
ദ്രാവിഡ പാർട്ടികൾ ഭരണം കയ്യാളുന്ന നാട്ടിൽപൂജാവിധികൾ സ്ത്രീകൾ ചെയുന്നു എന്ന് കൊട്ടിഘോഷിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന കുറിപ്പ് പങ്കിട്ട് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. പഴക്കമുള്ള ഒരു ആചാരത്തിന്റെ പുത്തൻ വേർഷൻ നവോത്ഥാനമെന്ന പേരിൽ നൂലിൽ കെട്ടി ഇറക്കി അർമാദിക്കുമ്പോൾ ഒന്ന് മണ്ണാറശ്ശാല എന്ന് ഗൂഗിൾ ചെയ്യുക. നവോത്ഥാന പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും കേരളത്തിൽ മുളപൊട്ടുന്നതിനു മുൻപേ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാരഥ്യത്തിലേക്കു സ്ത്രീകളെ കൈപിടിച്ചുയർത്തിയ ഒരു ഇല്ലവും അവിടുത്തെ പൂർവികരും നമ്മുടെ സ്വന്തം നാട്ടിൽ ഉണ്ടല്ലോയെന്ന് അഞ്ജു പറയുന്നു
കുറിപ്പിൻറെ പൂർണ്ണരൂപം
ഒരുപക്ഷേ തമിഴ്നാട്ടിൽ ഇത് ചരിത്രമായിരിക്കാം. പക്ഷേ ആ ചരിത്രം കണ്ടിട്ട് അയ്യോ സ്റ്റാലിൻ സർക്കാർ ചരിത്രം സൃഷ്ടിച്ചേ, സനാതനധർമ്മത്തിന്റെ നടപ്പ് രീതികളെ പൊട്ടിച്ചേ എന്നൊക്കെ അർമാദിക്കുന്ന മല്ലു പ്രബുദ്ധരെ കാണുമ്പോൾ ചിരിയാണ് വരുന്നത്. കാരണം ഇതൊന്നും ഇവിടുത്തെ ഹൈന്ദവവിശ്വാസസമൂഹത്തിനു പുതുമയുള്ള കാഴ്ചയേ അല്ലല്ലോ.നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരത്തിന്റെ പുത്തൻ വേർഷൻ നവോത്ഥാനമെന്ന പേരിൽ നൂലിൽ കെട്ടി ഇറക്കി അർമാദിക്കുമ്പോൾ ഒന്ന് മണ്ണാറശ്ശാല എന്ന് ഗൂഗിൾ ചെയ്യുക. നവോത്ഥാന പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും കേരളത്തിൽ മുളപൊട്ടുന്നതിനു മുൻപേ കുടുംബത്തിന്റെയും സമൂഹത്തിന്റെയും
സാരഥ്യത്തിലേക്കു സ്ത്രീകളെ കൈപിടിച്ചുയർത്തിയ ഒരു ഇല്ലവും അവിടുത്തെ പൂർവികരും നമ്മുടെ സ്വന്തം നാട്ടിൽ ഉണ്ടല്ലോ.
ചരിത്രപ്രധാനമായ ഒരു ക്ഷേത്രത്തിന്റെ താക്കോൽ സ്ഥാനം പാരമ്പര്യമായി സ്ത്രീകൾക്കു കൈമാറി വരുന്ന മണ്ണാറശാല ഇല്ലവും അവിടുത്തെ നാഗക്ഷേത്രവും!!മുക്കാൽ നൂറ്റാണ്ട് പൂജ ചെയ്ത സാവിത്രി അന്തർജനവും അവരുടെ പിൻഗാമിയായ ഉമാദേവി അന്തർജനവും ഈ നൂറ്റാണ്ടിൽ നമ്മൾ കണ്ട പൂജാരിണിമാരാണ്. അതായത് ജനലക്ഷങ്ങൾ ആരാധിക്കുന്ന നാഗസങ്കല്പത്തിനു മുഖ്യ പുരോഹിത്യം നടത്തുന്നത് സ്ത്രീയാണെന്നു സാരം.. നൂറ്റാണ്ടുകൾക്ക് മുന്നേ തുടങ്ങിയ നിയോഗം!!
