അമിത് ഷായും രാജ്‌നാഥ് സിംഗും ഇന്ന് ചുമതലയേല്‍ക്കും

ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായും, രാജ്‌നാഥ് സിംഗ് പ്രതിരോധ മന്ത്രിയായും ഇന്ന് ചുമതലയേക്കും. രാവിലെ 11.30 ഓടെ അമിത് ഷാ മന്ത്രാലയത്തില്‍ എത്തി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്‌നാഥ് സിംഗ് ആദ്യം യുദ്ധ സ്മാരകം സന്ദര്‍ശിച്ച ശേഷമാകും പ്രതിരോധമന്ത്രിയായി ഔദ്യോഗിക ചുമതലയേല്‍ക്കുന്നത്. പ്രവര്‍ത്തനരീതിയും ആവശ്യങ്ങളും മന്ത്രിയ്ക്ക് മുന്നില്‍ വിശദമാക്കാന്‍ മൂന്ന് സേന വിഭാഗങ്ങളും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി സേനാവൃത്തങ്ങള്‍ അറിയിച്ചു.

സേനാ മേധാവികള്‍ പ്രതിരോധമന്ത്രിയെ ഇന്ന് തന്നെ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പുറമേ നിര്‍മ്മല സീതാരാമന്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ , ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അടക്കമുള്ള മന്ത്രിമാര്‍ ഇന്നലെ ചുമതലയേറ്റിരുന്നു.
കേന്ദ്രമന്ത്രിസഭയിലെ കേരളാ സാന്നിധ്യമായ വി. മുരളീധരന്‍ വിദേശ, പാര്‍ലമെന്ററികാര്യ മന്ത്രിയായി ഇന്നലെ വൈകുന്നേരം 4.45 ഓടെ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു.