സല്ലപിക്കാന്‍ സീരിയല്‍ നടിമാര്‍, ബെന്‍സടക്കം പത്ത് കാറുകള്‍, കോടികള്‍ തട്ടിച്ച് പണിതത് കൊട്ടാരം

ദാരിദ്ര്യത്തിന്റെ കൈപ്പില്‍ നിന്ന് അനീഷ് ബാബു സമ്പന്നതയിലേക്ക് വളര്‍ന്നപ്പോള്‍ ബന്ധുക്കളടക്കം കൂട്ടുനിന്നു. ചെറിയ കുടിലിന് പകരം ആഡംബര വീട് പണിതു. ബെന്‍സടക്കം മുന്തിയ പത്ത് കാറുകള്‍, ഒന്‍പത് ലക്ഷത്തിന്റെ ബൈക്ക്, വിദേശ രാജ്യങ്ങളിലേക്ക് വിമാനത്തില്‍ പറക്കല്‍, ഉല്ലസിക്കാന്‍ സീരിയല്‍ നടിമാരുടെ കൂട്ട്… അനീഷ് ബാബുവിന്റെ ജീവിതം സ്വര്‍ഗതുല്യമായിരുന്നു. അങ്ങനെ ആഡംബരത്തില്‍ ലയിച്ച് ജീവിക്കുമ്പോഴായിരുന്നു പിടിവീഴുന്നത്.

വാഴവിള വീട്ടില്‍ ബാബുവിന്റെ ഏക മകനാണ് അനീഷ്. പുത്തൂരിലെ കശുഅണ്ടി ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ബാബു. ഫാക്ടറിയില്‍ നിന്ന് ചെറിയ രീതിയില്‍ കശുഅണ്ടി പരിപ്പ് കൊണ്ടുവന്ന് ചില്ലറ വില്‍പ്പന നടത്തി തുടങ്ങിയതാണ് ബിസിനസ്. അനീഷ് ബാബു എം.ബി.എ ബിരുദ പഠനം കഴിഞ്ഞെത്തിയപ്പോള്‍ അച്ഛന്റെ കശുഅണ്ടി ബിസിനസ് വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. ചെറിയ സമ്ബാദ്യവും കടം വാങ്ങിയതും പുത്തൂരിലെ കശുഅണ്ടി മുതലാളിമാരുടെ സഹായവും ചേര്‍ത്ത് ഒരു ഫാക്ടറി തുടങ്ങി. അത് മെച്ചപ്പെട്ടുവന്നതോടെ യുവ കശുഅണ്ടി വ്യവസായിയെന്ന നിലയിലേക്ക് അനീഷ് ബാബുവിന്റെ പേരും ശ്രദ്ധനേടി. തട്ടിപ്പിലൂടെ സമ്ബത്ത് കൂമിഞ്ഞുകൂടുന്നതിന് മുന്‍പാണ് പനവേലിയില്‍ നിന്ന് വിവാഹം ചെയ്തത്. വല്ലപ്പോഴും മാത്രമേ വീട്ടിലെത്താറുള്ളൂ. ഇവിടെ എത്തിയാല്‍ നാട്ടുകാരുമായി വലിയ അടുപ്പമില്ല. കുടുംബ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഭൂമി വാങ്ങി വലിയ ആഡംബര വീട് നിര്‍മ്മിച്ചു. വീടിന്റെ മുറ്റത്ത് എപ്പോഴും പത്തിലധികം കാറുകള്‍ ഉണ്ടാകും. ബെന്‍സടക്കം മുന്തിയ വാഹനങ്ങള്‍ സ്വന്തമാക്കുന്നതാണ് അനീഷിന്റെ കമ്പം
. ഒന്‍പത് ലക്ഷത്തിന്റെ ബൈക്കും വാങ്ങിയിരുന്നു.

അനീഷ് ബാബു ഒരേ സമയം പലരില്‍ നിന്ന് തോട്ടണ്ടി ഇറക്കി നല്‍കാമെന്ന തരത്തില്‍ ഓര്‍ഡറെടുക്കും. ടാര്‍സാനിയ, ഗിനിബസാവോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തോട്ടണ്ടി ഇറക്കാനുള്ള അഞ്ച് ശതമാനം അഡ്വാന്‍സ് നല്‍കി തോട്ടണ്ടി എടുക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് നൂറുപേര്‍ക്കുള്ള ഓര്‍ഡറെടുത്താല്‍ ഒന്നോ രണ്ടോ പേര്‍ക്ക് നല്‍കാനുള്ളത് മാത്രമേ ലോഡ് വരാറുള്ളൂ. ഈ ലോഡ് വരുന്നതിന്റെ രേഖകള്‍ കാട്ടി എല്ലാവരെയും വിശ്വസിപ്പിക്കുകയും ചെയ്തു. അനീഷ് ബാബുവിനെ മാത്രമാണ് കേസില്‍ അറസ്റ്റ് ചെയ്തത്. അച്ഛന്‍ ബാബുജോര്‍ജ്, അമ്മ അനിതാ ബാബു, സഹായി റോയി ജോര്‍ജ്, സ്റ്റാഫുകളായ അനു സെബാസ്റ്റ്യന്‍, അഖില്‍ തോമസ് എന്നിവരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. അനീഷിന്റെയും ബന്ധുക്കളുടെയും ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. വിദേശ ബാങ്കുകളിലെ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.

അനീഷ് ബാബു തട്ടിച്ചെടുത്ത കോടികള്‍ വിനിയോഗിച്ച് ചില സീരിയല്‍ നടിമാരുമായി അവിഹിത ബന്ധം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സമ്പാദ്യത്തില്‍ നല്ലൊരു പങ്കും ഇത്തരം ആവശ്യങ്ങള്‍ക്കാണ് വിനിയോഗിച്ചിരുന്നത്. ഇടയ്ക്ക് വിദേശ യാത്രകള്‍ക്കും പോകാറുണ്ട്. അടുത്ത സുഹൃത്തായ സര്‍ക്കിള്‍ ഇന്‍സ്പക്ടറെയും ഒപ്പം കൂട്ടും. കൊല്ലത്തെ വ്യവസായിയില്‍ നിന്ന് മുന്‍പ് അഞ്ചര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അനീഷ് ബാബു എയര്‍പോര്‍ട്ടില്‍ നിന്ന് പിടിയിലാകുമ്ബോള്‍ സി.ഐയും ഒപ്പമുണ്ടായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസാണ് അന്ന് കേസ് അന്വേഷിച്ചത്. സി.ഐ മഞ്‌ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘം എയര്‍പോര്‍ട്ടില്‍ നിന്നാണ് അനീഷ് ബാബുവിനെ അന്ന് അറസ്റ്റ് ചെയ്തത്. സുനിലിനൊപ്പം ഉല്ലാസ സവാരിക്ക് പോയപ്പോഴായിരുന്നു അറസ്റ്റ്.