നസ്രിയയില്‍ നിന്ന് ഒരു കാര്യം മോഷ്ടിക്കാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കുമെന്ന് ചോദ്യം, അന്ന ബെന്നിന്റെ മറുപടിയിങ്ങനെ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അന്ന ബെന്‍. സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരാണ് അന്നയ്ക്കുള്ളത്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഫോളോവേഴ്‌സിന് തന്നോട് ചോദ്യം ചോദിക്കാനുള്ള അവസരം അന്ന നല്‍കിയിരുന്നു.

ഒരാള്‍ അന്നയോട് ചോദിച്ച ചോദ്യവും അതിന് അന്ന നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘നസ്രിയയില്‍ നിന്ന് ഒരു കാര്യം മോഷ്ടിക്കാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കും അതെന്നാണ് ഒരാള്‍ ചോദിച്ചത്. അതിന്, ‘ഒന്നും മോഷ്ടിക്കില്ല, എന്നാല്‍ ചുമ്മാ ഇരുന്ന് വര്‍ത്തമാനം പറയാന്‍ ആഗ്രഹിക്കുന്നു, കാരണം അവര്‍ ഒരു സ്റ്റാറാണ്’എന്നായിരുന്നു അന്നയുടെ മറുപടി. അന്ന ബെന്നിന്റെ മറുപടി ഇഷ്ടപ്പെട്ട നസ്രിയയും അത് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

ടോവിനോ തോമസ് നായകനായ ആഷിഖ് അബു ചിത്രം നാരദന്‍, വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് എന്നിവയാണ് അന്ന ബെനിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. രഞ്ജന്‍ എബ്രഹാമിന്റെ പേരിടാത്ത ചിത്രത്തിലും എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ‘എന്നിട്ട് അവസാനം ‘ എന്ന ചിത്രത്തിലുമാണ് അന്ന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.