കഠിന വേദന സഹിച്ചായിരുന്നു അഭിനയം, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ആ ദൈവം, തുറന്ന് പറഞ്ഞ് അനീഷ് രവി

മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ താരമാണ് അനീഷ് രവി. നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും മറ്റ് പരിപാടികളിലൂടെയും പ്രേക്ഷകമനസില്‍ ഇടം നേടിയ നടനാണ് അനീഷ്. ഇപ്പോള്‍  തന്റെ അനുഭവവും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. സീരിയല്‍ ഷൂട്ടിങ് പോലും അസഹ്യമായ വേദന സഹിച്ച് ചെയ്യേണ്ടി വന്നുവെന്നും ആ ദുരിതത്തില്‍ നിന്നും തന്നെ രക്ഷിക്കാന്‍ ഡോക്ടറുടെ രൂപത്തില്‍ ഒറു ദൈവം എത്തിയെന്നും പറയുകയാണ് അനീഷ്.

അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ;

‘മിന്നുകെട്ട് സീരിയലില്‍ അഭിനയിക്കുന്ന സമയം. കരിയറിലെ ഏറ്റവും നല്ല അവസരമായിരുന്നു അത്. പക്ഷേ ആ സന്തോഷത്തിനിടയിലും കടുത്ത വേദനയിലൂടെയാണ് ഞാന്‍ കടന്നുപോയിരുന്നത്. എന്റെ തലച്ചോറിലൊരു സ്‌പോട്ട് രൂപപ്പെട്ടു. കഠിനമായ വേദനയായിരുന്നു. കൃഷ്ണമണികള്‍ ചലിപ്പിക്കുന്നതും ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിക്കുന്നതുമെല്ലാം എന്ന വേദനിപ്പിച്ചു കൊണ്ടിരുന്നു.

ഈ കഠിന വേദന സഹിച്ചായിരുന്നു അഭിനയം. ശരിക്കൊന്നു കുനിയാനോ നിവരാനോ പോലും സാധിക്കാത്ത അവസ്ഥ ജീവിതത്തെ നിശ്ചലമാക്കിയതു പോലെ തോന്നി. ആ സമയത്ത് ക്ഷേത്രങ്ങളിലും പള്ളികളിലുമൊക്കെ പോയാല്‍ ‘യാതൊരുവിധ കഴിവുകളും വേണ്ട, ഈ വേദനയൊന്നു മാറ്റിത്തരണേ’ എന്നൊരു പ്രാര്‍ഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

അങ്ങനെ അസഹ്യമായ വേദനയിലൂടെ ഞാന്‍ കടന്നു പോകുന്ന സമയത്താണ് ഭാര്യയുടെ ചേച്ചി ഡോക്ടര്‍ രാജലക്ഷ്മി വഴി ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ന്യൂറോ സര്‍ജനായ ഡോക്ടര്‍ ഈശ്വറിന്റെ അടുത്തെത്തുന്നത്. അദ്ദേഹത്തിന്റെ ചികിത്സയും പരിചരണവും പിന്തുണയുമാണ് എന്റെ രോഗം മാറ്റിയത്. വേദന കൊണ്ട് സഹികെട്ടിരിക്കുന്ന സമയത്ത് അദ്ദേഹം വളരെ രസകരമായും ഹൃദ്യമായും ആശ്വസിപ്പിക്കും. സമാധാനവും സ്‌നേഹവും കരുതലുമൊക്കെ അദ്ദേഹത്തിന്റെ ചികിത്സയില്‍ വേണ്ടുവോളമുണ്ടായിരുന്നു. അങ്ങനെ മാനസിക പക്വതയോടെ ആ രോഗത്തെ നേരിടാന്‍ എനിക്ക് സാധിച്ചു.

രണ്ടു വര്‍ഷത്തോളം മരുന്നു കഴിച്ചു. ആ രോഗം പൂര്‍ണമായി എന്നെ വിട്ടു പോയി. അങ്ങനെ എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഒരു സമയത്ത് ഈശ്വര തുല്യനായിനിന്ന ഈശ്വര്‍ സാറിനെ ഞാനെന്നും ഓര്‍ക്കും’