തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പാലക്കാട് വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

പാലക്കാട് ആലത്തൂര്‍ തോണിപ്പാടത്ത് 63 കാരനെ അയൽവാസി അടിച്ചുകൊന്നു. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ഇന്നലെ രാത്രി ആലത്തൂര്‍ അമ്പാട്ടുപറമ്പില്‍ ബാപ്പൂട്ടിയെന്ന 63 കാരനെയാണ് കൊലപ്പെടുത്തിയത്. അയല്‍വാസി അബ്ദുള്‍ റഹ്മാന്‍ ആണ് വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അബ്ദുള്‍ റഹ്മാനും മകന്‍ ഷാജഹാനും പൊലീസ് പിടിയിലായി. ബാപ്പൂട്ടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് അബ്ദുള്‍ റഹ്മാന്‍ കൊലനടത്തിയതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം പാലക്കാട് പുതുനഗരത്തിന് സമീപം ചോറക്കോട് 40 വയസ്സ് തോന്നിക്കുന്ന സ്ത്രീയെ കഴുത്തറുത്തത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ പ്രദേശത്തത് ടെന്‍റടിച്ച് താമസിച്ച് വീട്ടുജോലികള്‍ ചെയ്യുന്ന തമിഴ് സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് വെട്ടുകത്തിയും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാരന്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സമീപ പ്രദേശത്തെ സിസിടവി ക്യാമറകള്‍ പൊലീസ് പരിശോധിക്കും.