വിലമതിക്കാനാവാത്ത കുറച്ചു നല്ല ദിവസങ്ങള്‍; മീര നന്ദനൊപ്പമുളള ചിത്രങ്ങളുമായി ആന്‍ അഗസ്റ്റിന്‍

ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദന്‍ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന്‍ ലാല്‍ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. മുല്ലയ്ക്കുശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളില്‍ അഭിനയിച്ചു. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തല്‍ക്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ് മീര.

വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആന്‍ അഗസ്റ്റിനെയും മീര നന്ദനെയും അത്ര പെട്ടെന്ന് മലയാളികള്‍ക്ക് മറക്കാനാവില്ല. സിനിമയില്‍നിന്നും രണ്ടുപേരും തല്‍ക്കാലത്തേക്ക് വിട പറയുകയായിരുന്നു. എന്നാല്‍ ആന്‍ അഗസ്റ്റിന്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരാനുളള ഒരുക്കത്തിലാണ്.

മീരയും ആനും അടുത്ത സുഹൃത്തുക്കളാണെന്ന വിവരം പലര്‍ക്കും അറിയില്ല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ മീര നന്ദനൊപ്പമുളള ചിത്രങ്ങള്‍ ആന്‍ പങ്കുവച്ചപ്പോഴാണ് ഇക്കാര്യം പലര്‍ക്കും മനസിലായത്. ‘എന്റെ ആത്മ സഹോദരിക്കൊപ്പം വിലമതിക്കാനാവാത്ത കുറച്ചു നല്ല ദിവസങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് ആന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

‘എല്‍സമ്മയെന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആന്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും ആന്‍ ബ്രേക്ക് എടുത്തത്. 2015ല്‍ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ആന്‍ അഗസ്റ്റിന്‍ ഏറ്റവുമൊടുവിലായി അഭിനയിച്ചത്.