എത്ര സ്ത്രീകള്‍ക്ക് സ്വന്തം ജോലി ചെയ്തു കിട്ടുന്ന പണം സ്വന്തം ഇഷ്ടത്തിന് ചിലവാക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്, അഞ്ജലി ചന്ദ്രന്‍ പറയുന്നു

നടിയും മോഡലുമായ ഷഹനയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹനയുടെ വരുമാനത്തെ ചൊല്ലി ഭര്‍ത്താവ് സ്ഥിരമായി വഴക്കിട്ടിരുന്നു. പലപ്പോഴും ഷഹനയുടെ പണവും മറ്റും നിയന്ത്രിച്ചിരുന്നതും ഭര്‍ത്താവണ്. ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് അഞ്ജലി ചന്ദ്രന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സാമ്പത്തിക സ്വാതന്ത്ര്യം ഓരോ സ്ത്രീയുടെയും അവകാശമാണ്. അത് ആരുടെയും ഔദാര്യമല്ല എന്നത് നമ്മളുടെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞ് തുടങ്ങുന്നുണ്ട്. തങ്ങളുടെ ഇഷ്ടത്തിന് ചിലവാക്കാന്‍ ഉള്ളതല്ല ഭാര്യയുടെ സമ്പാദ്യം എന്നത് തിരിച്ചറിയാത്ത ഇനിയും നേരം വെളുക്കാത്തവര്‍ ആണ് അവളുടെ പണത്തിലും സ്വര്‍ണത്തിലും കണ്ണ് വെയ്ക്കുന്നവര്‍. അത്തരത്തില്‍ ഉള്ള ആളുകളുടെ ഉപദ്രവങ്ങളെ ഒരു ദയയും തോന്നാതെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. അത്തരക്കാര്‍ക്കുള്ള ശിക്ഷകള്‍ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ നടക്കുന്നു എന്നത് അതിനോട് ബന്ധപ്പെട്ട സര്‍ക്കാറിന്റെ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തണം. – അഞ്ജലി ചന്ദ്രന്‍ കുറിച്ചു.

അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങനെ, നമ്മുടെ പെണ്‍കുട്ടികളോട് നമ്മള്‍ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. സ്വന്തം കാലില്‍ നിന്ന ശേഷമേ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പാടുള്ളൂ എന്ന്. ഈ സ്വന്തം കാലില്‍ നില്‍ക്കല്‍ എന്നത് കൊണ്ട് ഒരു ജോലി നേടാന്‍ ആണ് പലരും പറയാതെ പറയുന്നത്. പക്ഷേ നമ്മളില്‍ പലരും ചിന്തിക്കാത്ത ഒരു കാര്യമാണ് എത്ര സ്ത്രീകള്‍ക്ക് സ്വന്തം ജോലി ചെയ്തു കിട്ടുന്ന പണം സ്വന്തം ഇഷ്ടത്തിന് ചിലവാക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്നത്? ജോലി ചെയ്ത പണം ഭര്‍ത്താവിന് നല്‍കാത്തതിനെ ചൊല്ലി ഉണ്ടായ വഴക്കിന് ശേഷം ഷഹ്ന എന്ന പെണ്‍കുട്ടി മരണപ്പെട്ടിട്ടുണ്ട്.

