ഫയർസ്റ്റേഷനിലെ വാതിൽക്കൽ ഭക്ഷണം പോലും കഴിക്കാതെ രഞ്ജിത്തിനെയും കാത്ത് കിടക്കുകയാണ് സൂസി, സങ്കടക്കാഴ്ച

തിരുവനന്തപുരം : തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ കാത്തുകിടക്കുകയാണ് സൂസി ഇപ്പോഴും. ഡ്യൂട്ടിക്കിടെ മരിച്ച ചാക്ക ഫയർ സ്റ്റേഷനിലെ ഫയർമാൻ ര‌ഞ്ജിത്തിന്റെ പ്രിയപ്പെട്ട നായയാണ് സൂസി. രഞ്ജിത്തിന്റെ വേർപാടിന് ശേഷം സൂസി ഫയർസ്റ്റേഷനിലെ വാതിൽക്കൽ രഞ്ജിത്തിനെയും കാത്ത് കിടക്കുകയാണ്. തെരുവിൽ നിന്ന് കിട്ടിയ നായയെ ഉദ്യോഗസ്ഥർ വളർത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സൂസി ഇവിടെയാണുള്ളത്. ഞ്ജിത്തിന്റെ വേർപാടിന് ശേഷം സൂസി ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയിട്ടില്ല.

അടുപ്പമേറെയും രഞ്ജിത്തിനോടായിരുന്നു. കുറച്ച് നാൾ മുമ്പ് രഞ്ജിത്ത് സൂസിയെ കളിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഞ്ജിത്ത് എത്തിയാൽ പിന്നിൽ നിന്ന് മാറില്ല. തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ പിണക്കം നടിച്ചു കിടക്കും. ഫയർ ഫോഴ്സ് വാഹനങ്ങളുടെ സൈറൺ മുഴങ്ങുമ്പോൾ അനങ്ങാതെ കിടക്കുന്ന സൂസി ചൊവ്വാഴ്ച പതിവിന് വിപരീതമായി ആംബുലൻസിന്റെ സൈറൻ കേട്ട് അസ്വസ്ഥയായി.

രഞ്ജിത്തിന്റെ വിടവ് ഫയർസ്റ്റേഷനിലെങ്ങും തെളിഞ്ഞു കാണാനാകും. ക്രിക്കറ്റ് ഏറെ പ്രിയപ്പെട്ട ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്തിനെ ആറ്റിങ്ങൽ സച്ചിൻ എന്നായിരുന്നു സഹപ്രവർത്തകർ വിളിച്ചിരുന്നത്. ഡബിൾ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അധികമായി ഭക്ഷണവും കൊണ്ടുവരുമായിരുന്നു. സൂസിയെ പോലെ തന്നെ രഞ്ജിത്തിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് ഉദ്യോഗസ്ഥരും.