സനാതനധർമ്മത്തിൽ പൂജാവിധികൾ സ്ത്രീകൾ ചെയ്യുന്നത് ഒന്നും പുതുമയുള്ള കാര്യങ്ങൾ അല്ല. വൈദികകാലഘട്ടത്തിൽ യാഗപൂജാദികൾ സ്ത്രീകൾ നടത്തിയിരുന്നു. ആർത്തവം ഉള്ളത് കൊണ്ട് സ്ത്രീകൾ രണ്ടാംതരക്കാരാണ് എന്ന വ്യാഖ്യാനവുമില്ല. ലിംഗപൂജ പോലെ യോനി പൂജ നടത്തുന്ന കാമാഖ്യ ക്ഷേത്രം അങ്ങ് അകലെയാണെങ്കിൽ നമ്മുടെ സ്വന്തം കേരളത്തിൽ ദേവിയുടെ ആർത്തവം ഉത്സവമായി കൊണ്ടാടുന്ന ക്ഷേത്രം പോലുമുണ്ട്.
നവോത്ഥാനത്തിന്റെ പേരിൽ കവല തോറും ഫ്ലക്സ് കെട്ടി ആർപ്പോ ഇർറോ വിളിയോടെ, ഉപയോഗിച്ച പാഡ് ഉയർത്തിക്കാട്ടി ആർത്തവം എന്ന് വിളിച്ച പുരോഗമനകുഞ്ഞുങ്ങൾ തൃപ്പൂത്ത് എന്ന് കേട്ടിരിക്കാൻ ഇടയില്ല. ശബരിഗിരിനാഥന്റെ പുണ്യവുമായി ഒഴുകിയെത്തുന്ന പമ്പാ നദിയുടെ പടിഞ്ഞാറേക്കരയിലാണ് ചെങ്ങന്നൂർ ശ്രീ മഹാദേവക്ഷേത്രം. അവിടെ നടക്കുന്ന ചടങ്ങാണ് തൃപ്പൂത്താറാട്ട്. അതായത് ശ്രീ മഹാദേവന്റെ പാതിയായ ശ്രീപാർവ്വതി രജസ്വലയാകുമ്പോൾ കൊണ്ടാടുന്ന ആഘോഷമാണ് തൃപ്പൂത്താറാട്ട്. (ഇനി നിങ്ങടെ പുരോഗമന ഭാഷയിൽ പറഞ്ഞാൽ മഹാദേവന്റെ ലിവിങ്ങ് പാർട്ട്ണർ ആയ ശ്രീപാർവ്വതിക്ക് പിരീഡ്‌സ് ആകുമ്പോൾ ഉള്ള നവോത്ഥാന ആർപ്പോ )
മഹാദേവന്റെ പേരിലാണ് ക്ഷേത്രമെങ്കിലും ദേവിയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്ന ഇവിടെ പരമേശ്വരനെയും മഹാദേവിയേയും ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.പുരോഗമനഭാഷയിലെ തുല്യസമത്വം. വിശ്വാസങ്ങളും ആചാരങ്ങളും ഒട്ടേറെയുണ്ടെങ്കിലും ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത രജസ്വലയാകുന്ന ദേവിയാണ്. ഇങ്ങനെയൊരു വിശ്വാസവും അനുഷ്ഠാനവുമുള്ള മറ്റൊരു ക്ഷേത്രം കേരളത്തിലില്ല. പൂജയുടെ സമയത്ത് ദേവിയുടെ ഉടയാടകളിൽ രജസ്വലയാകുന്നതിന്റെ അടയാളങ്ങൾ കണ്ടാൽ പിന്നെ ആഘോഷങ്ങളാണ്.