ആന്‍ലിയ, ഉത്ര, വിസ്മയ, മോഫിയ, റിഫ, സുവ്യ ലിസ്റ്റ് അനന്തമായി നീളുകയാണ്. തങ്ങളുടെ മകള്‍ കടന്നു പോവുന്നത് ഗാര്‍ഹിക പീഡനമാവുമ്പോളും സഹിക്കാനും പൊറുക്കാനും പറയുകയും അവളുടെ മരണ ശേഷം ഭര്‍തൃവീട്ടുകാരുടെ പ്രശ്‌നങ്ങള്‍ എണ്ണി പെറുക്കി പറയുകയും ചെയ്യുന്ന വീട്ടുകാരും ഭര്‍തൃ വീട്ടുകാരെ പോലെ കുറ്റക്കാര്‍ ആണ്. വിവാഹം കഴിപ്പിച്ച് ഭാരം ഒഴിവാക്കാന്‍ ഉള്ള ക്വിന്റല്‍ വെയ്സ്റ്റ് ചാക്കു കെട്ടുകള്‍ അല്ല പെണ്‍കുട്ടികള്‍. പല പെണ്‍കുട്ടികളും തങ്ങളുടെ സഹോദരങ്ങളുടെ ഭാവി ജീവിതം കൂടി ഓര്‍ത്താണ് ഇത്തരം പീഡനങ്ങള്‍ സഹിച്ച് ജീവിക്കുന്നത്. സ്വന്തം സഹോദരന്റെ വിവാഹം കഴിയുന്ന വരെ ഗാര്‍ഹിക പീഡനം ആരോടും പറയാതെ സഹിച്ച ഒരു പെണ്‍കുട്ടിയെ അറിയാം. താന്‍ കാരണം സഹോദരന് വിവാഹത്തിന് ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന നിര്‍ബന്ധം കൊണ്ട് ഒരു തരത്തിലും വര്‍ഷങ്ങള്‍ക്ക് ശേഷവും മാപ്പ് കൊടുക്കാന്‍ പറ്റാത്ത ഭര്‍തൃവീട്ടുകാരുടെ കൂടെ കുറെ വര്‍ഷങ്ങള്‍ എല്ലാം സഹിച്ച് അവളു ജീവിച്ചത്. വിവാഹിതയായ പെണ്‍കുട്ടി തിരികെ വന്നാല്‍ അത് മാതാപിതാക്കളുടെ വളര്‍ത്തു ദോഷം ആയി കണക്കാക്കുന്ന നമ്മളുടെ സമൂഹവും ഇതില്‍ പ്രതിയാണ്. വിവാഹം കഴിഞ്ഞ് ചെല്ലുന്ന വീട്ടില്‍ എന്തും സഹിച്ചും ക്ഷമിച്ചും ജീവിക്കുക എന്നതാണ് അവളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വിലയുള്ളവള്‍ ആക്കുക എന്നതാണ് നാട്ടുനടപ്പ്. ഇതിനെ മറികടക്കുന്ന പെണ്‍കുട്ടികള്‍ അധികപ്രസംഗികള്‍ ആയി മാറുന്നതും ഇതേ നാട്ടുനടപ്പിന്റെ ഭാഗമാണ്.

വിവാഹം കഴിഞ്ഞു, ഭര്‍ത്താവ് ഇല്ലാതെ വീട്ടില്‍ വരുന്ന പെണ്‍കുട്ടികളോട് പ്രവാസികളോടെന്ന പോലെ എന്ന് തിരികെ പോവും എന്ന് ചോദിക്കുന്ന ഒരു പ്രവണത നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. ഒരു പെണ്‍കുട്ടി അവളുടെ വിവാഹം വരെ നിന്ന വീട്ടില്‍ അതെ പോലെ അതിനു ശേഷവും നില്‍ക്കാന്‍ അവള്‍ക്ക് ആരുടെ മുന്നിലും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ട ആവശ്യം ഇല്ല. മകളെ കല്യാണം കഴിപ്പിക്കാന്‍ എടുക്കുന്ന അധ്വാനത്തിന്റെ പകുതി മതി ടോക്സിക്ക് ആയ സാഹചര്യങ്ങളില്‍ നിന്ന് അവളെ മാറ്റി നിര്‍ത്താന്‍. സ്വന്തം കുട്ടിയോട് അതിനുള്ള മനസലിവ് കാണിക്കാന്‍ സാധിക്കുന്ന ഓരോ രക്ഷിതാവിനും ഒരു ആത്മഹത്യയോ കൊലപാതകമോ ഒഴിവാക്കാന്‍ സാധിക്കും. നിങ്ങളുടെ മകളെ കാണാനും സംസാരിക്കാനും ആരുടെയും അനുവാദം നിങ്ങള്‍ക്ക് ആവശ്യം ഇല്ല എന്നും ആവശ്യം വന്നാല്‍ അതിനു നിയമസഹായം തേടാനും തയ്യാറാവണം. സ്വന്തം മകളെ മാതാപിതാക്കളെ കാണാന്‍ സമ്മതിക്കാത്ത ഒരു സാഹചര്യത്തില്‍ അവള്‍ക്ക് എന്ത് സുരക്ഷ ആണ് ഉണ്ടാവുക എന്ന ഒറ്റ ചോദ്യം സ്വയം ചോദിച്ചാല്‍ അടുത്ത നിമിഷം മകളെ സുരക്ഷിതരായി തിരികെ എത്തിക്കാന്‍ ഉള്ള വഴി കണ്ടെത്താന്‍ പറ്റും.

