1 ൽ നിന്നും 15 സീറ്റിലേക്ക് ബിജെപി, ജോസ് കെ മാണി കേന്ദ്ര മന്ത്രിയാകും,മിഷൻ കേരളയുമായി അമിത്ഷാ നീക്കങ്ങൾ ഇങ്ങിനെ

മുഖം തിരിച്ചു നിൽക്കുന്ന സൗത്ത് ഇന്ത്യൻ രാഷ്ട്രീയത്തെ കൂടെ ചേർക്കുമെന്ന ദൃഢനിശ്ചയത്തിൽ ഇറങ്ങിപ്പുറപ്പെട്ടതു മറ്റാരുമായിരുന്നില്ല ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രീയ ചാണക്യൻ തന്നെ ആയിരുന്നു   അമിത്ഷാ .ദ്രാവിഡ രാഷ്ട്രീയത്തിൽ അധികാരമെന്നത് വിദൂര സാധ്യതയിൽ പോലുമില്ലാതിരുന്ന ബിജെപി യെ തമിഴ്നാട്ടിലെ നിർണായക ശക്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം കേരളം പിടിക്കാൻ വരുന്നത് .എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ സവിശേഷമായ ഒരിടമാണ് കേരളം എന്ന് അദ്ദേഹം മനസ്സിലാക്കി .

ബി.ജെപിയോട് കലഹിച്ചും ,പുറംതിരിഞ്ഞും നിന്ന പാരമ്പര്യമാണ് കേരളത്തിന്റേത്.വടക്കേ ഇന്ത്യയിലെയും ,ദ്രാവിഡ മണ്ണിലെയും രാഷ്ട്രീയ സമവാക്യങ്ങളിൽ നിന്ന് തികച്ചും വിഭിന്നമാണ്‌ കേരളം എന്ന് മനസ്സിലാക്കി തന്നെയാണ് മിഷൻ കേരളയുമായി ബിജെപി വരുന്നത്

കേരളത്തില്‍ ശക്തമായ വേരോട്ടം നേടുവാനുള്ള ബിജെപിയുടെ നിര്‍ണായക നീക്കങ്ങള്‍ ഇപ്പോൾ അവസാന ഘട്ടത്തിലെത്തി എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ കത്തോലിക്കാ മെത്രാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ പദവിയിലേക്ക് ക്യാബിനറ്റ് റാങ്കോടെ കൂടി എത്തുന്നതിന് ഒപ്പം തന്നെ കേരളത്തിലെ പ്രമുഖ മുന്നണികളില്‍ നിന്നും പുറത്തായി നില്‍ക്കുന്ന ജോസ് കെ മാണിയെ കേന്ദ്രമന്ത്രിസഭയില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇടതുപക്ഷ മുന്നണിയുമായുള്ള ചര്‍ച്ചകളില്‍ ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്ന മെല്ലെപ്പോക്ക് നയം ഇതുകൊണ്ടാണ് എന്നാണ് അറിയാന്‍ സാധിക്കുന്നത്.

ഇടതുപക്ഷത്തോടൊപ്പം ചേരുന്നതില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നു. സമീപകാലത്ത് ഉണ്ടായ വിവാദങ്ങള്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണ സാധ്യതകളെ ബാധിക്കുന്നതും ജോസ് കെ മാണിയെ ചിന്തിപ്പിക്കുന്ന വിഷയമാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുവാന്‍ ഉറപ്പുള്ള ഒരു സീറ്റ് ഇല്ലാത്തതും, ഇടതു പക്ഷത്തു നിന്ന് ജയിച്ചാല്‍ തന്നെ ഭരണം ലഭിക്കാത്ത സാഹചര്യത്തില്‍ വെറും എംഎല്‍എ ആയി ഇരിക്കുന്നതിനേക്കാള്‍ തനിക്ക് ലാഭകരം എന്‍ഡിഎ യോടൊപ്പം ചേര്‍ന്ന് കേന്ദ്ര മന്ത്രി സഭയില്‍ എത്തുന്നത് ആണെന്ന് ജോസ് കെ മാണിയും വിലയിരുത്തുന്നു.

