ഗുണ്ടാ ആക്രമണം; അങ്കമാലിയിൽ പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ വെട്ടി വീഴ്ത്തി

അങ്കമാലി കാഞ്ഞൂരിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ നടുറോട്ടിൽ വെട്ടി വീഴ്ത്തി. രാവിലെ പതിനൊന്നു മണിയോടെയാണ് കാഞ്ഞൂർ സ്വദേശി റെജിക്കു വെട്ടേറ്റത്. പുതിയേടം തിരുനാരായണപുരം സ്വദേശി റെജിയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നടുറോട്ടിൽ വെട്ടി വീഴ്ത്തുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ റെജിയെ അക്രമികൾ തുരുതുരാ വെട്ടി. നാട്ടുകാർ ഓടിയെത്തിയതോടെ ഗുണ്ടാ സംഘം സ്ഥലത്തു നിന്ന് ബൈക്കിൽ രക്ഷപെട്ടു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഗുരുതരമായി പരുക്കേറ്റ റെജിയെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡരുകിലെ സിസിടിവി ക്യാമറയിൽ ആക്രമണത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പ്രദേശത്തു പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ റെജിയുടെ പേരിൽ നിരവധി കേസുകൾ നിലവിലുള്ളതായും ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യമെന്നും പൊലീസ് പറയുന്നു.