അന്നമ്മ ഈപ്പനെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം

സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ശോഭ അന്നമ്മ ഈപ്പനെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി. ഇതോടെ കേരള ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ഏഴായി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിൽ ശോഭ അന്നമ്മ ഈപ്പന്‍ ഉള്‍പ്പെടെ നാല് അഭിഭാഷകരെ ജഡ്ജിമാരായി ഉയര്‍ത്താന്‍ ഹൈക്കോടതി കൊളീജിയം സുപ്രീംകോടതി കൊളീജിയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറി.

മുന്‍ എംഎല്‍എ ഈപ്പന്‍ വര്‍ഗീസിന്റെയും അന്നമ്മയുടെയും മകളായ ശോഭ അന്നമ്മ ഈപ്പന്‍ ആലുവ ക്രൈസ്തവ മഹിളാലയത്തിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് സെന്റ്‌ തെരേസാസ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും, തേവര സേക്രഡ് ഹാര്‍ട്‌സ് കോളേജില്‍ നിന്ന് ബിരുദവും കരസ്ഥമാക്കി. എറണാകുളം ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം നേടിയത്‌.