മലപ്പുറത്ത് അമീബിക് മസ്തിഷ്‌കജ്വരം, അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലുള്ളത്. മൂന്നിയൂരിലെ പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്നാണ് വിവരം.

ഈ മാസം ഒന്നിനാണ് കുട്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വരികയായിരുന്നു. സമാനമായ ലക്ഷണങ്ങളോടെ നാല് കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നതുവഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുകയും ചെയ്യുന്നു. പനി,തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.

മലിനമായ വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാന്‍ കാരണമാകുന്നതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.