ഡൊണാള്‍ഡ് ട്രംപ് ഈ മാസം ഇന്ത്യയിലെത്തും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു. ഫെബ്രുവരി 24,25 തീയതികളിലായിരിക്കും ട്രംപ് ഇന്ത്യ സന്ദര്‍ശനം നടത്തുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യ -അമേരിക്ക വ്യാപാരക്കരാര്‍ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ട്രംപിന് വന്‍ സ്വീകരണമൊരുക്കാന്‍ ഒരുക്കങ്ങല്‍ തുടങ്ങിക്കഴിഞ്ഞു. ഹൗഡി മോദിക്ക് സമാനമായ കൂറ്റന്‍ പരിപാടി നടത്താന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഡോണാള്‍ഡ് ട്രംപും മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങളിലെ പങ്കാളിത്തം ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം ഊട്ടിഉറപ്പിക്കുമെന്ന് വൈറ്റ് ഹൗസും ട്വീറ്റ് ചെയ്തു. പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും. ദില്ലിക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കും. റിപ്പബ്ലിക്ക് ദിനത്തില്‍ ട്രംപ് ഇന്ത്യയില്‍ എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മോദിയും ട്രംപും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നതായും ഇരുരാജ്യങ്ങളും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി ചടങ്ങില്‍ ട്രംപിനെയും കുടുംബത്തിനെയും മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

ഇന്ത്യയില്‍ എത്തുന്ന ട്രംപ് ആദ്യം സന്ദര്‍ശിക്കുന്നത് ഗുജറാത്തായിരിക്കും. തുടര്‍ന്ന് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്നതിന് സമാനാമായി അഹമ്മദാബാദില്‍ നടക്കുന്ന ‘ഹൗഡി മോദി’ ഷോയില്‍ അദ്ദേഹം പങ്കെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതിന് ശേഷം ഡല്‍ഹിയിലേക്കും ആഗ്രയിലേക്കും പോകും. ആഗ്രാ സന്ദര്‍ശനത്തിന് ശേഷം അമേരിക്കയിലേക്ക് തിരികെ മടങ്ങുമെന്നുമാണ് അറിയുന്നത്. കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വയ്ക്കും.

ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റം ഇന്ത്യയ്ക്ക് കൈമാറാനുളള തീരുമാനവും സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചേക്കും. ഇന്ത്യ -അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്. ഒന്നാം മോദി അധികാരത്തിലെത്തിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റുമായി വളരെ അടുത്ത ബന്ധമാണ് നിലനില്‍ക്കുന്നത്. തുടര്‍ന്ന് രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ഉഭയകക്ഷി ബന്ധത്തിനപ്പുറം സൗഹൃദബന്ധത്തിലേക്ക് എത്തിയിരുന്നു. ഇരു ഭരണാധികാരികളും തമ്മില്‍ സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രയോജനം ചെയ്യപ്പെടും.

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ദൃഡമാകുകയാണ്. വ്യാപാരബന്ധത്തിലെ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം നയതന്ത്രത്തിലൂടെ പരിഹരിക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. മോദിയുടെ നയതന്ത്ര ഇടപെടലുകളിലൂടെ എത്രയോ നേട്ടങ്ങല്‍ കൈവരിക്കാന്‍ ഇതിനോടകം സാധിച്ചു. ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന 2 പ്ലസ് 2 ചര്‍ച്ച നയതന്ത്ര- പ്രതിരോധ മേഖലകളിലെ ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു. വ്യാപാരത്തിലും സുരക്ഷയിലും വലിയ മുന്നേറ്റമുണ്ടാക്കുന്ന കോംകാസ എന്നറിയപ്പെടുന്ന കമ്മ്യൂണിക്കേഷന്‍സ് കോംപാക്റ്റബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ് 2018ലെ ഇന്ത്യ- അമേരിക്ക ബന്ധത്തിലെ സുപ്രധാന ഏടായി മാറി. ഇന്ത്യയിലേക്ക് അമേരിക്കന്‍ സൈനിക ഉപകരണങ്ങളുടെ വില്‍പ്പനയ്ക്കുളള സാധ്യത തുറന്നിടുന്ന കരാറാണ് കോംകാസ. അതേസമയം സെപ്റ്റംബറില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ ‘ചുങ്ക രാജാവ്’ എന്ന വിളിച്ച സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിലെ കറുത്ത ഏടായി മാറി. ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ അടക്കമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന വന്‍ ഇറക്കുമതി ചുങ്കമായിരുന്നു ട്രംപിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ രണ്ടുമാസങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി വ്യാപാരക്കരാറില്‍ ചര്‍ച്ച ആരംഭിച്ചത് മുതല്‍ ഇതേ ട്രംപ് ഇന്ത്യക്കാരെ ‘കാര്‍ക്കശ്യമുള്ള ഉടമ്പടിക്കാര്‍’ എന്ന് വിളിച്ച് പുകഴ്ത്തിയതും ശ്രദ്ധേയമാണ്.