സൗദിയെ അന്നം തരുന്ന നാട്, രണ്ടാം വീട് എന്ന് വിശേഷിപ്പിക്കുന്നതിനോട് വിയോജിപ്പ്- അഞ്ജു പാർവതി പ്രഭീഷ്

ലോകകപ്പിൽ അർജന്റീനയെ സൗദി അറേബ്യ തോൽപ്പിച്ചതോടെ സൗദിയെ അന്നം തരുന്ന നാട്, രണ്ടാം വീട് എന്നൊക്കെ വിശേഷിപ്പിച്ചതിനെ പരോക്ഷമായി വിമർശിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് രം​ഗത്ത്. ഇത്തരം പരാമർശങ്ങൾ തീർത്തും തെറ്റാണ്, പ്രവാസികളായവർ എല്ലു മുറിയെ പണിയെടുക്കുമ്പോൾ അവർ മാന്യമായ ശമ്പളം തരുന്നു, അത് മാത്രമാണ് ഇവിടെ നടക്കുന്നത്. നമ്മൾ ചുമ്മാതെ അവിടെ രാജ്യ സഞ്ചാരത്തിനായി ചെല്ലുമ്പോൾ അവർ നമ്മുടെ ചെല്ലും ചെലവും തരുന്നതല്ല എന്ന് സാരം! നന്നായി പണിയെടുക്കുമ്പോൾ മാന്യമായ ശമ്പളം തരുന്നു. അത്ര മാത്രം. അതിന് അന്നം തരുന്ന നാട് ; അതു കൊണ്ട് ഭയങ്കരമാന കൂറ് എന്ന നരേറ്റീവുകളോട് വിയോജിപ്പ് തന്നെയാണെന്ന് അഞ്ജു കുറിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ…

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അവയിൽ GCC രാഷ്ട്രങ്ങളും ഉൾപ്പെടുന്നുണ്ട് എന്നത് വാസ്തവം. മലയാളികളുടെ മാൻപവറും എഫർട്ടും ബ്രെയിൻ ഡ്രെയിനും ഒക്കെ നമ്മൾ പണിയെടുക്കുന്ന രാജ്യത്തിനു നല്കുന്നത് കൊണ്ടാണ് അവർ അതിന് പകരമായി നമുക്ക് ശമ്പളം തരുന്നത്. ഒരു Give and take പോളിസി തന്നെയാണത്. നമ്മൾ ചുമ്മാതെ അവിടെ രാജ്യസഞ്ചാരത്തിനായി ചെല്ലുമ്പോൾ അവർ നമ്മുടെ ചെല്ലും ചെലവും തരുന്നതല്ല എന്ന് സാരം! നന്നായി പണിയെടുക്കുമ്പോൾ മാന്യമായ ശമ്പളം തരുന്നു. അത്ര മാത്രം. അതിന് അന്നം തരുന്ന നാട് ; അതു കൊണ്ട് ഭയങ്കരമാന കൂറ് എന്ന നരേറ്റീവുകളോട് വിയോജിപ്പ് തന്നെയാണ്.

GCC രാജ്യങ്ങളിൽ പണിയെടുക്കുന്ന ചിലരിൽ മാത്രം കണ്ടു വരുന്ന സ്വഭാവ സവിശേഷതയാണ് അന്നം തരുന്ന നാടിനോടുള്ള ഈ കൂറ്. യൂറോപ്പിലും വടക്ക് – തെക്ക് അമേരിക്കയിലും ആസ്ത്രേലിയയിലും ഒക്കെ ജോലിയെടുക്കുന്ന ആരിലും ഈ അമിത വിധേയത്വം കാണുന്നില്ല. ഇത്തവണ ഖത്തർ ലോകകപ്പ് ഫുട്ബോളിന് വേദിയായപ്പോൾ മുതൽ ഈ പ്രവണത വെളിയിൽ പരസ്യമായി വന്നു തുടങ്ങി. ജോലി ചെയ്യുന്ന രാജ്യത്തോട് നമ്മൾ നന്ദിയും സ്നേഹവും കാണിക്കേണ്ടത് ആത്മാർത്ഥമായി പണിയെടുത്ത് കൊണ്ടും ആ രാജ്യത്തിലെ നിയമങ്ങൾ പാലിച്ചുകൊണും ഒക്കെയാണ്. അല്ലാതെ പിറന്ന നാടിനെ തളളിപ്പറഞ്ഞുകൊണ്ട് മറ്റൊരു രാജ്യത്തിൻ്റെ പുറംമേനിയെ പുകഴ്ത്തിക്കൊണ്ടല്ല.

എത്രയൊക്കെ പണിയെടുക്കുന്ന അറബ് രാജ്യങ്ങളെ പുകഴ്ത്തിപ്പറഞ്ഞാലും നിങ്ങൾ അവിടെ അവർക്ക് രണ്ടാം കിടക്കാരായ മനുഷ്യർ മാത്രമാണ്. അവർക്ക് അവരുടെ പൗരന്മാരോട് മാത്രമാണ് സ്നേഹമുള്ളത്. ഇന്ത്യൻ എന്ന നാഷണാലിറ്റിയും പേറി ഇന്ത്യൻ പാസ്പോർട്ടും കൊണ്ട് കടൽ കടന്ന് അവിടെയെത്തിയ നിങ്ങൾക്ക് ആ പാസ്പോർട്ട് കൈവശം ഉളളതു വരെ മാത്രമേ ആ രാജ്യത്തിൽ തൊഴിലെടുക്കാൻ അവകാശമുള്ളൂ എന്ന് മറക്കാതിരിക്കുക. അത് കൈമോശം എങ്ങാനും വന്നാൽ അടുത്ത നിമിഷം മുതൽ നിങ്ങൾ ആ രാജ്യത്തിൽ നിയമത്തെ വെല്ലുവിളിച്ച് നില്ക്കുന്ന കുറ്റവാളിയാകും.

പിറന്ന നാടിനേക്കാൾ വലുതല്ല മറ്റേത് രാജ്യവും! അത് മറക്കുന്നവർ തല മറന്ന് എണ്ണ തേയ്ക്കുന്നവരാണ് എന്നതാണ് സത്യം!ഖത്തർ ലോകകപ്പ് വേദിയായപ്പോൾ മുതൽ ഇന്ത്യ പുറമ്പോക്കിലും റെയിൽവേ ട്രാക്കിലും അപ്പിയിടുന്ന ആൾക്കാരുടെ രാജ്യവും പതിനൊന്ന് പേരെ തട്ടിക്കൂട്ടി ഫുട്ബോൾ കളിപ്പിക്കാൻ പോലും കെല്പ്പില്ലാത്ത രാജ്യവും ആകുന്നുവെന്ന് അധിക്ഷേപിക്കുന്നവർക്ക് ചിന്തകളിൽ പോലും പച്ചവെളിച്ചമാണ് .