര്‍ന്നാണ് ആരും മൃതദേഹം എടുക്കാന്‍ തയ്യാറാകാതിരുന്നത്.

മല്ലികാമ്മ താമസിച്ചിരുന്നത് കോട്ടയം വൈക്കത്തുള്ള മകളുടെ വീട്ടിലായിരുന്നു. ശ്വാസംമുട്ടലും കഫക്കെട്ടും രൂക്ഷമായതോടെ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ മകളുടെ വീട്ടില്‍ വെച്ച് മരിച്ചു. വൈക്കത്ത് നിന്നും മല്ലികാമ്മയുടെ മൃതദേഹം സ്വദേശമായ തെന്‍മലയില്‍ എത്തിച്ചു. എന്നാല്‍ കൊറോണ ഭീതി ഭയന്ന് ആരും തന്നെ മൃതദേഹത്തിന്റെ അടുത്തേക്ക് എത്തിയില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് മല്ലികാമ്മ മരിച്ചത്. ശ്വാസംമുട്ടലും കഫക്കെട്ടും രൂക്ഷമായതിനെ തുടര്‍ന്ന് വൈക്കം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ് രോഗം മൂര്‍ച്ഛിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പിന്നീട് വീട്ടിലേക്ക് തിരികെ വിട്ടയച്ചു. ഇതിനിടെ താലൂക്ക് ആശുപത്രിയില്‍ പ്രേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

വൈക്കത്ത് നിന്നും ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് തെന്മലയിലെ വീട്ടില്‍ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊതുശ്മശാനത്തില്‍ അടക്കം ചെയ്യാനായിരുന്നു തീരുമാനം. അന്ത്യ കര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം പൊതുശ്മശാനത്തിലേക്ക് കൊണ്ടു പോകാനായി ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സും ടൂറിസം വകുപ്പിന്റെ സ്‌ട്രെച്ചറും വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇത് നിഷേധിക്കപ്പെട്ടു. വീട്ടമ്മ മരിച്ച കാരണം ചൂണ്ടിക്കാട്ടിയാണ് സേവനം നിഷേധിച്ചത്. തുടര്‍ന്നു നാട്ടുകാരും കുളത്തൂപ്പുഴ എസ്ഐ വി ജയകുമാറും ചേര്‍ന്നു കമ്ബുകെട്ടി മഞ്ചം ഒരുക്കുകയായിരുന്നു. മകള്‍ സിന്ധുവിന്റെ കോട്ടയം വൈക്കത്തെ വീട്ടിലായിരുന്നു മല്ലികാമ്മയുടെ താമസം. മറ്റു മക്കള്‍: മണികണ്ഠന്‍, സുരേഷ്.

അതേസമയം കോവിഡ് 19 രോഗബാധയേ തുടര്‍ന്നുള്ള ആദ്യ മരണം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ആണ് ഇന്ത്യയില്‍ ആദ്യമായി കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച മരിച്ച കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിന്റെ(76) മരണമാണ് കൊറോണ വൈറസ് (കോവിഡ് 19) കാരണമാണെന്ന് സ്ഥിരീകരിച്ചത്. തീര്‍ഥാടനത്തിനു ശേഷം സൗദിയില്‍ നിന്ന് കഴിഞ്ഞ 29നു ഹൈദരാബാദ് വഴിയാണ് ഇദ്ദേഹം മടങ്ങിയെത്തിയത്. ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ആളുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.