എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്, അഗസ്റ്റിന്റെ ഓര്‍മകളില്‍ വിതുമ്പി ആന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അഗസ്റ്റിന്‍. നിരവധി ചിത്രങ്ങളില്‍ പ്രേകഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും കയ്യടി നേടിയ താരം. അഗസ്റ്റിന്റെ മകള്‍ ആന്‍ അഗസ്റ്റിനെയും മലയാളികള്‍ക്ക് സുപരിചിതമാണ്. നായിക നടിയായി തിളങ്ങി നില്‍ക്കവെയാണ് ക്യാമറാമാന്‍ ജോമോന്‍ ടി ജോണുമായി ആന്‍ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം നടക്കുന്നതും. ഇപ്പോള്‍ അച്ഛന്റെ ഓര്‍മകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അച്ഛന്‍ ഇല്ലായ്മയുടെ വേദന ആന്‍ പങ്കുവെച്ചിട്ടുണ്ട്.

അഗസ്റ്റിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആന്‍ കുറിപ്പ് പങ്കുവെച്ചത്. പലപ്പോഴും താന്‍ അച്ഛനെ ഉറക്കെ വിളിക്കുമെന്നും മറുപടി കേള്‍ക്കാന്‍ ആഗ്രഹിക്കുമെന്നാണ് താരം പറയുന്നത്. ഞങ്ങളുടെ വിമര്‍ശകനും കരുത്തും സുരക്ഷിതത്വവുമെല്ലാം അച്ഛനായിരുന്നു എന്ന് ആന്‍ കുറിക്കുന്നു.

‘പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്. ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതില്‍ അച്ഛന് അഭിമാനിക്കാനായെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ…അച്ഛനെ വിളിക്കുന്നതും ഞാന്‍ മിസ് ചെയ്യുന്നു.’ആന്‍ കുറിച്ചു.

2013 നവംബര്‍ 14നാണ് അഗസ്റ്റിന്‍ മരിക്കുന്നത്. ആ സമയം ആന്‍ സിനിമകളില്‍ സജീവമായിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ജോമോന്‍ ടി ജോണുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് നടി. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ നടി സജീവമാണ്.