സ്‌ട്രെക്ച്ച് മാര്‍ക്കുകള്‍ വീണ അടിവയറും, സിസേറിയന്‍ ചെയ്ത മുറിപ്പാടും, അമ്മയായതിന്റെ അടയാളങ്ങള്‍ എത്ര ഭംഗിയാണ്…

സ്ത്രീക്ക് എപ്പോഴും ഏറ്റവും വലിയ സന്തോഷം ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതാണ്. ഇപ്പോള്‍ മാതൃത്വം നല്‍കിയ വലിയ ആ സന്തോഷത്തെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആന്‍സി വിഷ്ണു എന്ന യുവതി. വിശേഷം ആയില്ലേ എന്ന മുനവച്ച ചോദ്യങ്ങള്‍ക്കൊടുവില്‍ ആ വലിയ സന്തോഷം തന്നിലേക്കെത്തിയതിനെ കുറിച്ചാണ് അന്‍സിയുടെ കുറിപ്പ്. മുലയൂട്ടാന്‍ കൊതി തോന്നി തുടങ്ങിയപ്പോള്‍, ഒരു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഉറങ്ങാന്‍ കൊതി തോന്നിത്തുടങ്ങിയപ്പോള്‍ മാത്രമാണ് അമ്മയാകണം എന്ന തീരുമാനം താന്‍ എടുത്തതെന്ന് ആന്‍സി കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, അമ്മയാവുക എന്നാല്‍ പലതും സഹിക്കുക ക്ഷെമിക്കുക എന്നല്ല അര്‍ഥം,ചിറക് വിടര്‍ത്തി പറക്കുക എന്ന് കൂടി വിശാലതയുള്ള വാക്കാണ് ‘അമ്മ’ .മോനുണ്ടായതില്‍ പിന്നെയാണ് ഞാന്‍ മറന്ന ചിരികള്‍ എന്നിലേക്ക് മടങ്ങി വന്നത്. അമ്മയാകുമ്പോള്‍ വിടര്‍ന്ന ചിരി, ഊര്‍ജം നമ്മില്‍ ഉണ്ടാകണം എന്നാല്‍ മാത്രമാണ് മാതൃത്വം പൂര്‍ണമാവുകയുള്ളു. കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ വിശേഷം ആയില്ലേ എന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നതാണ്, അപ്പോഴൊന്നും അമ്മയാകണം എന്ന് എനിക്ക് തോന്നിയതുമില്ല. മുലയൂട്ടാന്‍ കൊതി തോന്നി തുടങ്ങിയപ്പോള്‍, ഒരു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഉറങ്ങാന്‍ കൊതി തോന്നിത്തുടങ്ങിയപ്പോള്‍ മാത്രമാണ് അമ്മയാകണം എന്ന തീരുമാനം ഞാന്‍ എടുത്തത്. പിന്നെയുള്ള മാസങ്ങളില്‍ കാത്തിരിപ്പായിരുന്നു,പ്രെഗ്‌നനന്‍സി കിറ്റില്‍ രണ്ട് ചുമന്ന വരകള്‍ തെളിഞ്ഞപ്പോഴേ ഞാന്‍ അമ്മയായി കഴിഞ്ഞു, മുലയൂട്ടി തുടങ്ങി, ഉള്ളിലെ കുരുന്ന് ജീവനെ കൊഞ്ചിക്കാന്‍ തുടങ്ങി. സാമ്പത്തികമായും മാനസികമായും ശരീരീകമായും നന്നായി കഷ്ട്ടപെടും എന്നുറപ്പായിട്ടും എനിക്ക് അമ്മയാകണമായിരുന്നു…

അമ്മയാവുക എന്നാല്‍ കേവലം ശരീരത്തെ സംബന്ധിക്കുന്ന പ്രവര്‍ത്തി മാത്രമല്ല അത്, മാനസികമായുള്ള വലിയൊരു വിപ്ലവം തന്നെയാണ് അത്… സ്‌ട്രെക്ച്ച് മാര്‍ക്കുകള്‍ വീണ അടിവയറും,ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങളും,സിസേറിയന്‍ ചെയ്ത മുറിപ്പാടും കാണുമ്പോള്‍ എനിക്ക് എന്തൊരു സന്തോഷമാണെന്നോ, അമ്മയായതിന്റെ അടയാളങ്ങള്‍ എത്ര ഭംഗിയാണ്… എത്ര അഭിമാനമാണ്…

അമ്മയാകുന്നതിനൊപ്പം സ്ത്രീ സ്വയം പര്യാപ്ത ആകേണ്ടത് കൂടിയുണ്ട്. ആരോഗ്യം കൂടുതല്‍ ശ്രെദ്ധിക്കേണ്ടതുണ്ട്, മാനസികമായ സന്തോഷങ്ങള്‍ കണ്ടെത്തേണ്ടത് കൂടിയുണ്ട്….യാത്രകള്‍ പോകേണ്ടതുണ്ട്, വായിക്കേണ്ടതുണ്ട്, വിശ്രമിക്കേണ്ടതുണ്ട്…. അമ്മയായതില്‍ പിന്നെ ഓരോ പെണ്ണിലും ചിരി നിറയേണ്ടതുണ്ട്…..ഒരു വിഷാദത്തിനും, പ്രതിസന്ധികള്‍ക്കും അവളെ കീഴ്‌പ്പെടുത്താന്‍ കഴിയാത്ത വണ്ണം അവള്‍ മാതൃത്വത്തിലേക്ക് ആഴ്ന്നിറങ്ങണം