പോലീസ് പ്രൊട്ടക്ഷനോടെ രാത്രി നടത്തം നടത്തിയ അത്ഭുതമാന സ്ത്രീകള്‍, 2022 ക്യൂബളത്തിലെ ഏറ്റവും വലിയ കോമഡി ഷോ, പരിഹാസവുമായി അഞ്ജു പാര്‍വതി

പോലീസ് പ്രൊട്ടക്ഷനില്‍ രാത്രി നടത്തം നടത്തിയ ആക്ടിവിസ്റ്റുകളെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാര്‍വതി പ്രഭീഷ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. 2022 ല്‍ നവോത്ഥാന പുരോഗമന കേരളം എവിടെയെത്തി നില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് ഈ റോഡ് ഷോയെന്ന് അഞ്ജു പാര്‍വതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

അഞ്ജു പാര്‍വതിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ, 2022 ല്‍ നവോത്ഥാന പുരോഗമന കേരളം എവിടെയെത്തി നില്ക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ചിത്രവും അത് പ്രതിനിധാനം ചെയ്ത തലക്കെട്ടുകളും. നമ്മുടെ കേരളം പാവയ്ക്കാ പോലെ താഴോട്ടു വളര്‍ന്നുവെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇത്. ആളും ആരവങ്ങളും അകമ്ബടിയും പോലീസ് പെട്രോളിങ്ങുമായി രാത്രിയില്‍ ഒരു റോഡ് ഷോ നടത്തുക. എന്നിട്ട് ഇടതുവശത്തിന്റെ ഓരം മാത്രം ചേര്‍ന്നു നടന്നു ശീലിച്ച കുറേ സ്വയം പ്രഖ്യാപിത ആക്ടിവിസ്റ്റുകള്‍ കളര്‍ഫുള്‍ ഡ്രെസ്സൊക്കെയിട്ട് ഈ റോഡ് ഷോയില്‍ പങ്കെടുക്കുക. അത് കണ്ട് രോമാഞ്ചിഫിക്കേഷന്‍ വന്ന എം.എല്‍. എ ഇവരെ അത്ഭുത സ്ത്രീകള്‍ എന്ന് വിശേഷിപ്പിക്കുക! അത് കണ്ട് അന്തവും കുന്തവുമില്ലാത്ത അന്തംസ് കയ്യടിക്കുക .

എന്തൊക്കെ പ്രഹസനങ്ങളാണ് സജീ? ബഹിരാകാശത്ത് വനിതകള്‍ കൂളായി വിനോദസഞ്ചാരം നടത്തുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെ പോലീസ് പ്രൊട്ടക്ഷനോടെ രാത്രി നടത്തം നടത്തിയ ഈ അത്ഭുതമാന സ്ത്രീകള്‍ പൊതുസമൂഹത്തിന് നല്കിയ സന്ദേശം എന്താണ്? പ്രബുദ്ധ നവോത്ഥാന കേരളത്തിലെ പുരുഷുപ്രജകള്‍ അത്രമേല്‍ പ്രശ്‌നക്കാരാണ് എന്നോ? സ്ത്രീ സുരക്ഷയ്ക്ക് 50 ലക്ഷത്തിന്റെ വനിതാ മതില്‍ കെട്ടിയ കേരളത്തില്‍ രാത്രിയാത്ര സ്ത്രീകള്‍ നടത്തണമെങ്കില്‍ അതിന് ആളും അകമ്ബടിയും കൂടിയേ തീരു എന്നാണോ? അതോ ഒറ്റയ്ക്ക് രാത്രിയാത്ര ചെയ്യാന്‍ പറ്റാത്ത ഒരിടമാണ് നവോത്ഥാന പ്രബുദ്ധ കേരളം എന്നോ?

പത്തു നാല്പതു കൊല്ലം മുമ്ബ് കേരളം ഇങ്ങനെ പുരോഗമിക്കും മുന്നേ തല ചുമടായി പച്ചക്കറിയും മറ്റും ചുമന്ന് രാത്രി രണ്ടിനും മൂന്നിനും ഒക്കെ സ്ത്രീകള്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് തിങ്കള്‍ ചന്തയിലും ഞായര്‍ ചന്തയിലും കച്ചവടത്തിനായി എത്താന്‍ വീടുകളില്‍ നിന്നും ഇറങ്ങിയിരുന്നു. അന്ന് അവര്‍ക്ക് ഇതു പോലെ സംരക്ഷണം നല്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്തിന് വഴിവിളക്കുകള്‍ പോലും ഉണ്ടായിരുന്നില്ല. അമ്ബത് ലക്ഷത്തിന്റെ മതിലു കെട്ടാതെ തന്നെ സുരക്ഷിതയാവാന്‍ അന്നത്തെ സ്ത്രീകള്‍ക്ക് അറിയുമായിരുന്നു. രാത്രിയെ പകലാക്കി നിര്‍ഭയം സഞ്ചരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു മനുഷ്യരേ!

