പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ ചങ്കൂറ്റമുള്ള മോട്ടോർ വകുപ്പ് ഈ കാലൻ ബസ്സ്‌ നിരത്തിലിറങ്ങാതിരിക്കാൻ എന്ത് ചെയ്തു?

വടക്കാഞ്ചേരി അപകടത്തിൽ ഒമ്പതി ജീവൻ നഷ്ടമായതിനു പിന്നാലെ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ പല പ്രഹസനങ്ങളാണ് അരങ്ങേറുന്നത്, എന്തെങ്കിലും അപകടം നടക്കുമ്പോൾ മാത്രമാണ് അവർ ഉണർന്നു പ്രവർത്തിക്കുക. ദിവസങ്ങൾ മാത്രം നീളുന്ന പരിശോധന പ്രഹസനങ്ങൾ ഏറിയാൽ ഒരാഴ്ച കഴിയുമ്പോൾ അവസാനിക്കും. പൂക്കിപ്പറമ്പ് ബസ് അപകടം എന്ന വലിയ അത്യാഹിതം സംഭവിച്ചപ്പോൾ ബസുകളിലെ അമിതവേഗതയെപ്പറ്റിയും സ്പീഡ് ഗവേർണറിനെ കുറിച്ചും റോഡ് സുരക്ഷയെപ്പറ്റിയും ഒക്കെ ഒരുപാട് ചർച്ചകൾ നടന്നിരുന്നു. വേഗപ്പൂട്ട് നിർബന്ധമാക്കിയിരുന്നു. സകലമാന ചർച്ചകളിലും വേഗപ്പൂട്ട് വിഷയവുമായിരുന്നു. എന്നിട്ടോ? പതിയെ പതിയെ RTO ഓഫീസുകളിൽ നിന്നും വാഹനങ്ങൾ ഫിറ്റ്നസിന് വേണ്ടി ഹാജരാക്കുമ്പോൾ മാത്രമായി സ്പീഡ് ഗവേർണർ സംവിധാനം. അഴിമതിയിലും സ്വാധീനത്തിലും മുങ്ങിയ MVDക്ക് വേഗപ്പൂട്ട് സംവിധാനം ഇല്ലാതെ തലങ്ങും വിലങ്ങും പാഞ്ഞ ബസുകളെ നിലയ്ക്ക് നിറുത്താൻ കഴിഞ്ഞില്ലെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്

അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ

ആരെയാണ് പഴിക്കേണ്ടത്? ഏത് സിസ്റ്റത്തിനെതിരെയാണ് വിരൽ ചൂണ്ടേണ്ടത് ? അറിയില്ല! അല്ലെങ്കിൽ തന്നെ അറിഞ്ഞിട്ടെന്താണ്. പതിവ് പോലെ അത്യാഹിതം സംഭവിച്ചു കഴിയുമ്പോഴുള്ള കുറ്റവും കുറവുകളും ചൂണ്ടികാണിക്കലുകൾ എങ്ങും കാണുന്നുണ്ട് . പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ മാത്രം ചങ്കൂറ്റമുള്ള MVDക്ക് നിലവിൽ അഞ്ച് കേസുകളെങ്കിലും ഉള്ള ഈ കാലൻ ബസ്സ്‌ നിരത്തിലിറങ്ങാതിരിക്കാൻ എന്ത് ചെയ്തുവെന്ന് പറയാൻ ചങ്കൂറ്റം ഉണ്ടാവില്ല.

പൂക്കിപ്പറമ്പ് ബസ് അപകടം എന്ന വലിയ അത്യാഹിതം സംഭവിച്ചപ്പോൾ ബസുകളിലെ അമിതവേഗതയെപ്പറ്റിയും സ്പീഡ് ഗവേർണറിനെ കുറിച്ചും റോഡ് സുരക്ഷയെപ്പറ്റിയും ഒക്കെ ഒരുപാട് ചർച്ചകൾ നടന്നിരുന്നു. വേഗപ്പൂട്ട് നിർബന്ധമാക്കിയിരുന്നു. സകലമാന ചർച്ചകളിലും വേഗപ്പൂട്ട് വിഷയവുമായിരുന്നു. എന്നിട്ടോ? പതിയെ പതിയെ RTO ഓഫീസുകളിൽ നിന്നും വാഹനങ്ങൾ ഫിറ്റ്നസിന് വേണ്ടി ഹാജരാക്കുമ്പോൾ മാത്രമായി സ്പീഡ് ഗവേർണർ സംവിധാനം. അഴിമതിയിലും സ്വാധീനത്തിലും മുങ്ങിയ MVDക്ക് വേഗപ്പൂട്ട് സംവിധാനം ഇല്ലാതെ തലങ്ങും വിലങ്ങും പാഞ്ഞ ബസുകളെ നിലയ്ക്ക് നിറുത്താൻ കഴിഞ്ഞില്ല. ഈ കാലൻ ബസ്സ് ബുഫറും ലൈറ്റിങ്ങും എക്സ്ട്രാ ഫിറ്റിങ്ങ്സുമായി റോഡിൽ ഇറങ്ങിയത് ഇന്നലെയായിരുന്നില്ലല്ലോ. അവന്മാർ നിയമങ്ങളെ കാറ്റിൽപ്പറത്തി വണ്ടി പായിക്കുന്നതിൻ്റെ വീഡിയോകൾ കണ്ടിട്ടും നമ്മുടെ സിസ്റ്റം എന്ത് ചെയ്തു? ഒന്നുമില്ല.

