അഭിഭാഷകയായാലും ഈ ജോലി ചെയ്യാൻ എനിക്കു മടിയില്ല,ഇത് എന്റെ അമ്മ ചെയ്യുന്ന ജോലിയാണ്- അനശ്വര

പഠിക്കാനായി ജോലിചെയ്ത് പണം കണ്ടെത്തുന്നവർ ഇന്ന് നിരവധിയാണ്. ആൺകുട്ടികളും പെൺകുട്ടികളും ഇന്ന് സ്വയം തൊഴിലിലൂടെ സ്വന്തം ആവശ്ത്തിനുള്ള പണം കണ്ടെത്താറുണ്ട്. ഇപ്പോൾ പൊറോട്ടയടിച്ച് സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ് എൽഎൽബി വിദ്യാർഥിനി അനശ്വര. എരുമേലിക്കടുത്തുള്ള കുറുവാങ്കുഴിയാണ് അനശ്വരയുടെ നാട്.

എല്ലാവിധ പിന്തുണയുമായി അനശ്വരയ്‌ക്കൊപ്പം അമ്മയും സഹോദരിമാരുമുണ്ട്. ഉപജീവനമാർഗ്ഗത്തിനായി അമ്മ തുടങ്ങിവെച്ച തൊഴിലാണ് അനശ്വര തൻറെ പഠനത്തിനൊപ്പം ഏറ്റെടുത്ത് നിർവ്വഹിക്കുന്നത്. തൊടുപുഴ ലോ കോളെജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് പൊറോട്ട വീശിയടിച്ച് പ്രേക്ഷകരുടെ മനം കവർന്ന അനശ്വര. രണ്ട് സഹോദരിമാരാണ് അനശ്വരയ്ക്ക്. മാളവികയും അനാമികയും. പ്ലസ് വണ്ണിലും ആറാംക്ലാസിലും പഠിക്കുന്നു. അനശ്വര പഠിക്കാൻ പോകുമ്പോൾ അവരാണ് അമ്മയെ സഹായിക്കുന്നത്.

അനശ്വരയുടെ വാക്കുകൾ ഇങ്ങനെ

ഒരു അഡ്വക്കേറ്റായതിന് ശേഷവും പൊറോട്ട അടിക്കുന്ന ജോലി തുടരും, സ്വന്തമായി ഒരു വീടില്ല തറവാട് വീട്ടിലാണ് അമ്മയും സഹോദരിമാരുമടങ്ങുന്ന കുടുംബം കഴിയുന്നത്. വർഷങ്ങളായി പൊറോട്ടയടിക്കുന്ന തൊഴിൽ ചെയ്താണ്കുടുംബം ജീവിക്കുന്നത്. തന്റെ അമ്മയാണ് എല്ലാവിധ പിന്തുണയും പ്രചോദനവും നൽകുന്നത്.പൊറോട്ടയടിക്കാൻ പഠിപ്പിച്ചതും അമ്മയാണ്. ആദ്യമൊക്കെ കണ്ടു പഠിച്ചു. പിന്നെ ചെറിയ ഉരുളകളായി പൊറോട്ടയുണ്ടാക്കാൻ ശ്രമിച്ചു നോക്കി. പിന്നീട് സഹോദരൻ കൃത്യമായി പറഞ്ഞു തന്നു അങ്ങനെയാണ് പൊറോട്ട നിർമ്മാണം കാര്യമായി പഠിച്ചത്. ഇത് എന്റെ അമ്മ ചെയ്യുന്ന ജോലിയാണ്. അതുകൊണ്ടുതന്നെ, അഭിഭാഷകയായാലും ഈ ജോലി ചെയ്യാൻ എനിക്കു മടിയില്ല. എല്ലാവരോടും ഒരു കാര്യമേ പറയാനുള്ളൂ- സ്ത്രീകളെ ജോലി ചെയ്യാൻ സമ്മതിക്കുക, സമൂഹത്തിൽ മുന്നോട്ട് വരാൻ സഹായിക്കുക. ഇത്തരം ജോലികൾ ചെയ്യുന്നതിൽ പെൺകുട്ടികൾ അഭിമാനിക്കണം. അത് മോശമാണെന്നു വിചാരിക്കരുത്.