വ്യക്തമായ ഈ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് കേരള കോണ്‍ഗ്രസ് സൈബര്‍ കേന്ദ്രങ്ങള്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതും, ഇടതു വലതു പക്ഷങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ മുസ്ലിം പ്രീണനം ആണ് നടത്തുന്നത് എന്ന പ്രചരണം അഴിച്ചു വിടുന്നതും. ഭൂരിപക്ഷ ഹിന്ദു വോട്ടുകളോടൊപ്പം, ജോസ് കെ മാണിയിലൂടെ ക്രൈസ്തവ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ ആയാല്‍ 15 നിയമസഭാ സീറ്റുകളില്‍ എങ്കിലും വിജയിക്കാം എന്നതാണ് ബിജെപിയുടെ പദ്ധതി. പുതിയ കേന്ദ്ര നിയമങ്ങള്‍ അനുസരിച്ച് ക്രൈസ്തവ സഭകള്‍ക്ക് വിദേശത്തുനിന്നു ധനസമാഹരണം നടത്തുന്നതിനും, മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സാങ്കേതിക തടസ്സങ്ങള്‍ നേരിടും. സ്വാഭാവികമായും കേന്ദ്രവുമായി നല്ല ഒരു ബന്ധം ക്രൈസ്തവസഭകളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അഭികാമ്യമാണ്.

ക്രൈസ്തവ സഭകൾക്ക് കോൺഗ്രസിനേക്കാൾ സുരക്ഷിതത്വം ബിജെപിക്കേ നല്കാനാവൂ എന്നും വത്തിക്കാനും, അമേരിക്കയും അയുള്ള ഇന്ത്യയുടെ ബന്ധം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലാത്ത വിധം ഊഷ്മളം എന്നും ഉദാഹരണവും തെളിവും ചൂണ്ടിക്കാട്ടി കേരളത്തിലെ ക്രിസ്ത്യൻ നേതാക്കളേ ബിജെപി ബോധ്യപ്പെടുത്തും. അതിനായി ദില്ലിയിൽ ഡോ സി.വി ആനന്ദ ബോസിന്റെ നേതൃത്വത്തിൽ ഒരു പാനൽ തന്നെ ക്രമപ്പെടുത്തി കഴിഞ്ഞു

ജോസ് കെ മാണിയുടെ വരവിന് ബിജെപി സംസ്ഥാന നേതൃത്വം അനുകൂലമാണ് എങ്കില്‍ കൂടിയും അദ്ദേഹത്തിന് കേന്ദ്രമന്ത്രിസഭയിലെ ക്യാബിനറ്റ് റാങ്ക് നല്‍കുന്നതിനോട് കേന്ദ്രമന്ത്രി വി മുരളീധരന്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ആയിട്ടാണ് ജോസ് കെ മാണി ചര്‍ച്ചകള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ കേരള ഘടകത്തിന് വിഷയത്തില്‍ വലിയ പങ്കാളിത്തം ഇല്ല. കുമ്മനം രാജശേഖരനും, ജോസ് കെ മാണിയും, തുഷാര്‍ വെള്ളാപ്പള്ളിയും ആകും നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തെ നയിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബിജെപി സംഘടന ശക്തിപ്പെടുത്തുന്നതില്‍ കേന്ദ്രീകരിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. കുമ്മനത്തിന് ക്രൈസ്തവ സഭകളുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ടാണ് ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട ുപോകാതെ അദ്ദേഹത്തെ കേരളത്തില്‍ തന്നെ നില നിര്‍ത്തിയിരിക്കുന്നത്.