കാലം മാറിയപ്പോള്‍ നാട് വികസിച്ചു. പക്ഷേ മനുഷ്യരുടെ മനസ്സ് ചുരുങ്ങി പോയി. മലയാളി ആധുനികതയുടെ പിന്നാലെ പായുന്ന കൂട്ടത്തില്‍ പൈതൃകമായി കിട്ടിയ പല നല്ല ശീലങ്ങളെയും കൈവിട്ടു. പിഞ്ചു ശരീരങ്ങളില്‍ വരെ കാമം തിരയാന്‍ അവന്‍ ശീലിച്ചു. പത്തു വയസ്സുകാരിയില്‍ കാമം കണ്ട മഞ്ച് കുമാരന്മാരെ ലവ് വാട്ട് യു ആര്‍ എന്ന് പ്രോത്സാഹിപ്പിക്കാന്‍ ആളുണ്ടായി. ഗുല്‍മോഹര്‍ ചോട്ടിലെ ചേച്ചിപ്പെണ്ണുങ്ങളോട് ആദരവാല്‍ ആദരവ് തോന്നണമെങ്കില്‍ സെക്‌സ് സംസാരിക്കണമെന്ന നിബന്ധനയുണ്ടായി. കണ്‍സന്റ് എന്ന വാക്കും കൈയില്‍ പിടിച്ച് ഞരമ്ബന്മാര്‍ നാലുപാടും പുരോഗമനം പറയാന്‍ തുടങ്ങി. വീ വാണ്ട് സെക്ഷ്വല്‍ ഫ്രീഡം എന്ന മുദ്രാവാകൃങ്ങള്‍ കലാലയ കവാടങ്ങളില്‍ നിരന്നു തുടങ്ങി. ഒടുക്കം എന്തായി?

സ്വന്തം മുറിയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ പോലും പെണ്ണ് സുരക്ഷിതയല്ലെന്ന് ജിഷയിലൂടെ നാം കണ്ടു. ഓടുന്ന ട്രെയിനില്‍ അവര്‍ സുരക്ഷിതയല്ലെന്ന് സൗമ്യ അടിവരയിട്ടു. പിഞ്ചു മേനികള്‍ കൊത്താന്‍ പറക്കുന്ന കഴുകന്മാര്‍ ചുറ്റിലുമുണ്ടെന്ന് വാളയാറിലെ തൂങ്ങിയാടിയ കുഞ്ഞുങ്ങള്‍ സാക്ഷ്യം പറഞ്ഞു. രോഗാവസ്ഥയില്‍ വരെ കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതയല്ലെന്ന് കേട്ടുകേള്‍വിയില്ലാത്ത ആബുലന്‍സ് പീഡനം തെളിയിച്ചു. അങ്ങനെ എണ്ണിയാല്‍ തീരാത്ത അത്രയും പീഡനങ്ങളാണ് ഒരു പത്തുകൊല്ലത്തിനിടയില്‍ സാക്ഷര പ്രബുദ്ധ കേരളത്തില്‍ നടന്നു.

സൂര്യചന്ദ്രന്മാരുടെ വരവിനെയും പോക്കിനെയും അടിസ്ഥാനമാക്കി മാത്രമുള്ളതല്ല സ്ത്രീ സുരക്ഷിതത്വം എന്നു മനസ്സിലാക്കാന്‍ കഴിയാത്ത മരയൂളകളുടെ ഈ റോഡ് ഷോ തുറന്നു കാട്ടുന്നുണ്ട് അഭിനവ കേരളം സ്ത്രീ സുരക്ഷയില്‍ എത്ര പിന്നിലാണെന്ന്. ഇത് മുന്നേറ്റമല്ല! പിന്നിലേയ്ക്കുള്ള നടത്തമാണ്. പെണ്‍കുട്ടി സ്റ്റേജില്‍ കയറിയാല്‍ മാനം ഇടിയും എന്ന ഗോത്രശാസനത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ത്രാണിയില്ലാത്ത ഇവറ്റകളുടെ ഈ ചീപ്പ് ഷോയെ അര്‍ഹിച്ച അവഗണനയോടെ തള്ളിക്കളയുന്നുണ്ട് ബോധമുള്ള മനുഷ്യര്‍. 2022 ക്യൂബളത്തിലെ ഏറ്റവും വലിയ കോമഡി ഷോ ആണ് ഈ റോഡ് ഷോ . അപ്പോള്‍ 2022ലെ ബെസ്റ്റ് കൊമേഡിയന്‍ ആര് എന്നതിന്റെ ഉത്തരം എന്തായിരിക്കും? ഈ ചീപ്പ് പെയ്ഡ് ഷോയിലെ പാര്‍ട്ടിസിപ്പന്‍സിനെ അത്ഭുത സ്ത്രീകള്‍ എന്ന് വിശേഷിപ്പിച്ച ആ അത്ഭുതമാന മനുഷ്യന്‍ തന്നെ