എന്റെ സീനുകൾ മൂന്ന് ടേക്ക് മുതൽ മുകളിലോട്ടാണ് പോകുന്നത്- അന്നാ രാജൻ

അങ്കമാലി ഡയറീസ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജൻ. ആദ്യ സിനിമയിലെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി നിരവധി അവസരങ്ങളെത്തി. ഏറ്റവും അവസാനം അന്നയുടേതായി പുറത്തിറങ്ങിയ സിനിമ രണ്ടായിരുന്നു. അന്നയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ തിരിമാലിയാണ്. തിരിമാലിയിനെകുറിച്ച് പറയുകയാണ് അന്ന രാജൻ. വാക്കുകൾ,

ചിത്രത്തിൽ ബിബിൻ ചേട്ടന്റെ ​ഗർഭിണിയായ ഭാര്യയുടെ വേഷമാണ് ഞാൻ ചെയ്തിരിക്കുന്നത്. വളരെ കുറച്ച് സീനുകൾ മാത്രമേയുള്ളൂ. ഇന്നസെന്റ് ചേട്ടനൊപ്പമാണ് കൂടുതലും അഭിനയിച്ചത്. ഷൂട്ടിങ് സെറ്റിലെത്തിയാൽ എല്ലാവർക്കും നേപ്പാൾ യാത്രയുടെ വിശേഷങ്ങൾ മാത്രമാണ് പറയാനുള്ളത്. ഞാൻ ആണെങ്കിൽ പോയിട്ടില്ലാത്തതിനാൽ‌ അവർ പറയുന്നതും കേട്ട് ഇരിക്കും.’

‘സിനിമയിലെത്തും എന്ന് വിചാരിച്ചിരുന്നതല്ല. ഒരു ഫ്ലക്സ് ബോർഡ് പരസ്യത്തിന്റെ ഭാ​ഗമായതിന് ശേഷമാണ് അങ്കമാലി ഡയറീസ് ലഭിക്കുന്നത്. പഠിക്കുന്ന കാലത്ത് പോലും സ്കൂളിൽ വെച്ച് എന്റെ കലാപരമായ കഴിവുകൾ തെളിയിക്കാൻ എന്നെ സ്കൂൾ അധികൃതരും അനുവദിച്ചിരുന്നില്ല. സ്കൂളിലായിരുന്നപ്പോൾ അമലപ്പോളിനൊപ്പം നാടകത്തിൽ അഭിനയിച്ച് എന്റെ ഭാ​ഗം ഞാൻ കുളമാക്കിയിരുന്നു. ഒരിക്കൽ കോളജിൽ വെച്ച് ഒറു നാടകത്തിൽ അഭിനയിച്ചപ്പോൾ‌ മുഖത്ത് ഭാവങ്ങൾ വരാത്തത് കണ്ട് കൂട്ടുകാർ എന്നോട് ചോദിച്ചിരുന്നു ഒരു ബബിൾ​ഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്ന്… ആ ഭാവമെങ്കിലും മുഖത്ത് വന്നോട്ടെയെന്ന് കരുതിയാണ് അവർ അങ്ങനെ പറഞ്ഞത്. അന്ന് എനിക്ക് മനസിലായി അഭിനയം എനിക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല. അതുകൊണ്ട് പരിപാടികൾ കോർഡിനേറ്റ് ചെയ്യാൻ മാത്രം നിന്നാൽ മതിയെന്ന്.’

എന്റെ സീനുകളൊക്കെ മൂന്ന് ടേക്ക് മുതൽ മുകളിലോട്ടാണ് പോകുന്നത്. അതങ്ങനെ നീണ്ട് കിടക്കും. നഴ്സിങ് പരീക്ഷ സമയത്ത് പോലും ഭയക്കാതിരുന്ന ഞാൻ അങ്കമാലി ഡയറീസിന്റെ ഷൂട്ടിങ് സെറ്റിൽ ആദ്യ ദിവസം എത്തിയപ്പോഴാണ് ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചത്. അന്ന് എന്ത് ചെയ്യണം എങ്ങനെ അഭിനയിക്കണം എന്നതിനൊന്നും ഒരു രൂപവുമില്ലായിരുന്നു. ലിജോ സാറിനെ പേടിച്ചിട്ടാണോ എന്നറിയില്ല. ആദ്യത്തെ സീനുകൾ നന്നായി ചെയ്തു. അതിന് ശേഷമാണ് അഭിനയം ഇങ്ങനെയാണ്. കൈകാര്യം ചെയ്യേണ്ട രീതി ഇതാണ് എന്നെല്ലാം മനസിലായത്