ഒരു കൈ തന്ന് എന്നെയാരും ചേർത്ത് നിർത്തിയില്ല, വാക്ക് കൊണ്ടോ ചിരി കൊണ്ടോ ആരും സമാധാനിപ്പിച്ചില്ല, കുറിപ്പ്

വിഷാദത്തിലടിമപ്പെട്ട അവസ്ഥയെക്കുറിച്ചും അതിൽ നിന്ന് പുറത്തേക്ക്കടന്ന അവസ്ഥയെക്കുറിച്ചും തുറന്നെഴുതുകയാണ് ആൻസി വിഷ്ണു എന്ന യുവതി. ഇപ്പോൾ വിഷാദത്തിലേക്ക് വഴുതി പോകുമ്പോൾ ഭർത്താവ് നൽകുന്ന സപ്പോർട്ടിനെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്, വിഷാദത്തിലേക്ക് വഴുതി പോകാറുണ്ട്, അപ്പോഴൊക്കെ വിഷ്ണു ഏട്ടൻ കൈകൾ നീട്ടി എന്നെ ചേർത്ത് നിർത്തുന്നുണ്ട്… പുസ്തകങ്ങൾ വാങ്ങി നൽകി നീ ഇനിയും ഇനിയും വായിക്കൂ എന്ന് പറയാറുണ്ട്, എന്റെ ഈ ചിരിക്ക് നന്ദിയുണ്ട് പലരോടും

കുറിപ്പിങ്ങനെ

വിഷാദത്തിലേക്ക് മൂക്ക് കുത്തി വീണിട്ടുണ്ട് ഞാൻ, കണ്ണിൽ ഇരുട്ട് കയറി,കയ്യും കാലും കയറിനാൽ ആരോ വരിഞ്ഞു കെട്ടിയെന്ന പോൽ ഇരുട്ടില്ലാക്കപെട്ടിട്ടുണ്ട് ഞാൻ. ഒരു കൈ തന്ന് എന്നെയാരും ചേർത്ത് നിർത്തിയില്ല.വാക്ക് കൊണ്ടോ ചിരി കൊണ്ടോ ആരും സമാധാനിപ്പിച്ചില്ല, വർഷങ്ങൾക്ക് മുൻപ് ആണ്, വിഷ്ണു ഏട്ടനെ കണ്ടിട്ടില്ല, പരിചയപെട്ടിട്ടില്ല.അന്നെനിക്ക് കൂട്ടുകാരില്ല, ആരുമില്ല,എന്റെ കുഞ്ഞു വീടിന്റെ അകത്തും പുറത്തും പുസ്തകങ്ങളുമായി കൂട്ടുകൂടി ഒറ്റക്കിരുന്നു, കാൽ മുട്ടുകൾക്കിടയിലേക്ക് തല ചേർത്ത് വെച്ച് കരഞ് കരഞ് ഉറങ്ങിപോയിട്ടുണ്ട്, ആ ഒറ്റപെടലിന്റെയോ വിഷാദത്തിന്റെയോ കാരണം എനിക്കിന്നും അറിയില്ല.

അന്നൊക്കെ ആരോടും ഞാൻ ചിരിച്ചില്ല,ആരുടേയും സന്തോഷത്തിൽ ഞാൻ പങ്ക് ചേർന്നില്ല,ചെറുപ്പം മുതൽ അനുഭവിച്ച അരക്ഷിത അവസ്ഥയാകാം കാരണം എന്ന് ഇപ്പോൾ മനസിലാക്കുന്നു. സ്കൂളിലേക്ക് പോകുന്നില്ലെന്ന് വാശി പിടിച്ചു, എനിക്ക് കരഞ്ഞാൽ മതിയെന്ന് വാശി പിടിച്ചു, എപ്പോഴും ഉറങ്ങിയാൽ മതിയായിരുന്നു,നീ ഒന്നിനും കൊള്ളില്ലെന്ന് കണ്ണാടിയിൽ നോക്കി ഞാൻ പറഞ് കൊണ്ടേയിരുന്നു, നീ സുന്ദരിയല്ലെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു, നിനക്ക് ആരുമില്ലെന്ന് പറഞ്ഞു, നിന്നെ ആരും സ്നേഹിക്കുന്നില്ലെന്ന് പറഞ്ഞു…..അമ്മയോട് എപ്പോഴും ദേഷ്യപ്പെട്ടു, പൊട്ടിത്തെറിച്ചു, വാതിൽ അടച്ച് ഒറ്റക്കിരുന്നു, അമ്പലങ്ങളിൽ അമ്മ വഴിപാടുകൾ കഴിപ്പിച്ചു, അമ്മ സദാസമയവും പ്രാർത്ഥനയിലായി.ആത്മഹത്യയെ കുറിച് ചിന്തിച്ചു.പക്ഷെ ശ്രെമിച്ചില്ല, മരിച്ചില്ല,കോളേജിലേക്ക് എത്തി. ആരോടും മിണ്ടിയില്ല, ആരോടും ചിരിച്ചില്ല… പിന്നെയാണ് അവർ നാലുപേർ എന്റെ അടുത്തേക്ക് എത്തിയത്, അഞ്ചു,അനില സുവർണ, ജോൺവിൻ, അവരെ പരിചയപ്പെടും മുൻപ് എനിക്കറിയില്ലായിരുന്നു സൗഹൃദം എന്താണെന്ന്, അങ്ങനെയൊരു കൂട്ട് എനിക്ക് കിട്ടുന്നതിന് മുൻപ് ഞാൻ ചിരിച്ചിട്ടില്ല, ഞങ്ങൾ ഒരുമിച്ച് തമാശകൾ പറഞ്ഞു, ക്ലാസ്സ്‌ cut ചെയ്‌ത് സിനിമക്ക് പോയി,ice cream കഴിക്കാൻ പോയി, ksrtc ൽ കയറി അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയി, ഒരുമിച്ച്കുക്ക് ചെയ്തു,ഒരുമിച്ചുറങ്ങി, വഴക്കിട്ടു,കെട്ടി പിടിച്ചു, ഉമ്മ വെച്ചു, കരഞ്ഞു..

അങ്ങനെ ഇരുട്ടിൽ നിന്ന് ഞാൻ പതുക്കെ വെളിച്ചത്തിലേക്ക് എത്തി.വിഷാദത്തിന്റെ കടൽ ഞാൻ നീന്തി കടന്നു, അവർ കാവൽ നിന്നു,എനിക്കറിയില്ല ആ നാലുകൂട്ടുക്കാർ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്താകുമായിരുന്നു എന്ന്, ഇന്നും എന്റെ നിറഞ്ഞ ചിരികൾക്ക് പിന്നിൽ എത്രമാത്രം അവർ ഉണ്ടെന്നോ,ഇന്നും എന്റെ കരച്ചിലുകൾക്ക് കൂട്ടാകുന്നവർ,എന്റെ ചിരികൾക്ക് കൂടെ നിൽക്കുന്നവർ.ഇപ്പോഴും ഞാൻ വിഷാദത്തിലേക്ക് വഴുതി പോകാറുണ്ട്, അപ്പോഴൊക്കെ വിഷ്ണു ഏട്ടൻ കൈകൾ നീട്ടി എന്നെ ചേർത്ത് നിർത്തുന്നുണ്ട്… പുസ്തകങ്ങൾ വാങ്ങി നൽകി നീ ഇനിയും ഇനിയും വായിക്കൂ എന്ന് പറയാറുണ്ട്, എന്റെ ഈ ചിരിക്ക് നന്ദിയുണ്ട് പലരോടും