എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇൻസ്പിരേഷനും ഫൈറ്ററും ആയിരുന്നു

ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് ട്രാൻസ്‌ജെൻഡർ യുവതി അനന്യ കുമാരി അലക്‌സ് ഇന്നലെയാണ് ജീവനൊടുക്കിയത്. എറണാകുളത്തെ ഫ്‌ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് അനന്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. അനന്യയുടെ മരണത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി അഞ്ജലി അമീർ.

‘എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇൻസ്പിരേഷനും ഫൈറ്ററും ആയിരുന്നു. ഞങ്ങൾക്കൊക്കെ എത്രയെത്ര സ്വപ്നങ്ങൾ നീ ഷെയർ ചെയ്തിരുന്നു. അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ.’-അനന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച്‌ അഞ്ജലി അമീർ കുറിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന് അനന്യ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷ പിന്നിട്ടിട്ടും ജോലി ചെയ്യാനും ഒരു സമയത്തിൽ കൂടുതൽ എഴുന്നേറ്റ് നിൽക്കാനും സാധിക്കുന്നില്ല എന്നായിരുന്നു അനന്യയുടെ പരാതി. ഇതു കൂടാതെ ശാരീരിക പ്രശ്നങ്ങളും നേരിട്ടിരുന്നതായി അനന്യ ആരോപിച്ചിരുന്നു. കേരളത്തിൽ ആദ്യമായി റേഡിയോ ജോക്കിയായ ട്രാൻസ് വ്യക്തിയാണ് അനന്യ. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ ട്രാൻസ് വ്യക്തി കൂടിയാണ് അനന്യ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ നിന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടിയാണ് മത്സരിച്ചത്.