അക്രമി ആശുപത്രിയിലേയ്ക്ക് കടന്നു കയറി ആക്രമിച്ചതല്ല, പോലീസ് വൈദ്യ പരിശോധനയ്ക്ക് കൂട്ടിക്കൊണ്ടു വന്ന ആളാണ്, അഞ്ജു പാർവതി പ്രഭീഷ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്നത് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവമാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് 23കാരിയായ ഡോക്ടറെ കുത്തിക്കൊന്നത്. അക്രമി ആശുപത്രിയിലേയ്ക്ക് കടന്നു കയറി ആക്രമിച്ചതല്ല. മറിച്ച് പോലീസ് വൈദ്യ പരിശോധനയ്ക്ക് കൂട്ടിക്കൊണ്ടു വന്ന ആളാണ് ഈ രീതിയിൽ ആക്രമണം നടത്തിയത് എന്നതാണ് അതീവ ഗുരുതരമായ വസ്തുതയെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അ

ഒരിക്കലും സംഭവിക്കരുതാത്ത ഒരു ദാരുണ സംഭവം കൂടി ഈ കേരളക്കരയിൽ സംഭവിച്ചിരിക്കുന്നു. കുടിച്ച് മദോന്മത്തനായ ഒരു അദ്ധ്യാപകൻ ഒരു യുവ ഡോക്ടറെ ആശുപത്രിക്കുള്ളിൽ വച്ച് കുത്തി കൊലപ്പെടുത്തിയിരിക്കുന്നു. എന്തൊരു ദൗർഭാഗൃകരമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടർക്കാണ് ഈ ദുർവ്വിധി ഉണ്ടായത്.അക്രമി ആശുപത്രിയിലേയ്ക്ക് കടന്നു കയറി ആക്രമിച്ചതല്ല. മറിച്ച് പോലീസ് വൈദ്യ പരിശോധനയ്ക്ക് കൂട്ടിക്കൊണ്ടു വന്ന ആളാണ് ഈ രീതിയിൽ ആക്രമണം നടത്തിയത് എന്നതാണ് അതീവ ഗുരുതരമായ വസ്തുത.

അങ്ങനെ മുരളി തുമ്മാരുകുടി സാർ നടത്തിയ രണ്ടാമത്തെ പ്രവചനം കൂടി സത്യമായിരിക്കുന്നു. ! പ്രബുദ്ധ കേരളത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെയും മദ്യത്തിന് അടിമ ആയവരുടെയും എണ്ണം കൂടുക മാത്രമല്ല അവർ നടത്തുന്ന അക്രമങ്ങളും കൂടിക്കൊണ്ടേയിരിക്കുന്നു. 22 വയസ്സുള്ള വന്ദന എന്ന ഹൗസ് സർജനെ കുത്തിക്കൊന്ന മദ്യപാനിയായ പ്രതി യു.പി സ്കൂൾ അദ്ധ്യാപകനാണെന്നത് ചേർത്തുവായിക്കുമ്പോഴേ നമ്മൾ എവിടെ എത്തി നില്ക്കുന്നുവെന്നത് മനസ്സിലാക്കു. പ്രബുദ്ധത ഓരോ ദിവസവും വലിയ അളവിൽ കൂടിക്കൊണ്ടേ ഇരിക്കുന്നു. !
ഡോക്ടർക്ക് കൈപ്പിഴ വന്നുവെന്ന് കേട്ടാലുടൻ തല്ലെടാ, കൊല്ലെടാ എന്ന് ആക്രോശിക്കുന്നവർക്ക് ഡ്യൂട്ടിക്കിടയിൽ ജീവഹാനി സംഭവിച്ച ഈ കുഞ്ഞിൻ്റെ ദുർവ്വിധിയെ കുറിച്ച് പറയാൻ എന്താണ് ഉള്ളത്? മുക്കിലും മൂലയിലും തുറന്ന് വച്ചിരിക്കുന്ന കേരളത്തിൻ്റെ മുഖ്യ വരുമാനമാർഗ്ഗമായ ബിവറേജസ് ഔട്ട് ലെറ്റുകളെ കുറിച്ചും ബാറുകളെ കുറിച്ചും മദ്യം എന്ന മാരക വിഷത്തിന് അടിമയായ അദ്ധ്യാപകനെയും കുറിച്ച് എന്താണ് പറയാൻ ഉള്ളത്? അക്രമാസക്തനായ ഒരുവനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ പോലീസ് പാലിക്കേണ്ട സുരക്ഷാസംവിധാനങ്ങളെ കുറിച്ച് എന്താണ് പറയാൻ ഉള്ളത്?

എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും തുന്നിച്ചേർത്തതായിരിക്കണം ആ ഡോക്ടർ കുപ്പായം അല്ലേ? നിരന്തര പരിശ്രമത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും നേടി എടുത്ത വെള്ള കോട്ട്! കുടിച്ച് കുടിച്ച് ഭ്രാന്തനായ ഒരുത്തൻ വിചാരിച്ചപ്പോൾ അതിൽ ചോരച്ചാൽ പറ്റിക്കാൻ എന്തെളുപ്പത്തിൽ കഴിഞ്ഞു അല്ലേ? ആ കുഞ്ഞിൻ്റെ അച്ഛനമ്മമാർ ഇതെങ്ങനെ സഹിക്കും ദൈവമേ!