ഇനിയുള്ള കുറച്ച് ദിവസം ചാനലുകളിലും വാർത്തകളിലും ഒക്കെ ഈ അപകടത്തിനെ പ്രതി സംഭവിച്ച കുറ്റങ്ങൾ ചർച്ച ചെയ്യുവാൻ മത്സരിക്കും രാഷ്ടീയക്കാരും സംവാദകരും. അപ്പോഴും നിരവധി കേസുകളുള്ള, Black ലിസ്റ്റിൽ പെട്ട ബസ്സിന് യാതൊരു ചെക്കിങ്ങും ഇല്ലാതെ റോഡിൽ ഇറങ്ങാവുന്ന സാഹചര്യം വരുന്നത് എങ്ങനെയെന്ന ചോദ്യം ചോദിക്കാൻ ആർക്കും നാവ് പൊന്തില്ല. നിരത്തുകളിൽ എന്താണ് സംഭവിക്കുന്നത് എന്ന തലക്കെട്ടൊക്കെ കൊടുത്ത് മൈക്കും പിടിച്ചു ഇറങ്ങുന്ന മാധ്യമ വർഗ്ഗവും അത്തരമൊരു ചോദ്യം ഉന്നയിക്കില്ല. ഇനിയുള്ള ദിവസങ്ങളിൽ ഈ ഒൻപത് ശരീരങ്ങളെ അതിവൈകാരികമായി കീറിമുറിച്ച് , അവരുടെ വീട്ടുകാരുടെ സ്വകാര്യതയ്ക്ക് പുല്ല് വില കൊടുത്ത് അവരുടെ കണ്ണീരെടുത്ത് വിറ്റ് വിലപേശും ഇവറ്റകൾ.

പൂക്കിപ്പറമ്പ് സംഭവിച്ചപ്പോൾ ഇനി ഇത്തരത്തിലൊന്ന് സംഭവിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് പലവട്ടം പറഞ്ഞു നമ്മൾ. എന്നിട്ടെന്തായി? റോഡിലിറങ്ങിയാൽ പ്രൈവറ്റ് ബസ്സുകളുടെ അധിനിവേശമാണ്. എക്സ്ട്രാ ലൈറ്റിങ്ങും സൗണ്ടും ഒക്കെയായി കൊലയാളി ടൂറിസ്റ്റ് ബസുകൾ വേറെ. ഹെൽമെറ്റ് വയ്ക്കാത്തത് മഹാപരാധമായി കണക്കാക്കുന്ന പോലീസുകാർ പലപ്പോഴും നിയമങ്ങൾ കാറ്റിൽപ്പറത്തുന്ന വലിയ വാഹനങ്ങൾ കാണാറില്ല. സംഭവിച്ചത് വലിയൊരു അത്യാഹിതമായതിനാൽ കുറച്ച് ദിവസത്തേയ്ക്ക് ചർച്ചകൾ തുടരും. അന്വേഷണം പ്രഖ്യാപിക്കും; പക്ഷേ ഫോളോ അപ്പ് ഉണ്ടാകില്ല. അതാണല്ലോ പ്രബുദ്ധ കേരളത്തിലെ പതിവ്.

കളിച്ച് ചിരിച്ച് കൈവീശി യാത്ര ചോദിച്ച അതേ മുറ്റത്ത് അവരെത്തി ചേതനയില്ലാതെ നിശ്ചലരായി! യാത്ര തുടങ്ങി ഒന്നരമണിക്കൂറിനുള്ളിൽ അവരൊട്ടും പ്രതീക്ഷിക്കാത്ത മടക്കയാത്ര! ദൈവമേ! ഹൃദയം നുറുങ്ങിപ്പൊടിയുന്ന കാഴ്ചകളാണ് പൊതുദർശനത്തിനായി വച്ച സ്കൂൾ മുറ്റത്ത് കാണുന്നത്. ആരുടെ അശ്രദ്ധ ആയിരുന്നാലും ആരെയൊക്കെ പഴിച്ചാലും നഷ്ടമായത് ഒൻപത് ജീവനുകളാണ്. മൊട്ടിട്ട് തുടങ്ങിയപ്പോഴേ കൊഴിഞ്ഞുപ്പോയ അഞ്ച് മക്കൾ, ജീവിതത്തിൻ്റെ വസന്തകാലം ആസ്വദിച്ചു തുടങ്ങിയ ഒരു അദ്ധ്യാപകൻ, പിന്നെ ഒരുപാട് സ്വപ്നങ്ങളോടെ ജീവിതത്തിൻ്റെ യൗവ്വനാരംഭത്തിലെത്തിയ മൂന്ന് യുവാക്കൾ! നഷ്ടം സംഭവിച്ചത് ഈ ഒൻപത് പേർക്കാണ്, അവരെ സ്നേഹിച്ചവർക്കാണ്; ആ ഒൻപത് കുടുംബങ്ങൾക്ക് മാത്രമാണ്.