ഗോവയിൽ മുൻ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

ഗോവയിലെ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സെക്വീര ബിജെപിയിൽ ചേർന്നു. ഇന്ന് വൈകുന്നേരമാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിദ്ധ്യത്തിൽ ജോസഫ് സെക്വേര ബിജെപിയിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കലംഗുട്ടിൽ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന്, പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കുമെന്നും തന്റെ എല്ലാ കഴിവും അതിനായി ഉപയോഗിക്കുമെന്നും സെക്വീര വ്യക്തമാക്കി.സെക്വീര ബിജെപിയിൽ ചേർന്നതിന് പിന്നാലെ കലംഗുട്ടയിൽ പാർട്ടിയെ വീണ്ടും ശക്തിപ്പെടുത്തിയതായി ഗോവ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ആർപിഎൻ സിംഗ് (രതൻജിത് പ്രതാപ് നരേൺ സിംഗ്) കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ആർപിഎൻ സിംഗിന്റെ ബിജെപി പ്രവേശനം. കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ യുപിയിലെ താരപ്രചാരക പട്ടികയിൽ ആർപിഎൻ സിംഗും ഉൾപ്പെട്ടിരുന്നു.