ക്രമസമാധാനം തകർന്ന് തിരുവനന്തപുര൦; പോലീസിൽ പരാതിപ്പെട്ടതിന് ഗുണ്ടകൾ വീട് കയറി ആക്രമിച്ചു, പൊലീസുകാരിയ്ക്കും സഹോദരനും പരിക്ക്

തലസ്ഥാനനഗരിയിൽ വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിൻകര ധനുവച്ചപുരത്ത് ഗുണ്ടാസംഘം കുടുംബത്തെ വീടുകയറി ആക്രമിച്ചു. ഗുണ്ടകളുടെ ആക്രമണത്തിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിൻെറ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മർദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന പാറാശാല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ ബിജുവിന്‍റെ സഹോദരി ഷീജിക്കും മ‍ർദ്ദനമേറ്റു.

കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപം വീടുകയറി ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. ഈ വിവരം പൊലീസിനോട് പറഞ്ഞുവെന്നാരോപിച്ചാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. ഇന്നലെ നടന്ന ആക്രമണത്തിലെ പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തതിട്ടില്ല. ഇതേ കേസിലെ പ്രതികളാണ് ഇന്നത്തെ ആക്രണത്തിനും പിന്നിലെന്നാണ് സംശയം.