പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞുവെന്ന് അമിത് ഷാ

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്യം തീരുമാനിച്ചുകഴിഞ്ഞതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് ദേശിയ കൗണ്‍സില്‍ വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

കണ്‍വെന്‍ഷന് ശേഷം നമ്മള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത് ഭാരത് സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ മണ്ഡലങ്ങളിലേക്ക് ഇറങ്ങുകയാണെന്നും അമിത് ഷാ വ്യക്തമാക്കി. ബൂത്ത് തലത്തില്‍ പ്രവര്‍ത്തിച്ച ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാകും. ഈ സൗകര്യം ബിജെപിയില്‍ മാത്രമേ കാണു. കാരണം ഇത് ഒരു ജനാധിപത്യ പാര്‍ട്ടിയായി നിലനില്‍ക്കുന്നത് കൊണ്ടാണെന്നും അമിത് ഷാ വ്യക്തമാക്കി.

ഈ രാജ്യം 75 വര്‍ഷത്തിനിടെ 17 ലോക്‌സഭാ തിരഞ്ഞെടുപ്പുകളും 22 സര്‍ക്കാരുകളെയും 15 പ്രധാനമന്ത്രിമാരെയും കണ്ടു. രാജ്യത്തെ എല്ലാ സര്‍ക്കാരുകളും തങ്ങളുടെ കാലത്തിന് അനുസരിച്ച് വികസനം കൊണ്ടുവരുവാന്‍ ശ്രമിച്ചു. എന്നാല്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്ത് വര്‍ഷത്തിനിടെ മാത്രമാണ് രാജ്യത്ത് എല്ലാ മേഖലയിലും സമഗ്ര വികസനം സാധ്യമായത്.

പ്രതിപക്ഷ സഖ്യവും കോണ്‍ഗ്രസും ചേര്‍ന്ന് ജനാധിപത്യത്തിന്റെ ആത്മാവിനെ നശിപ്പിക്കുകയാണ്. അവര്‍ രാജ്യത്തെ ജനാധിപത്യത്തെ അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ജാതീയതയും കൊണ്ട് നിറച്ചു. എന്നാല്‍ ഇതിനെ എല്ലാം ഇല്ലാതാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് വികസനം കൊണ്ടുവന്നുവെന്നും അമിത് ഷാ പറഞ്ഞു.