ആദ്യം രജസ്വലയായതാണോ എന്നുറപ്പുവരുത്തുകയാണ് ചെയ്യുന്നത്. മേൽശാന്തി താഴമൺമഠത്തിലെ അന്തർജനത്തെ ഇക്കാര്യം അറിയിച്ച് അവരെത്തി ദേവി രജസ്വലയായി എന്നുറപ്പു വരുത്തും. ശേഷം ശ്രീ കോവിലിൽ നിന്നും വിഗ്രഹം തൃപ്പൂത്തറയിലേക്ക് മാറ്റും. പിന്നീട് മൂന്നു ദിവസത്തേയ്ക്ക് ക്ഷേത്ര നടയടയ്ക്കുകയും നാലാം ദിവസം ദേവിയെ മിത്രപുഴയിൽ ആറാട്ട് നടത്തി കുളിപ്പുരയിൽ ആനയിച്ചിരുത്തും. തൃപ്പൂക്കാറാട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. കുളിപ്പുരയിൽ നിന്നും പിടിയാനയുടെ പുറത്താണ് ദേവി എഴുന്നള്ളുന്നത്. ഒരു നാടും സംസ്കാരവും ഒട്ടാകെ ഒരു ആർത്തവത്തെ ആഘോഷമാക്കുന്നത് ഇങ്ങനെയാണ്. അതായത് ഉത്തമാ, നിങ്ങൾ സ്റ്റഡി ക്ലാസ്സുകളിൽ പഠിപ്പിച്ചു വിടുന്ന സനാതനത്തിലെ ആ അശുദ്ധിയെയാണ് ഞങ്ങൾ തൃപ്പൂത്ത് എന്ന ആഘോഷം കൊണ്ട് വരച്ചിടുന്നത്.
എത്ര എഴുതിയാലും പറഞ്ഞാലും തീരാത്തത്ര കാര്യങ്ങളുണ്ട് സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത ഉദാഹരണങ്ങളായി സനാതനധർമ്മത്തിൽ. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ പൊങ്കാല മുതൽ സ്ത്രീകൾ കോമരങ്ങളായി ഉറഞ്ഞു തുള്ളുന്ന കൊടുങ്ങല്ലൂർ കാവ് തീണ്ടൽ വരെ! ജ്ഞാനം രാഷ്ട്രീയത്തിനു തീറെഴുതാത്തവർക്ക് അതറിയുകയും ചെയ്യാം. പക്ഷേ ഇന്നും കുമാരപിള്ള സാറിനെ താത്വികാചാരനായി കാണുന്ന കോട്ടപ്പള്ളി ആൻഡ് ടീമിനു ആകെ അറിയാവുന്നത് “ന സ്ത്രീ സ്വാതന്ത്ര്യമർഹതി” എന്ന മനുസ്മൃതിയിലെ ആ ലാസ്റ്റ് ലൈൻ മാത്രം.!
പിന്നെ മാറ്റം ആര് കൊണ്ടുവന്നാലും നല്ലതാണെങ്കിൽ നല്ലത് എന്ന് തന്നെ പറയും. ജാതീയത കൊടികുത്തി വാഴുന്ന ദ്രാവിഡ പാർട്ടികൾ ഭരണം കയ്യാളുന്ന നാട്ടിൽ ഇത് ഒരു പുതു ചരിതം തന്നെയാണ്. പ്രത്യേകിച്ച് പെൺകുട്ടികൾ ജനിച്ചാൽ പാലിന് പകരം നെല്ല് നല്കി കൊന്നിരുന്ന ഒരു കാലം ഉണ്ടായിരുന്ന തമിഴ്നാട്ടിൽ. പിന്നെ ഈ സ്ത്രീകൾ പഠിച്ച പൂജാവിധികൾ സനാതനധർമ്മം എന്ന ഇളമുറ തമ്പുരാൻ ഉന്മൂലനം ചെയ്യാൻ പറഞ്ഞ ധർമ്മത്തിൽ ഉൾപ്പെട്ടതാണ് കേട്ടോ.