ജോസ് കെ മാണിയുടെ കടന്നു വരവ് എന്‍ഡിഎയില്‍ തന്നെ അപ്രസക്തമാകും എന്ന തിരിച്ചറിവാണ് പി സി തോമസിനെ പി ജെ ജോസഫും ആയി ചര്‍ച്ച ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം. കേരള കോണ്‍ഗ്രസ് എന്നും മാത്രം പേരുള്ള പാര്‍ട്ടി ജോസഫിന് വിട്ടു നല്‍കാം എന്നതാണ് പിസി തോമസ് നല്‍കുന്ന സന്ദേശം. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആകാനുള്ള ഒരു മോഹവും അദ്ദേഹത്തിനുണ്ട് എന്നും പറയുന്നു. ജോസ് കെ മാണിയുടെ ഇത്തരം നീക്കങ്ങള്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് മുസ്ലിം ലീഗും അദ്ദേഹത്തെ തിരികെ കൊണ്ടുവരുവാന്‍ ഒരു രീതിയിലും ശ്രമങ്ങള്‍ നടത്താത്തത്. കേന്ദ്രമന്ത്രി പദം കയ്യില്‍ എത്തിയാല്‍ പാര്‍ട്ടിയെ വളര്‍ത്താനും, അണികളെ പിടിച്ചു നിര്‍ത്തുവാനും സാധിക്കും എന്നുള്ളതാണ് ജോസ് കെ മാണിയുടെ വിശ്വാസം. എന്‍ഡിഎ അതിശക്തമായി കേന്ദ്രത്തില്‍ പിടി ഉറപ്പിച്ചിരിക്കുന്നതിനാല്‍ മുന്‍കാലത്ത് ഉള്ളതുപോലെ അന്ധമായ ഒരു വിരോധം ബിജെപിയോട് ക്രൈസ്തവ വിഭാഗം വെച്ചുപുലര്‍ത്തി ഇല്ല എന്നും ജോസ് കെ മാണി കണക്കുകൂട്ടുന്നു.

പാലാ നിയോജക മണ്ഡലത്തില്‍ പോലും 25000 മുകളില്‍ വോട്ടുകള്‍ പൊതുതിരഞ്ഞെടുപ്പില്‍ ഉപതിരഞ്ഞെടുപ്പിലും എന്‍ഡിഎ നേടിയത് അവരുടെ വ്യക്തമായ അടിത്തറയാണ് സൂചിപ്പിക്കുന്നത് എന്ന രാഷ്ട്രീയ വിലയിരുത്തലാണ് ജോസ് വിഭാഗത്തിലുള്ളത്. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ വന്ന മാറ്റവും, നരേന്ദ്ര മോഡിയുടെ കീഴില്‍ എന്‍ഡിഎ കൈവരിച്ച ജന സ്വീകാര്യതയും കണക്കിലെടുക്കുമ്പോള്‍ പി സി തോമസിനു സംഭവിച്ചതു പോലുള്ള രാഷ്ട്രീയം നഷ്ടങ്ങള്‍ എന്‍ഡിഎ ബാന്ധവം കൊണ്ട് തങ്ങള്‍ക്ക് ഉണ്ടാവില്ല എന്ന് ജോസ് പക്ഷം കണക്കുകൂട്ടുന്നു.

നിലവിൽ ഒരു എം എൽ എ മാത്രമുള്ള ബിജെപി ഇന്ന് കേരളത്തിലെ മുഖ്യപ്രതിപക്ഷത്തിന്റെ ചുമതലയാണ് നിയമസഭക്ക് പുറത്തു നിർവഹിക്കുന്നത് .ഒറ്റയടിക്ക് കേരളത്തിലെ അധികാരം ബിജെപി യുടെ കരങ്ങളിലേക്ക് എത്തിയാൽ അതിലും അത്ഭുതപ്പെടേണ്ടതില്ലെന്നു ചുരുക്കം.ബിജെപിക്ക് ഒന്നിൽ നിന്നും 15 എം.എൽ.മാരെ ഉണ്ടാക്കാൻ പറ്റി എങ്കിൽ കേരളത്തിൽ 2021ൽ വരാൻ പോകുന്നത് തൂക്ക് നിയമ സഭ ആയിരിക്കും.ട്വിന്റി ട്വിന്റി കേരളം മുഴുവൻ സ്ഥനാർഥികളേ നിർത്തുന്നതും  പ്രവചനങ്ങളേ അട്ടിമറിക്കും.ഒന്നുകിൽ ഇടത് വലത് മുന്നണികൾ ചേർന്ന് മന്ത്രി സഭ ഉണ്ടാക്കണം. അല്ലെങ്കിൽ ബിജെപി ഉൾപെട്ട മുന്നണിയിലേക്ക് ചെറു കക്ഷികൾ എല്ലാം വന്ന് മന്ത്രി സഭ ഉണ്ടാക്കും എന്നും ഉറപ്പ്