പ്രണയം തുറന്ന് പറഞ്ഞപ്പോൾ അവ​ഗണിച്ചു, പിന്നീട് സിനിമാ നടനായ എന്നെ കണ്ട് പെൺകുട്ടി പൊട്ടിക്കരഞ്ഞു- അനൂപ് ചന്ദ്രൻ

നിരവധി ചലച്ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായത് 2019ലായിരുന്നു. നാട്ടുകാരി കൂടിയായ രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാലിനെയാണ് അനൂപ് ജീവിതസഖിയായി കൂടെ കൂട്ടിയിരിക്കുന്നത്. എന്നാൽ ബി​ഗ് ബോസ് സീസൺ വണ്ണിൽ മത്സരിക്കുമ്പോൾ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് അനൂപ്  നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തനിക്ക് ആത്മാർത്ഥമായ പ്രണയം ഉണ്ടായതെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. താൻ ആദ്യം സമീപിച്ചപ്പോൾ അവഗണിച്ച കുട്ടി പിന്നീട് താൻ കോളേജിൽ നാടകത്തിലും മറ്റും സജീവമായപ്പോൾ തിരികെ വന്നതായി അനൂപ് പറഞ്ഞു. എന്നാൽ ആ സമയം പെൺകുട്ടിയെ താൻ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തന്റെ ആദ്യ സിനിമയായ ബ്ലാക്ക് റിലീസ് ആയതിന് പിന്നാലെ ആ പെൺകുട്ടിയേയും ഭർത്താവിനേയും കണ്ടതായും അനൂപ് പറഞ്ഞു. നിങ്ങളോട് എനിക്ക് അത്രയും ആരാധനയായിരുന്നു, പ്രണയമായിരുന്നു എന്ന് പറഞ്ഞ് പെൺകുട്ടി അന്ന് പൊട്ടിക്കരഞ്ഞതായി അനൂപ് വെളിപ്പെടുത്തി.

സിനിമ കഴിഞ്ഞാൽ കൃഷിയും നാട്ടുുകാര്യങ്ങളും കുറച്ച് രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന അനൂപ് ചന്ദ്രന്റെ ഭാര്യയും കർഷകയാണ്.  ആലപ്പുഴ ചേർത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. അച്ഛൻ രാമചന്ദ്ര പണിക്കർ. അമ്മ ചന്ദ്രലേഖ ദേവി. പരമ്പരാഗതമായി കർഷക കുടുംബമാണ് അനൂപിന്റേത്. അതുകൊണ്ട് തന്നെ കൃഷിയോടുള്ള സ്നേഹം തന്റെ രക്തത്തിൽ ഉള്ളതാണെന്ന് അനൂപ് നേരത്തെ പറഞ്ഞിരുന്നു.