ഇരുപത്തിനാല് മണിക്കൂറിനിടെ പൊലിഞ്ഞടർന്നത് മൂന്ന് പെൺകുഞ്ഞുങ്ങളാണ് പേരടി സഖാവേ, രോക്ഷക്കുറിപ്പുമായി അഞ്ജു പാർവതി

വിസ്മയയുടെ മരണത്തോടെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് ചൂടുള്ള ചർച്ചകളാണ്. സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം വിസ്മയക്ക് അനുശോചനക്കുറിപ്പുമായെത്തിയിരുന്നു. മരിച്ച പെൺകുട്ടിയുടെ ചിതയിലെ തീയണയും മുന്നേ സവർണ്ണതയ്ക്കെതിരെ ഘോരഘോരം കുരച്ചു കൊണ്ട് രം​ഗത്തെത്തിയ ഹരീഷ് പേരടിക്കെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയാണ് മാധ്യമപ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

കുറിപ്പിങ്ങനെ

മരിച്ച പെൺകുട്ടിയുടെ ചിതയിലെ തീയണയും മുന്നേ സവർണ്ണതയ്ക്കെതിരെ ഘോരഘോരം കുരച്ചു കൊണ്ട് പതിവു പോലെ പേരടി സഖാവ് രംഗപ്രവേശം ചെയ്തിട്ടുണ്ടായിരുന്നു. കൂടെ പീഡനാരോപണം നേരിട്ട വേടനെ വെളുപ്പിക്കാനൊരു എളിയ ശ്രമവും. പീഡനത്തിൽ പോലും ദളിത് സ്വത്വവും തൊലിയുടെ നിറവും മാങ്ങാത്തൊലിയും നിരത്തിവച്ച് ന്യായീകരിച്ച്‌ മെഴുകുന്ന ഇവനൊന്നും കാണാതെ പോകുന്ന വലിയ കണക്കുണ്ട് ഈ കേരളത്തിൽ . അത് ഈ പ്രബുദ്ധ സംസ്ഥാനത്ത്‌ കഴിഞ്ഞ 5 വർഷത്തിൽ ഉണ്ടായ 66 സ്ത്രീധനപീഡന ‌മരണങ്ങളുടെ നീണ്ട ലിസ്റ്റാണ്. സ്ത്രീ സുരക്ഷയ്ക്ക് നെടുങ്കൻ മതിലു കെട്ടിയ നവോത്ഥാന കേരളത്തിൽ ഗാർഹിക പീഡന കേസുകൾ മാത്രം 15413 എണ്ണമാണ്. കഴിഞ്ഞ 4 മാസം മാത്രം ഉണ്ടായ ഗാർഹിക പീഡന കേസുകൾ‌ 1080 എണ്ണമാണ്. ഇതിലൊക്കെയും സവർണ്ണതയുടെ ഹെജിമണി തിരഞ്ഞു പോകാൻ പേരടിക്ക് ധൈര്യമുണ്ടോ ?

കിരണെന്ന കൊലയാളിയുടെ നായർ വാൽ ശ്രദ്ധിച്ച പേരടി ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. ഒന്നര ഏക്കറും നൂറ്റൊന്ന് പവനും കാറും സ്ത്രീധനമായി നല്കിയ ആ അച്ഛൻ ഒരു സഖാവായിരുന്നുവെന്ന യാഥാർത്ഥ്യം.അതായത് പാർട്ടി ക്ലാസ്സുകളിൽ കുമാരപിള്ള താത്വികാചാര്യന്മാർ കല്പിക്കാറുള്ളത് പോലെ ഒരു രക്തഹാരമണിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും അണിയേണ്ട ഒരു സിമ്പിൾ പ്രോസസിനെയാണ് കല്യാണമാമാങ്കമാക്കി ആ സഖാവ് അച്ഛൻ പൊടിപൊടിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇവിടെ പൊലിഞ്ഞടർന്നത് മൂന്ന് പെൺകുഞ്ഞുങ്ങളാണ് പേരടി സഖാവേ . അതിൽ എത്ര സവർണർ എത്ര അവർണർ എന്ന കണക്ക് തന്നെ പോലുള്ള ഊളകൾ തിരയുമെങ്കിലും ബോധവും വിവരവുമുള്ള മനുഷ്യർ നോവുന്നത് ഓജസ്സും തേജസ്സുമുള്ള മൂന്ന് പെൺകുട്ടികൾ നിശബ്ദമാക്കപ്പെട്ട ദുര്യോഗമോർത്താണ് .

പിന്നെ തനിക്ക് ചുറ്റിനുമുള്ള സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ കണ്ടില്ലെങ്കിലും കൊന്നവന്റെ സവർണത കാണുന്ന താൻ കാണാതെ പോയ ഒരു വമ്പൻ സഖാവിനെതിരെയുള്ള ഒരു സ്ത്രീയുടെ മുൻ ഗാർഹിക പീഡന പരാതി കൂടെ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ആളെ താനറിയും. നാഴികയ്ക്ക് നാല്പത് വട്ടം താൻ ജയ് വിളിക്കുന്ന വലിയ തമ്പ്രാന്റെ പുതിയ മരുമോനെതിരെ മുൻ ഭാര്യ ഫയൽ ചെയ്ത ഗാർഹികപീഡനപരാതിയാണത് കേട്ടോ .ചുരുക്കത്തിൽ ജാതീയതയ്ക്കും സവർണഹെജിമണിക്കുമെതിരെ വാളെടുക്കുന്ന വലിയ സഖാവ് മുതൽ ചെറിയ സഖാവ് വരെ ഗാർഹികപീഡനത്തിനും സ്ത്രീധനത്തിനുമൊക്കെ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ നല്കാറുണ്ടെന്നർത്ഥം.

വേട്ടക്കാരൻ സവർണ്ണനായാലും അവർണ്ണനായാലും അവന്റെ കയ്യിൽ നാല് പുത്തനും രാഷ്ട്രീയസ്വാധീനവും പദവിയുമുണ്ടെങ്കിൽ ഏത് പെണ്ണും ഉത്തരത്തിൽ നിന്നാടും പേരടി സഖാവേ . കാരണം ഈ നാറിയ വ്യവസ്ഥിതി ഒരണു പോലും മാറാതെ പിന്തുടരുന്ന നാടിന്റെ പേര് കേരളമെന്നാണ്. പെണ്ണുങ്ങളുടെ മാനത്തിന് വില പറഞ്ഞവനെയൊക്കെ ഒരു നേരത്തെ അന്നത്തിനു വേണ്ടി മരിച്ച മധുവിന്റെയൊപ്പം കൂട്ടികെട്ടുന്ന തരം ശുദ്ധ തെമ്മാടിത്തരം കാണിച്ച തന്നോടൊക്കെ എന്ത് പറയാനാണ്?