വിവാഹത്തോടെ മകള്‍ എന്ന ഭാരം ഒഴിഞ്ഞു എന്നും അവളുടെ ജീവിതം അവളുടെ മാത്രം ഉത്തരവാദിത്തം എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുള്ള ,പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി നിയമങ്ങള്‍ ഉള്ള നമ്മളുടെ നാട്ടില്‍ വീട്ടുകാര്‍ സ്വീകരിച്ചില്ലെങ്കില്‍ അവള്‍ക്ക് കയറി വരാന്‍ പറ്റിയ ഷെല്‍ട്ടര്‍ ഹോമുകള്‍ വേണം. മധ്യസ്ഥ ചര്‍ച്ച നടത്തി തിരികെ വിടുന്ന , പെണ്‍വീട്ടുകാരുടെ ഉത്തരവാദിത്വമില്ലായ്മ ചോദ്യം ചെയ്യുന്ന നിയമപാലകര്‍ ഇല്ലാതാവേണ്ടതുണ്ട്. ഇന്ന് മരണപ്പെട്ട പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് ഉള്ള അയല്‍വാസികള്‍ പോലീസിനെ വിളിച്ചു പറഞ്ഞതു കൊണ്ടാണ് പോലീസ് സ്ഥലത്ത് എത്തിയത്. മോഫിയയുടെ മരണത്തിന് ഉത്തരവാദി പരാതിയുമായി ചെന്നപ്പോള്‍ അവളെ അപമാനിച്ചു വിട്ട നിയമപാലകര്‍ ആണ്. വിസ്മയയുടെ കേസില്‍ ബഹളം കേട്ടിട്ടും വീട്ടുകാര്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞ് നോക്കിയില്ല എന്നത് വായിച്ചത് ഓര്‍ക്കുന്നു. തൊട്ടു മുന്നില്‍ ഒരു പെണ്‍കുട്ടി മരണത്തെ മുഖാമുഖം കാണുമ്പോള്‍ പോലും തിരിഞ്ഞു നോക്കാതെ ഇരിക്കുന്ന ഭര്‍തൃവീട്ടിലെ ആളുകളുടെ ഇടയിലേക്ക് ആണ് പലപ്പോളും നമ്മള്‍ പെണ്‍കുട്ടികളെ ‘ഇത്തവണത്തേയ്ക്ക് ക്ഷമിക്കാന്‍’ പറഞ്ഞു തിരികെ വിടുന്നത്. കൊന്നാല്‍ പോലും തങ്ങളെ തിരഞ്ഞ് വരാന്‍ ആരുമില്ല എന്ന തോന്നലില്‍ ആത്മഹത്യ ചെയ്തു യാത്രയാവുന്നു പല പെണ്‍കുട്ടികളും.

സാമ്പത്തിക സ്വാതന്ത്ര്യം ഓരോ സ്ത്രീയുടെയും അവകാശമാണ്. അത് ആരുടെയും ഔദാര്യമല്ല എന്നത് നമ്മളുടെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞ് തുടങ്ങുന്നുണ്ട്. തങ്ങളുടെ ഇഷ്ടത്തിന് ചിലവാക്കാന്‍ ഉള്ളതല്ല ഭാര്യയുടെ സമ്പാദ്യം എന്നത് തിരിച്ചറിയാത്ത ഇനിയും നേരം വെളുക്കാത്തവര്‍ ആണ് അവളുടെ പണത്തിലും സ്വര്‍ണത്തിലും കണ്ണ് വെയ്ക്കുന്നവര്‍. അത്തരത്തില്‍ ഉള്ള ആളുകളുടെ ഉപദ്രവങ്ങളെ ഒരു ദയയും തോന്നാതെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. അത്തരക്കാര്‍ക്കുള്ള ശിക്ഷകള്‍ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ നടക്കുന്നു എന്നത് അതിനോട് ബന്ധപ്പെട്ട സര്‍ക്കാറിന്റെ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തണം.

കടന്നു പോയ ഗാര്‍ഹിക പീഡനങ്ങളെ ഒരു ചെറുവിരല്‍ കൊണ്ട് പോലും എതിര്‍ക്കാന്‍ അറിവില്ലാതെ പോയ മുന്‍തലമുറ പലയിടത്തും നിശബ്ദരായി പോയത് കൊണ്ടാണ് ഇന്നും ഈ അനാചാരങ്ങള്‍ ഇവിടെ അരങ്ങേറുന്നത്. ഇപ്പോളത്തെ ഞാന്‍ ആണെങ്കില്‍ ഭര്‍തൃ വീട്ടുകാര്‍ക്ക് എതിരെ ഒരു തവണ എങ്കിലും ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തേനെ എന്ന് പറഞ്ഞ പലരെയും അറിയാം. നിയമങ്ങളെ ശരിക്കും ഉപയോഗിക്കാനും , ഉള്ള നിയമങ്ങള്‍ യഥാവിധി നടക്കുന്നു എന്നുറപ്പ് വരുത്തുന്ന കുറ്റമറ്റ സംവിധാനങ്ങള്‍ നമ്മളുടെ സമൂഹം വളരട്ടെ. ഒപ്പം അറിയുന്ന ഒരാളെയും ഗാര്‍ഹിക പീഡനത്തിന് വിട്ടു കൊടുക്കില്ല എന്ന ഉറച്ച തീരുമാനം നമ്മളും എടുത്തേ പറ്റൂ.